ഇന്ത്യൻ കമ്പനിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ടെസ്‌ല

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനി ടെസ്‌ല. ട്രേഡ്‌മാര്‍ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ചാണ് കേസ് നൽകിയിരിക്കുന്നത്. ടെസ്‌ല കമ്പനി ഇന്ത്യയിലേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ബിസിനസ് ലോകത്ത് ശക്തമായിരിക്കെയാണ് കമ്പനിയുടെ നീക്കം.
അമേരിക്കയിലെ ഡെലവര്‍ എന്ന സ്ഥലത്താണ് ടെസ്‌ല കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യൻ കമ്പനിയായ ടെസ്‌ല പവര്‍ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ട്രേഡ് നാമങ്ങളായ ടെസ്‌ല പവര്‍, ടെസ്‌ല പവര്‍ യുഎസ്‌എ എന്നിവ ഉപയോഗിച്ച് ബിസിനസ് നടത്തുന്നുവെന്നാണ് ആരോപണം. എന്നാൽ കേസിൽ മറുപടി നൽകിയ ടെസ്‌ല പവര്‍ ഇന്ത്യ ലിമിറ്റഡ്, തങ്ങൾക്ക് ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്തേക്ക് കടക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്നും ടെസ്‌ല പവര്‍ യുഎസ്എ എന്ന ട്രേഡ് നാമമോ ടെസ്‌ല എന്ന വാക്കോ മറ്റെന്തെങ്കിലും സമാനമായ ബ്രാൻഡോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ടെസ്‌ല പവര്‍ ഇന്ത്യ ലിമിറ്റഡ് കോടതിയിൽ വ്യക്തമാക്കി.
Read Also: മോദിയെ കാണാൻ തീരെ സമയമില്ല, ചൈനയിൽ പോകാനുണ്ട്; മസ്‌ക് ഇന്ത്യയെ ചതിച്ചതോ? വിമർശനം കടുക്കുന്നു
എന്നാൽ തങ്ങൾ 2022 ൽ തന്നെ ഇന്ത്യൻ കമ്പനി തങ്ങളുടെ ട്രേഡ് നാമം ഉപയോഗിക്കുന്നത് കണ്ടെത്തിയിരുന്നെന്നും അന്ന് മുതൽ ഇത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് മസ്കിന്റെ കമ്പനി കോടതിയിൽ വാദിച്ചത്. എന്നാൽ ഇന്ത്യൻ കമ്പനി പിന്മാറാൻ തയ്യാറാകാതെ വന്നതോടെയാണ് നിയമപോരാട്ടത്തിലേക്ക് കടന്നതെന്നും അമേരിക്കൻ ഭീമൻ വ്യക്തമാക്കി.
2022 ഏപ്രിൽ 18 ന് അമേരിക്കൻ കമ്പനി ഇന്ത്യൻ കമ്പനി ടെസ്‌ല പവറിന് പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ടെസ്‌ല പവര്‍ ട്രേഡ് നാമം ഉപയോഗിച്ച് പിന്നീടും ഉൽപ്പന്നങ്ങൾ ഉണ്ടാക്കി. എന്നാൽ തങ്ങളുടെ ഭാഗം ന്യായീകരിച്ച് ഇന്ത്യൻ കമ്പനി നിരവധി രേഖകൾ കോടതിയിൽ ഹാജരാക്കി. ഇതോടെ അമേരിക്കൻ കമ്പനിയുടെ വാദങ്ങൾക്കെതിരായി എഴുതി മറുപടി സമര്‍പ്പിക്കാൻ ഇന്ത്യൻ കമ്പനിക്ക് കോടതി മൂന്നാഴ്ച സമയം നൽകി. കേസിൽ മെയ് 22 ന് വീണ്ടും വാദം കേൾക്കും.
ഇലോൺ മസ്ക് ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ച് ചൈനയിലേക്ക് പോയതിന് പിന്നാലെയാണ് ഈ കേസ് ഉയര്‍ന്നുവരുന്നത്. ഏപ്രിൽ 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇലോൺ മസ്ക് ഇന്ത്യ സന്ദര്‍ശിക്കേണ്ടതായിരുന്നു. എന്നാൽ ഈ യാത്ര അപ്രതീക്ഷിതമായി മാറ്റിവച്ച് മസ്ക് ചൈനയിലേക്ക് പോവുകയായിരുന്നു. മസ്കിന്റെ കമ്പനി ഇന്ത്യയിൽ പ്രവര്‍ത്തിക്കാൻ എല്ലാ അനുമതി പത്രങ്ങളും നേടുന്നതിന് മുൻപ് തന്നെ ഇന്ത്യയിൽ തങ്ങൾ പ്രവര്‍ത്തനം തുടങ്ങിയെന്നാണ് ടെസ്ല പവര്‍ ഇന്ത്യ കമ്പനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Story Highlights : Elon Musk’s electric vehicle (EV) maker Tesla Inc filed a trademark infringement case against Gurugram based company.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here