ഹോം നഴ്സ്, നഴ്സ് ജോലികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുവൈറ്റിൽ മലയാളി യുവതികളെ സെക്സ് റാക്കറ്റിന് വിൽക്കുന്നതായി പരാതി

ഹോം നഴ്സ്, നഴ്സ് ജോലികൾ വാഗ്ദാനം ചെയ്ത് കുവൈറ്റിൽ മലയാളി യുവതികളെ സെക്സ് റാക്കറ്റിന് വിൽക്കുന്നതായി പരാതി. ഫേസ് ബുക്കിൽ പരസ്യം നൽകിയാണ് കോഴിക്കോട്, തൃശൂർ, എറണാകുളം സ്വദേശികളായ മൂവർ സംഘം തട്ടിപ്പ് നടത്തുന്നത്. ലൈംഗിക വൃത്തിയ്ക്ക് വിസമ്മതിച്ച മലയാളി യുവതിയുടെ കൈ തിളച്ച വെള്ളത്തിൽ മുക്കിയെന്നും കാസറഗോഡ് സ്വദേശിനി ട്വന്റിഫോറിനോട് പറഞ്ഞു.
മാർച്ച് നാലിന് ആണ് കാസറഗോഡ് സ്വദേശിനി കുവൈറ്റിൽ എത്തിയത്. ഹോം നഴ്സ്, നഴ്സിങ് തസ്തികയിലേക്ക് യുവതികളെ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് തട്ടിപ്പ് സംഘത്തെ ബന്ധപ്പെടുന്നത്. എറണാകുളം സ്വദേശിയായ ഷാഹുൽ ആണ് റിക്രൂട്ട്മെന്റ് നടത്തിയതെന്നും, കുവൈറ്റിൽ എത്തിയ ശേഷമുള്ള അനുഭവം വിവരിക്കാൻ കഴിയില്ലെന്നും കാസറഗോഡ് സ്വദേശിനി പറഞ്ഞു.
മലപ്പുറം സ്വദേശിനി തട്ടിപ്പ് സംഘത്തിന് സഹായവുമായി കുവൈത്തിലുണ്ടെന്നും യുവതി പറയുന്നു. തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ട യുവതികളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവതി കാസറഗോഡ് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി. സംഭവത്തിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
Story Highlights : Complaints that Malayali women are being sold to sex racket in Kuwait by offering jobs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here