‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു.
അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ മറ്റ് നേതാക്കൾ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ രംഗത്ത് ഇന്ത്യ ഒട്ടേറെ വളർന്നു. എന്നാൽ കോൺഗ്രസിന്റെ നേതാവിന്റെ ലോഞ്ചിങ് ഇതുവരെ ഉണ്ടായില്ല. ഒരു രാഹുൽയാൻ ഉണ്ടാവില്ല, ഒരിടത്തും രാഹുൽ ജയിക്കില്ല. കോൺഗ്രസും ഇടതുപക്ഷവും കേരളത്തിൽ മത്സരിക്കുന്നതായി അഭിനയിക്കുന്നു. അവർ രണ്ടുപേരും രാഹുലിനെ പിന്തുണയ്ക്കുന്നുവെന്നും ഇവർ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖമാണെന്നും അദ്ദേഹം പരിഹസിച്ചു. മോദിയുടെ പ്രവർത്തന ഫലമായി ലോക രാജ്യങ്ങളിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഭാരതത്തെ മാറി. 2047 ആകുമ്പോൾ ഭാരതം ഒന്നാം സ്ഥാനത്താകും. കോൺഗ്രസും ഇടത് പാർട്ടികളും സാധരണക്കാർക്കായി ഒന്നും ചെയ്യുന്നില്ല. ഒറ്റ തവണ അവരെ കേരളത്തിൽ നിന്നും പുറത്താക്കിയാൽ പിന്നീടൊരിക്കലും അവർ തിരിച്ചു വരില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
Story Highlights : Rajnath Singh praised AK Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here