ഡ്രൈവർ ദേഷ്യപ്പെട്ട് ഇറക്കിവിട്ടു, നടുറോഡിൽ അപമാനിതനായി; യാത്രക്കാരന് ഒല കമ്പനി 1 ലക്ഷം രൂപ നൽകണം

യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും യാത്ര പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഹൈദരാബാദിൽ ഒല കമ്പനിക്ക് കനത്ത തിരിച്ചടി. യാത്രക്കാരന്റെ പരാതിയിൽ വാദം കേട്ട ഉപഭോക്തൃ തർക്ക പരിഹാര ഫോറം യാത്രക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു.
നാല് മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്ത ഒല കാബ് സർവീസ് പ്രകാരം രാവിലെ പത്ത് മണിയോടെയാണ് സംഭവ ദിവസം രാവിലെ പരാതിക്കാരനായ ജബെസ് സാമുവലും ഭാര്യയും സഹായിയും കാറിൽ കയറിയത്. 4-5 കിലോമീറ്റർ പോയ ശേഷം കാറിൽ എസി ഇടാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായത്. പിന്നീട് ഇയാൾ യാത്രക്കാരെ കാറിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഹൈദരാബാദ് നഗരത്തിൽ പലയിടത്തായി പോകാനുള്ളതിനാലായിരുന്നു നാല് മണിക്കൂർ നേരത്തേക്ക് കാർ ബുക്ക് ചെയ്തതെന്നും എന്നാൽ തനിക്കുണ്ടായത് ദുരനുഭവമായിരുന്നെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.
Read Also: 14 കാരിയായ അതിജീവിതക്ക് 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ സുപ്രിംകോടതി അനുമതി
കാർ വൃത്തിഹീനമായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. വാഹനത്തിനകത്ത് ദുർഗന്ധം ഉണ്ടായിരുന്നു, എസി ഇടാൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ വിസമ്മതിച്ചു തുടങ്ങിയ വിഷയങ്ങൾ പരാതിയിൽ ഉന്നയിച്ചിരുന്നു. ഇമെയിൽ വഴി പരാതിക്കാരൻ വിഷയം ഒല കമമ്പനിയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. മാത്രമല്ല, ഡ്രൈവർ ഇറക്കിവിട്ട ട്രിപ്പിന്റെ പണം നൽകാൻ ആവശ്യപ്പെട്ട് ഒല കമ്പനിയിൽ നിന്ന് നിരന്തരം ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. ശല്യം സഹിക്കവയ്യാതെ ജബെസ് സാമുവൽ ഒല കമ്പനിക്ക് പണം നൽകുകയും ചെയ്തുവെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ തങ്ങൾ മൊബൈൽ ആപ്പ് മാത്രമാണെന്നും പരാതിക്കാരന് നേരിട്ട ദുരനുഭവത്തിന് കാരണം ഡ്രൈവറാണെന്നും ഇതിൽ കമ്പനിക്ക് ഉത്തരവാദിത്തം ഇല്ലെന്നുമായിരുന്നു ഒലയുടെ വാദം. എന്നാൽ ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 3, കമ്പനിയുടെ വാദങ്ങൾ തള്ളുകയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയുമായിരുന്നു. ഒപ്പം കോടതി നടപടികളുടെ ചെലവായി അയ്യായിരം രൂപ ഉപഭോക്താവിന് നൽകണമെന്നും വിധിയിൽ വ്യക്തമാക്കി.
Story Highlights : Ola told to pay Rs 1 lakh relief over rude driver, incomplete trip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here