Advertisement

‘കേരളത്തെ ശ്വാസംമുട്ടിച്ചപ്പോൾ നിങ്ങൾ കേരളത്തിനൊപ്പം നിന്നോ?’; രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ

April 19, 2024
2 minutes Read
pinarayi vijayan rahul gandhi

ജനാധിപത്യ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ കഴിയുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെയാണ് വ്യാപകമായി വലവീശിപ്പിടിക്കുന്നത്. തെളിവിൻ്റെ അടിസ്ഥാനത്തിലല്ല, അജണ്ടയാണത് എന്നും അദ്ദേഹം പറഞ്ഞു. (pinarayi vijayan rahul gandhi)

കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികൾക്കെതിരെ അന്വേഷണം നടക്കുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം കോൺഗ്രസ് നിൽക്കുന്നു. തോമസ് ഐസക്കിനെതിരെ കേരളത്തിലെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത് ആരെ സഹായിക്കാനാണ്? ഇഡി മസാല ബോണ്ടും പിടിച്ചാണല്ലോ പുറപ്പെട്ടത്. മസാല ബോണ്ട് സ്വീകരിക്കാൻ കഴിഞ്ഞത് കേരളത്തിന് യശസ്സാണ്. മുഴുവനും കേരളം തിരിച്ചടച്ചു. ഏതടിസ്ഥാനത്തിലാണ് വീഴ്ച എന്ന് ഇഡി കണ്ടെത്തുന്നത്? കൃത്യമായ രാഷ്ട്രീയ പകപോക്കലിൻ്റെ രീതി സ്വീകരിക്കുകയാണ്. മൊഴിയെടുക്കാനെന്ന് പറഞ്ഞ് ഇഡി എത്ര മണിക്കൂറാണ് നിർത്തുന്നത്? സമൂഹത്തിലെ പ്രധാപ്പെട്ട വ്യക്തിയെ വിളിച്ചു വരുത്തി അപമാനിക്കലല്ലേ ഇത്? ഇങ്ങനെയാണോ അന്വേഷണ ഏജൻസി പെരുമാറേണ്ടത്? നിയമവിരുദ്ധമായ പ്രവൃത്തികൾ അന്വേഷണ ഏജൻസികൾ ചെയ്യാൻ പാടുണ്ടോ? ചിലരെ രാത്രി വൈകുവോളം ഇരുത്തുകയാണ്. ചില കേസുകളിൽ രാത്രി മുഴുവൻ ഇരുത്തി എന്നാണ് കേൾക്കുന്നത്. നമ്മുടെ രാജ്യം ഇത്തരം കാര്യം അംഗീകരിക്കില്ല.

Read Also: ‘വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകൾ മായ്ക്കൂ’: രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി നിങ്ങൾക്ക് നേരത്ത ഇട്ട പഴയ പേര് മാറിയിട്ടില്ലട്ടോ എന്ന് അദ്ദേഹം രാഹുൽ ഗാന്ധിയോട് ചോദിച്ചു. നിങ്ങളുടെ മുത്തശ്ശിയാണ് ഞങ്ങളെ ജയിലിലിട്ടത്. ചോദ്യം ചെയ്യൽ നേരിടാത്തവരല്ല ഞങ്ങൾ. അന്വേഷണം എന്ന് കേട്ടപ്പോൾ ഞങ്ങൾ ആരും ബോധം കെട്ടിട്ടില്ല. ജയിൽ, അന്വേഷണം എന്നൊക്കെ പറഞ്ഞ് ഞങ്ങളെ വിരട്ടാൻ നോക്കണ്ട. യാത്രയ്ക്ക് ശേഷം നിങ്ങൾക്ക് മാറ്റം വന്നു എന്നാണ് കരുതിയത്. എന്നാൽ മാറിയിട്ടില്ല. നിങ്ങളെ വിമർശിക്കുന്നു എന്നാണല്ലോ പരാതി. ഞാൻ സംസാരത്തിൽ മുഴുവൻ മോദിയെ പറ്റിയാണ് പറഞ്ഞത്. പൗരത്വ ഭേദഗതിയിലാണ് നിങ്ങളോടുള്ള വിമർശനം. നിങ്ങൾ യാത്ര നടത്തുന്നു, എല്ലാ വിഷയവും സംസാരിക്കുന്നു, പൗരത്വ ഭേദഗതി ഒഴിവാക്കുന്നു. എന്തേ ഇത് ഒഴിവാക്കുന്നു? ഇതാണ് ഞാൻ രാഹുൽ ഗാന്ധിയെ പറ്റി പറഞ്ഞത്. ഇതാണ് നിങ്ങളോട് ചോദിച്ചത്. ഇതാണ് നിങ്ങൾക്കെതിരെ ഉയർത്തിയ വിമർശനം. വയനാട്ടിൽ നാമനിർദേശ പത്രിക നൽകാനെത്തിയപ്പോഴെങ്കിലും പറയുമെന്ന് കരുതി.

നിങ്ങൾക്ക് സംഘപരിവാർ അജണ്ട. നിങ്ങൾക്ക് എങ്ങനെ ആ ബാധ്യത വരുന്നു? നിങ്ങൾ പറയണം രാഹുൽ ഗാന്ധി. എതിർക്കേണ്ട കാര്യങ്ങൾ എതിർക്കണം. നരേന്ദ്ര മോദിയ്ക്കെതിരെ നിങ്ങൾ സ്വീകരിച്ച നിലപാടെന്താണ്? എവിടെ പോയി നിങ്ങൾ അടക്കമുള്ള 18 അംഗ സംഘം? യുഎപിഎ കൂടുതൽ കരിനിയമമാക്കാൻ ബിജെപി വന്നു. രാഹുൽ ഗാന്ധി നിങ്ങൾ അടക്കമുള്ളവർ ബിജെപിയ്ക്ക് ഒപ്പം നിന്നു. കേരളത്തെ ശ്വാസംമുട്ടിച്ചപ്പോൾ നിങ്ങൾ കേരളത്തിനൊപ്പം നിന്നോ? ഏതെങ്കിലും ഘട്ടത്തിൽ നിങ്ങൾ കേരളത്തിനൊപ്പം നിന്നോ ? 18 അംഗ സംഘത്തിന് എന്താണ് വിരോധം? കേരള വിരുദ്ധ സമീപനം അല്ലേ നിങ്ങൾ സ്വീകരിച്ചത്? അതിശക്തമായ എൽഡിഎഫ് അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ചോദ്യം ചെയ്യൽ ഒന്നും നേരിടാത്തവരല്ല. നിങ്ങളുടെ അനുയായി ആണ് സിബിഐയ്ക്ക് കേസ് കൊടുത്തത്. വിജിലൻസ് അന്വേഷിച്ച് തള്ളിയ കേസ് രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായാണ് സി.ബിഐയ്ക്ക് വിട്ടത്. സിബിഐ വിശദമായി ചോദ്യം ചെയ്തു. വിജിലൻസ് എത്തിയിടത്തു തന്നെയാണ് അവരും എത്തിയത്. അന്ന് നിങ്ങളുടെ പാർട്ടിയാണ് അധികാരത്തിലുള്ളത്. അന്ന് അധികാരത്തിലുള്ള ആരോടെങ്കിലും ചർച്ച ചെയ്തു നോക്കൂ എങ്ങനെയാണ് ആ കേസ് രജിസ്റ്റർ ചെയ്തതെന്ന്. അതിൻ്റെ മേലെ ഉണ്ടാക്കിയ നിയമോപദേശം എന്താണെന്ന് നോക്കൂ. അപ്പോൾ അറിയാം. രാഹുൽ ഗാന്ധിയ്ക്ക് വല്ലാത്ത പ്രയാസമാണ്. അദ്ദേഹം ചോദിക്കുന്നത് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് എന്നാണ്. രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്കൊരു പേരുണ്ട്. അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്.

Story Highlights: pinarayi vijayan against rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top