‘കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്ലിം വിഭാഗത്തെ OBCയിലേക്ക് മാറ്റി’; വിവാദ പരാമർശം ആവർത്തിച്ച് മോദി

കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്ലിം വിഭാഗത്തെ ഒബിസിയിലേക്ക് മാറ്റിയെന്ന് വിവാദ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടക മോഡൽ രാജ്യത്താകെ നടപ്പാക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി. വോട്ട് ബാങ്ക് മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് നരേന്ദ്രമോദിയുടെ വിമർശനം.
മധ്യപ്രദേശിലെ സാഗർ ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. “നമ്മുടെ ഭരണഘടന വ്യക്തമായി മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം നിരോധിക്കുന്നു. ബാബാസാഹെബ് അംബേദ്കർ തന്നെ ഇതിന് എതിരായിരുന്നു, എന്നാൽ കോൺഗ്രസ് വർഷങ്ങൾക്ക് മുമ്പ് അപകടകരമായ പ്രമേയം എടുത്തിരുന്നു, ഇത് പൂർത്തിയാക്കാൻ അവർ തുടർച്ചയായി ജനങ്ങളെ കബളിപ്പിക്കുന്നു” മോദി കൂട്ടിച്ചേർത്തു.
ഒബിസി വിഭാഗക്കാരുടെ ഏറ്റവും വലിയ ശത്രു കോൺഗ്രസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗക്കാർക്കും അനുവദിച്ച ക്വാട്ട സംരക്ഷിക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400-ലധികം സീറ്റുകൾ നേടേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.കർണാടക സർക്കാരിൻ്റെ തീരുമാനത്തെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ (എൻസിബിസി) വിമർശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകളിൽ വിമർശനങ്ങൾ തുടരുന്നതിനിടെയാണ് വിവാദ പരാമർശം മോദി ആവർത്തിക്കുന്നത്. മുസ്ലിങ്ങൾക്കിടയിൽ സമ്പത്ത് പുനർവിതരണം ചെയ്യാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയിട്ടും പ്രധാനമന്ത്രി തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ്.
Story Highlights : PM Narendra Modi repeated the controversial remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here