തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

തൃശൂര്‍ മാപ്രാണത്ത് ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി. മാപ്രാണം ബസ് സ്റ്റോപ്പിന് സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലാണ് സംഭവം. ബാങ്കിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. (employees were found unconscious inside the bank in Thrissur)
ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ബാങ്കിലെ ലോക്കര്‍ മുറിയിലെ ജീവനക്കാരായ മൂന്ന് സ്ത്രീകളാണ് ബോധരഹിതരായി കിടക്കുന്നത് സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ആറ് മണിയായിട്ടും ഇവര്‍ പുറത്തേക്ക് വരാത്തതിനാല്‍ ലോക്കര്‍ മുറിയിലേക്ക് ചെന്നുനോക്കിയപ്പോഴാണ് ഇവര്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്. പിന്നീട് മൂന്നുപേരെയും ഇരിഞ്ഞാലക്കുടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ബാങ്കില്‍ ഏറെ നേരം വൈദ്യുതി ഉണ്ടായിരുന്നില്ല. ജനറേറ്ററിലാണ് മൂന്ന് മണിക്കൂറോളം ബാങ്ക് പ്രവര്‍ത്തിച്ചത്. ഈ സമയത്ത് ജനറേറ്റര്‍ മുറിയുടെ ജനല്‍ ഉള്‍പ്പെടെ അടച്ചിട്ടിരിക്കുകയായിരുന്നു. ജനറേറ്ററില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടതാകാം ജീവനക്കാര്‍ ബോധരഹിതരാകാന്‍ കാരണമെന്നാണ് പൊലീസ് പ്രാഥമികമായി സംശയിക്കുന്നത്. അട്ടിമറിയുണ്ടായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Highlights : employees were found unconscious inside the bank in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here