വിമാന സർവീസുകൾ അവതാളത്തിലാക്കി UAEലെ കനത്തമഴ; അടിയന്തര സ്വഭാവമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് നിർദേശം നൽകി ഇന്ത്യൻ എംബസി

വിമാന സർവീസുകൾ അവതാളത്തിലാക്കി യുഎഇയിലെ കനത്തമഴ. ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പ്രവർത്തനം ഉടൻ സാധാരണനിലയിലേക്ക് തിരികെയെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. എയർപോർട്ടിന്റ പ്രവർത്തനം സാധാരണ നിലയിൽ ആകുന്നത് വരെ അടിയന്തര സ്വഭാവമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് യുഎഇയിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി നിർദേശം നൽകി. വെളളപ്പൊക്കത്തിൽ ദുരിതത്തിലായ ഇന്ത്യക്കാർക്ക് ബന്ധപ്പെടാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും എമ്പാസിയും ഹെല്പ് ലൈൻ നമ്പറുകളും ആരംഭിച്ചു.
യുഎഇയിൽ പെയ്ത കനത്തമഴ മൂന്ന് ദിവസമായി ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ താറുമാറാക്കിയിരിക്കുകയാണ്. പ്രവർത്തനം ഭാഗികമായി മാത്രമാണ് ഇപ്പോഴും പുനരാരംഭിച്ചിട്ടുളളത്. കൺഫേംഡ് യാത്രക്കാർ മാത്രം വിമാനത്താവളത്തിലെത്താൻ ഇന്നും അധികൃതർ നിർദ്ദേശം നൽകി. ദുബായ് വഴിയുള്ള കണക്ഷൻ വിമാനങ്ങളുടെ ചെക് – ഇൻ എമിറേറ്റ്സ് എയർലൈൻസ് ഇന്ന് അർധരാത്രി വരെ താത്കാലികമായി നിർത്തി വെച്ചിട്ടുണ്ട്.
ദുബായിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഈമാസം 21 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്‌ത ഉപഭോക്താക്കൾക്ക് റീ ഷെഡ്യൂൾ ചെയ്യുന്നതിൽ ഒറ്റത്തവണ ഇളവും റദ്ദാക്കുന്നതിന് മുഴുവൻ പണവും തിരിച്ചു നൽകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്നും ദുബായിലേക്കുളള വിമാനങ്ങളുടെ സർവീസ് ഇന്നും തടസ്സപ്പെട്ടു. കൊച്ചിയിൽ നിന്ന് ദുബായ് വഴി യുകെയിലേക്കുള്ള യാത്ര തടസ്സപ്പെട്ടവർ ടിക്കറ്റ് തുക ആവശ്യപ്പട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.
Read Also: ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
കോഴിക്കോട് നിന്ന് ദുബായിലേക്കുപുറപ്പെട്ട എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ തന്നെ തിരിച്ചിറക്കി. യാത്രക്കാർക്ക് റീഫണ്ട് നൽകാൻ തയ്യാറാണെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു. അതേസമയം മഴക്കെടുതിയിൽ യുഎഇയിൽ മരണം നാലായി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികളുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. കനത്തമഴയെതുടർന്നുളള വെളളക്കെട്ട് നീക്കി ജനജീവിതം സാധാരണ നിലയിലാക്കാൻ ശ്രമങ്ങളും ഊർജ്ജികമായി നടക്കുകയാണ്.
Story Highlights : Heavy rain in UAE disrupts flight services
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here