ടൂറിസം മന്ത്രിയോടൊരു അഭ്യർത്ഥന; നെല്ലിമൂട്ടിൽ അമ്മച്ചിയുടെ പേരിൽ ആതിഥ്യമര്യാദയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിക്കണം

പത്തനംതിട്ട അടൂരിലെ പ്രസിദ്ധമായ കുടുംബമായ നെല്ലിമൂട്ടിൽ തറവാട്ടിൽ തലമുറകൾ ഒത്തുചേർന്നു. ബാല മാർത്താണ്ഡവർമ്മയ്ക്ക് അഭയം ഒരുക്കിയതിലൂടെ ചരിത്രത്തിൽ ഇടംപിടിച്ച തറവാടാണ് നെല്ലിമൂട്ടിൽ. ഇത്തവണത്തെ നെല്ലിമൂട്ടിൽ വാർഷിക കുടുംബയോഗത്തിന് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ മുഖ്യാതിഥിയായി. മാർത്താണ്ഡവർമ്മയ്ക്ക് അഭയം ഒരുക്കിയതിലൂടെ തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച നെല്ലിമൂട്ടിൽ അമ്മച്ചിയുടെ പേരിൽ ആതിഥ്യമര്യാദയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിക്കണമെന്ന് ആർ ശ്രീകണ്ഠൻ നായർ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു. വൈദികരുൾപ്പെടെ ഒട്ടേറെ പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.
എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് അലഞ്ഞുതിരിഞ്ഞ പതിനാലുകാരനായ മാർത്താണ്ഡവർമ്മയ്ക്ക് നെല്ലിമൂട്ടിൽ ഉണ്ണുണ്ണി അമ്മ ആതിഥ്യമരുളി എന്നാണ് ചരിത്രം. പാരമ്പര്യ പെരുമയിൽ തലമുറകൾ ഒന്നിച്ച കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്.
നെല്ലിമൂട്ടിൽ വീട് എങ്ങനെ ചരിത്രത്തിലിടം നേടി?
ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ എ.ഡി. 1720നടുത്ത് അടൂരിലെ ഒരു സുറിയാനി ക്രിസ്ത്യൻ പൂർവ്വിക ഭവനമായ നെല്ലിമൂട്ടിൽ തറവാട്ടിൽ അഭയം പ്രാപിച്ചിരുന്നുവെന്നാണ് ഐതിഹ്യം. 1729ലെ കിരീടധാരണത്തിന് മുമ്പ് കൗമാരക്കാരനായ മാർത്താണ്ഡവർമ്മൻ രാജാവ് തൻ്റെ വിശ്വസ്ത സഹയാത്രികരായ ഒരു ബ്രാഹ്മണനും കൊച്ചിരവി പിള്ളയ്‌ക്കുമൊപ്പം തൻ്റെ സ്വന്തം പിതൃസഹോദരൻമാരായ തമ്പിമാരുടെയും എട്ടുവീട്ടിൽ പിള്ളമാരുടെയും അപായപ്പെടുത്തലിൽ നിന്ന് രക്ഷനേടാൻ വേഷംമാറി നടക്കുകയായിരുന്നു.
നിബിഡ വനങ്ങളിലും പാറക്കെട്ടുകളുടെ ഗുഹകളിലും പദ്മനാഭപുരം കൊട്ടാരത്തിലെ ഇരുണ്ട ഭൂഗർഭ നിലവറകളിലും ഒളിച്ചായിരുന്നു ബാല മാർത്താണ്ഡവർമയുടെ വാസം. അടൂരിൽ നിന്ന് ഏതാണ്ട് 30 കിലോമീറ്റർ അകലെയുള്ള മാവേലിക്കരയിൽ താനും കൂട്ടാളികളും സുരക്ഷിതമായ അഭയകേന്ദ്രമായി കരുതിയിരുന്ന വഴിയിലൂടെയാണ് അദ്ദേഹം ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ അടൂരിൽ എത്തിയത്. അന്ന് അദ്ദേഹത്തിന് 14 വയസ് മാത്രം. അടൂരിലെത്തിയപ്പോൾ രാജാവ് ക്ഷീണിതനായിരുന്നു. മാവേലിക്കരയിലേക്കുള്ള അടുത്ത യാത്രയ്ക്കായി നല്ല ഭക്ഷണമെല്ലാം കഴിച്ച് ആരോഗ്യം വീണ്ടെടുക്കണം. നായർ പ്രഭുക്കന്മാരിൽ ഒരു വിഭാഗം തിരുവിതാംകൂർ സിംഹാസനത്തിൻ്റെ അവകാശിക്ക് എതിരെ തിരിഞ്ഞതിനാൽ മാർത്താണ്ഡവർമ്മയും കൂട്ടാളികളും തങ്ങൾക്ക് കേട്ടറിഞ്ഞ് മാത്രം പരിചയമുണ്ടായിരുന്ന അടൂരിലെ സുറിയാനി ക്രിസ്ത്യാനികളുടെ വീട്ടിൽ അഭയം തേടാൻ തീരുമാനിച്ചു. ഈ വേളയിലാണ് രാജാവും കൂട്ടരും നെല്ലിമൂട്ടിൽ കുടുംബത്തിലേക്കെത്തിയത്. അവിടെ ബാല മാർത്താണ്ഡവർമയ്ക്കും കൂട്ടർക്കും ഊഞ്ഞൂഞ്ഞിയമ്മ അമ്മച്ചി (നെല്ലിമൂട്ടിലെ അമ്മ) സ്നേഹപൂർവമായ പരിചരണവും ആതിഥ്യവും നൽകി. പാലും പഴവർഗങ്ങളും അടക്കം അതിഥികൾക്ക് അവർ നൽകി. തനിക്ക് ജീവൻ തിരിച്ചുതന്ന അമ്മയാണ് നെല്ലിമൂട്ടിലമ്മച്ചിയെന്ന് മാർത്താണ്ഡവർമ പിന്നീട് പറഞ്ഞിട്ടുണ്ടെന്നാണ് ചരിത്രം.
തിരുവിതാംകൂറിലെ ഹൈന്ദവ വിശ്വാസിയായ രാജാവും നെല്ലിമൂട്ടിലെ സിറിയൻ ക്രിസ്ത്യൻ കുടുംബവും ഉൾപ്പെട്ട ഐതിഹ്യം കൂടിയാണ് കേരളത്തിലെ ബഹുസ്വരതയുടെയും മതസൗഹാർദ്ദത്തിൻ്റെയും അടയാളമാകുന്നത്.
Story Highlights : A request to tourism minister An award in the name of Nellimootil Ammachi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here