‘സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് ദല്ലാൾ നന്ദകുമാർ, പരിചയപ്പെടുത്തിയത് പി ജെ കുര്യൻ’; അനിൽ ആന്റണി

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം തളളി അനിൽ ആന്റണി. എല്ലാം പരാജയപ്പെട്ടപ്പോൾ ഒടുവിൽ ക്രിമിനൽ ആയ നന്ദകുമാറിനെ ഇറക്കി എന്നായിരുന്നു പ്രതികരണം. സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും 12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ടെന്നും അനിൽ ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.
2013 ന് ശേഷം നന്ദകുമാറിനെ കണ്ടിട്ടില്ല. പി.ജെ കുര്യൻ കള്ളം പറയുകയാണെന്നും അനിൽ പറഞ്ഞു.
നന്ദകുമാറിനെ പരിചയപ്പെടുത്തിയത് ഇപ്പോൾ തനിക്കെതിരായ ആരോപണം ശരിവെച്ചെത്തിയ കോൺഗ്രസ് നേതാവ് പിജെ കുര്യനാണ്. കുര്യന്റെ ആളാണ് എന്ന് പറഞ്ഞാണ് അന്ന് നന്ദകുമാർ വന്നത്. നടക്കാത്ത കാര്യങ്ങളാണ് എന്നോട് പറഞ്ഞത്. കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാർ ഇടപെട്ടായിരുന്നു. രാഷ്ട്രീയ കുതികാലു വെട്ടുന്ന പിജെ കുര്യൻ മുമ്പ് കരുണാകരനെയും ആന്റണിയെയും ചതിച്ചുവെന്നും അനിൽ ആന്റണി ആരോപിച്ചു.
പിജെ കുര്യന്റെ ശിഷ്യൻ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകൾ കൊള്ളയടിച്ചു. ഇ. ഡി. യിൽ വരെ പരാതിയെത്തിയിട്ടുണ്ട്. ഇപ്പോൾ ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി.ജെ. കുര്യൻ ചേർന്നാണ് നന്ദകുമാറിനെ ഇറക്കിയതെന്നും അനിൽ ആന്റണി പറഞ്ഞു.
Story Highlights : Anil Antony allegations against dallal nandhakumar and P. J. Kurien
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here