‘ആരുടെയും പണം വാങ്ങിയിട്ടില്ല, ടി ജി നന്ദകുമാറിന് പിന്നിൽ കോൺഗ്രസ്’; രോഷാകുലനായി അനിൽ ആന്റണി

ടി.ജി നന്ദകുമാറിന്റെ ആരോപണങ്ങൾ നിഷേധിച്ച് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആൻറണി. നന്ദകുമാറിന് പിന്നിൽ കോൺഗ്രസാണെന്ന് അനില്‍ ആൻറണി ചആരോപിച്ചു. ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും നന്ദകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും അനില്‍ ആൻറണി പറഞ്ഞു. കോൺഗ്രസ് സംസ്ഥാന ദേശീയ നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. നന്ദകുമാർ 2016 ൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പിനു ശേഷം ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും അനില്‍ ആൻറണി പ്രതികരിച്ചു. തൻ്റെ പ്രചാരണം അട്ടിമറിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. പത്തനംതിട്ടയിൽ മാധ്യമങ്ങൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു.ബിലീവേഴ്സ് ചർച്ച് തനിക്ക് പിന്തുണ പ്രഖ്യാപിച്ചത് വാർത്തയായില്ല.തനിക്ക് അനുകൂലമായുള്ള വാർത്തകൾ ഒതുക്കുന്നുവെന്നും അനില്‍ ആൻറണി കൂട്ടിച്ചേർത്തു.
അനിൽ ആൻ്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകളുമായി ടിജി നന്ദകുമാർ രംഗത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. കാൾ ലെറ്ററിന്റ പകർപ്പും അനിൽ ആന്റണിക്ക് എതിരെ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത എഫ്ഐആറും തന്നെ ബന്ധപ്പെട്ട മൊബൈൽ നമ്പറുകളുമാണ് ടിജി നന്ദകുമാർ പുറത്തുവിട്ടത്. ഇതിനൊപ്പം പണം വാങ്ങാൻ വന്നപ്പോൾ ഉപയോഗിച്ച കാർ നമ്പറും ടിജി നന്ദകുമാർ പുറത്തുവിട്ടു.
എൻഡിഎ വന്നാലും ഇന്ത്യ സഖ്യം വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണ വിധേയമാകും എന്ന് നന്ദകുമാർ പറഞ്ഞു. ഫോട്ടോ താൻ എടുത്തതല്ല. യാദൃശ്ചികമായി ഡ്രൈവർ എടുത്തതാണ്. തൻ്റെ കയ്യിൽ നിന്ന് പണം വാങ്ങിയ ബിജെപി യുടെ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനാണ്. എഗ്രിമെന്റ് ഇല്ലാതെയാണ് പണം നൽകിയത്. ശോഭ സുരേന്ദ്രൻ നേരിട്ട് തന്നെ വിളിച്ചു.
ഇത് സ്ഥാനാർഥികൾക്കെതിരായ പ്രചരണം അല്ല. താൻ ഒരു പാർട്ടിയുടെയും ആളല്ല. താൻ കുഴപ്പക്കാരൻ എന്ന് പറയുന്ന സമൂഹത്തിലെ ഇത്തരം ആളുകളാണ് കുഴപ്പക്കാർ. കെ സുരേന്ദ്രനും അനിൽ ആന്റണിക്കും വക്കീൽ നോട്ടീസ് അയച്ചു. അനിൽ ആന്റണി വക്കീൽ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. താൻ കാട്ടു കള്ളനാണ് എന്നും വിഗ്രഹ മോഷ്ടാവാണ് എന്നുമുള്ള ആരോപണത്തിലാണ് നോട്ടീസ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ താൻ വീണ്ടും വരും. തന്റെ പേരിൽ കേസോ അറസ്റ്റോ വന്നാലും ഭയമില്ല. തനിക്കെതിരെ മാനഷ്ടക്കേസ് നൽകിയാൽ പിജെ കുര്യൻ സാക്ഷിയാകും. കേരളത്തിലേക്ക് ബിജെപി സ്ഥാനാർഥികൾക്കയച്ച പണം കിട്ടിയില്ല. കേരളത്തിലേക്ക് പണം കൊണ്ടുവരാൻ ഏൽപ്പിച്ച ഹവാലാക്കാരൻ ഇന്ത്യ വിട്ടുപോയി. 100 കോടി രൂപയാണ് കേരളത്തിലേക്ക് അയച്ചിരുന്നത്. മറ്റു പലരെയും അനിൽ ആന്റണി പണം വാങ്ങി പറ്റിച്ചിട്ടുണ്ട്. പ്രതിരോധ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് നൽകിയാണ് പറ്റിച്ചത്. അനിൽ ആന്റണിയുമായി ഒരു ഒത്തു തീർപ്പിനും തയ്യാറല്ല. അനിൽ കളങ്കിതനാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട് എന്നും ടിജി നന്ദകുമാർ പറഞ്ഞു.
Story Highlights : Anil Antony denied TG Nandakumar’s allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here