നരേന്ദ്ര മോദി സംവരണത്തിനും ഭരണഘടനയ്ക്കും എതിരെ, രണ്ടും സംരക്ഷിക്കാൻ കോൺഗ്രസ് പോരാട്ടം: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി സംവരണത്തിന് എതിരാണെന്നും രാജ്യത്ത് സംവരണം ഇല്ലാതാക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നെന്നും രാഹുൽ ഗാന്ധി. തെലങ്കാനയിലെ ആദിലാബാദ് ലോക്സഭാ മണ്ഡലത്തിന് കീഴിലെ നിര്‍മൽ എന്ന സ്ഥലത്ത് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കാനും ബിജെപി-ആര്‍എസ്എസ് സംഘം അതിനെ ഇല്ലാതാക്കി ജനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയാനുമാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.
‘രാജ്യത്തെ സംവരണത്തെ എതിര്‍ക്കുന്നയാളാണ് നരേന്ദ്ര മോദി. നിങ്ങളിൽ നിന്ന് സംവരണം എടുത്തുകളയാൻ അദ്ദേഹം ആഗ്രഹിക്കുന്നു. രാജ്യത്തിന് മുന്നിലെ വലിയ പ്രശ്നം സംവരണം 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തുന്നതാണ്’- രാഹുൽ ഗാന്ധി പറഞ്ഞു.
Read Also: ജാര്‍ഖണ്ഡ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടില്‍ ഇഡി; പിടികൂടിയത് 20 കോടിയിലേറെ രൂപ
രാജ്യത്ത് സംവരണം 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തുമെന്നാണ് കോൺഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കൾക്ക് അത് ഇല്ലാതാക്കുകയാണ് വേണ്ടത്.
പ്രധാനമന്ത്രി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വത്കരിച്ചെന്ന് കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി, കരാര്‍ സംവിധാനത്തിലൂടെ രാജ്യത്തെ സംവരണത്തെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്നും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കരാര്‍ സംവിധാനം തങ്ങൾ ഇല്ലാതാക്കും. താത്കാലിക ജോലികൾ ഇല്ലാതാക്കി എല്ലാവര്‍ക്കും സ്ഥിരം ജോലി നൽകും. നരേന്ദ്ര മോദി ഇതുവരെ ഒരു പ്രസംഗത്തിലും സംവരണം 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തുമെന്ന് പറഞ്ഞിട്ടില്ല. അധികാരത്തിലെത്തിയാൽ ഭരണഘടനയെ ഇല്ലാതാക്കുമെന്ന് ബിജെപി നേതാക്കൾ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. ഭരണഘടന ഇല്ലാതായാൽ രാജ്യത്ത് സംവരണവും ഇല്ലാതാകും. രാജ്യത്തെ പിന്നാക്ക വിഭാഗക്കാരും ദളിതരും ആദിവാസികളും എന്നും പിന്നോക്കക്കാരായി തന്നെ ഇരിക്കണമെന്നാണ് അവരുടെ ആഗ്രഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
20-25 ആളുകളുടെ 16 ലക്ഷം കോടി രൂപ വായ്പയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിത്തള്ളിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 24 വര്‍ഷത്തേക്കുള്ള ഫണ്ടാണ് 16 ലക്ഷം കോടി രൂപ. അതാണ് 22 ആളുകൾക്ക് കൊടുത്തത്. ഈ അതിസമ്പന്നരായ 22 പേരുടെ കൈയ്യിലുള്ള പണം രാജ്യത്ത് 70 കോടിയാളുകളുടെ കൈയ്യിലുള്ള പണത്തിന് തുല്യമാണ്. കോൺഗ്രസ് ഇതിൽ മാറ്റം വരുത്തും. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കി. പൊതുമേഖലാ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കിയത് ഇങ്ങനെയാണ്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഈ ഗ്യാരന്റികൾ അവിടെയും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഗുജറാത്തിൽ ആകെ 35 മുസ്ലിം സ്ഥാനാർത്ഥികൾ; കോൺഗ്രസിൽ നിന്ന് ഒരാൾ പോലുമില്ല
രാജ്യത്തെ ദരിദ്രരായ ജനങ്ങളുടെ കണക്കെടുക്കുമെന്നും ഓരോ കുടുംബത്തിലെയും മുതിര്‍ന്ന സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിൽ വര്‍ഷം ഒരു ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ 90 ശതമാനം വരുന്ന ജനം പിന്നാക്ക വിഭാഗക്കാരും ആദിവാസികളും ന്യൂനപക്ഷവും ഉയര്‍ന്ന ജാതികളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്. അവരൊന്നും ഈ രാജ്യത്തെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഭാഗമല്ല. എന്നാൽ കോൺഗ്രസ് മുന്നോട്ട് വെക്കുന്ന ജാതി സെൻസസിലൂടെ ഇതെല്ലാം മാറും. അതിലൂടെ ഈ 90 ശതമാനത്തിന് അവരുടെ ശക്തി തിരിച്ചറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജാതി സെൻസസിസൂടെ തെലങ്കാനയിലും രാജ്യത്തും പുതിയ രാഷ്ട്രീയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ സംരക്ഷണവും സംവരണം ഉയര്‍ത്തേണ്ടതും അത്യാവശ്യമാണ്. രാജ്യം ഭരിക്കുന്ന അതിസമ്പന്നരുടെ താത്പര്യം മാത്രം സംരക്ഷിക്കുന്ന സര്‍ക്കാരിനെ ഭരണത്തിൽ നിന്ന് താഴെയിറക്കണം. എന്നിട്ട് ദരിദ്രരുടെയും കര്‍ഷകരുടെയും ദളിതരുടെയും പുതിയ സര്‍ക്കാരിന് അധികാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : PM Modi wants to take away reservation says Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here