Advertisement

പാകിസ്താനും ചൈനയ്ക്കും മറുപണി: ചബഹാർ തുറമുഖ കരാർ ഒപ്പിട്ടു, മധ്യേഷ്യയിൽ രാജ്യങ്ങളുടെ നേതാവാകാൻ ഇന്ത്യ

May 13, 2024
2 minutes Read
India contract Iran port

ഇറാനിലെ ചബഹാർ തുറമുഖം പത്ത് വർഷത്തേക്ക് നോക്കിനടത്തുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടു. ഇതോടെ അടുത്ത ദശാബ്ദം തുറമുഖത്തിൻറെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും. ഇന്ത്യയ്ക്കും മധ്യേഷ്യയ്ക്കും ഇടയിലെ ചരക്കുനീക്കത്തിന് പ്രധാന ഹബ്ബായി തുറമുഖം മാറുമെന്നാണ് കരുതുന്നത്. ഒപ്പം ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താനും ചൈനയും ഒപ്പിട്ട തുറമുഖ കരാറിനുള്ള മറുപടി കൂടിയായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് ചൂട് കത്തി നിൽക്കുന്ന കാലത്ത് ഇത്തരമൊരു കരാർ ഒപ്പുവെച്ചതിലൂടെ മധ്യേഷ്യയിൽ ഇന്ത്യയുടെ സൗഹൃദവും സ്വാധീനവും ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. (India contract Iran port)

കരാർ ഒപ്പിടുന്നതിനായി കേന്ദ്ര ഷിപ്പിങ് മന്ത്രി സ‍ർബാനന്ദ സോനോവാൾ ഇറാനിലെത്തിയിരുന്നു. ഇതാദ്യമായാണ് ഇന്ത്യ വിദേശത്ത് ഒരു തുറമുഖത്തിൻ്റെ നടത്തിപ്പ് കരാറിൽ ഒപ്പിടുന്നത്. അഫ്ഗാനിസ്ഥാൻ, മധ്യേഷ, യൂറോഷ്യയിലെ അതിർത്തി മേഖല എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ചരക്ക് ഗതാഗത പാതയൊരുക്കൽ കൂടിയാണ് ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പാകിസ്താനിലെ ഗ്വാദ‍ർ തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത് ചൈനയൊരുക്കുന്ന ബെൽറ്റ് ആൻ്റ് റോഡ് പദ്ധതിക്കുള്ള മറുപടി കൂടിയാണിത്.

ചബഹാർ തുറമുഖം നടത്തിപ്പ് ഏറ്റെടുത്ത ഇന്ത്യ ഇനി ഇതിനെ ഇൻ്റർനാഷണൽ നോർത്ത് സൗത്ത് ട്രാസ്പോർട് കോറിഡോറുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുക. ഇതിനായുള്ള പദ്ധതികൾ ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇൻ്റർനാഷണൽ നോർത്ത് സൗത്ത് ട്രാസ്പോർട് കോറിഡോർ ഇന്ത്യയുടെ അഭിമാന പദ്ധതികളിൽ ഒന്നാണ്. ഇറാൻ വഴി റഷ്യയിലേക്ക് ഇന്ത്യക്ക് വേഗത്തിലെത്താനാവുന്ന പാതയൊരുക്കലാണ് ലക്ഷ്യം. പാക്കിസ്താനെ ഒഴിവാക്കിക്കൊണ്ട് അഫ്‌ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഇന്ത്യക്ക് എത്താനാവും എന്നതാണ് ഇതിൻ്റെ നേട്ടം.

ബംഗാൾ ഉൾക്കടലിൽ മ്യാന്മറിലെ സിത്വെ തുറമുഖത്തിൻ്റെ പ്രവ‍ർത്തനം ഏറ്റെടുക്കാനുള്ള ഇന്ത്യ പോർട്സ് ഗ്ലോബലിന്റെ ശുപാർശ ഏപ്രിലിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചിരുന്നു. എന്നാൽ ഇറാനിലെ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾ ഏറെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ കരാറിലൂടെ തുറമുഖത്തിൻ്റെ വികസനത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകാനും ഇന്ത്യ ശ്രമിക്കും. മധ്യേഷ്യയിൽ സംഘർഷ സമാനമായ സാഹചര്യം നിലനിൽക്കെയുള്ള കേന്ദ്രമന്ത്രിയുടെ സന്ദർശനവും കരാറിൽ ഒപ്പുവെച്ച നടപടിയും മുന്നോട്ട് വെക്കുന്ന സന്ദേശം ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടും.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് സമ്മേളനത്തിലും പിന്നീട് നവംബറിൽ ഫോൺ സംഭാഷണത്തിലും ചബഹാർ തുറമുഖം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാനിയൻ പ്രസിഡൻ്റും തമ്മിൽ തർച്ച നടത്തിയിരുന്നു. 2016 ലാണ് ഈ പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടത്. മോദിയുടെ ഇറാൻ സന്ദ‍ർശനത്തെ തുടർന്നായിരുന്നു ഇത്. 2018 ൽ ഇറാൻ പ്രസിഡൻ്റ് ഹസ്സൻ റൂഹാനി ഇന്ത്യ സന്ദർശിച്ചു. തുറമുഖ വികസനം ഇവരുടെ ചർച്ചയിലെ പ്രധാന വിഷയമായിരുന്നു. പിന്നീട് 2024 ജനുവരിയിൽ ഇറാനിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും ഈ പദ്ധതിയുടെ പുരോഗതി വിലയിരുത്തി.

ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒപ്പുവച്ച കരാർ പത്ത് വർഷത്തിന് ശേഷം തനിയേ പുതുക്കപ്പെടുന്നതാണ്. ചബഹാർ തുറമുഖത്തെ ഷഹീദ് ബഹെ‌സ്തി ടെർമിനലിൻ്റെ നടത്തിപ്പും വികസനവുമാണ് ഒപ്പുവെച്ച കരാറിൻ്റെ ഭാഗം. ഇത് ഓരോ വർഷവും പുതുക്കപ്പെടും.

2016 മെയ് മാസത്തിൽ ഇതേ ടെർമിനലിന്റെ വികസനം ലക്ഷ്യമിട്ട് ഇറാൻ, അഫ്‌ഗാനിസ്ഥാൻ രാജ്യങ്ങളുമായി ഇന്ത്യ ത്രികക്ഷി കരാറിൽ ഏർപ്പെട്ടിരുന്നു. വിഭവ സമൃദ്ധവും എന്നാൽ പുറംരാജ്യങ്ങളിലേക്ക് നേരിട്ട് കണക്ടിവിറ്റി ഇല്ലാത്തതുമായ കസാക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളും ഈ പദ്ധതിയിൽ വളരെയേറെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ചബഹാർ തുറമുഖം വഴി ഇന്ത്യൻ വിപണിയിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അവർക്കും എളുപ്പത്തിലെത്താൻ സാധിക്കും. മധ്യേഷ്യൻ വിപണി ലക്ഷ്യമിടുന്ന ഇന്ത്യൻ വ്യാപാരികൾക്കും നിക്ഷേപകർക്കും ചബഹാർ തുറമുഖം വലിയ അവസരമാണ് തുറന്നിടുന്നത്.

കറാച്ചി തുറമുഖം വഴി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്താമെന്ന സാധ്യത ചൂണ്ടിക്കാട്ടി ഏറെക്കാലമായി പാക്കിസ്താൻ മധ്യേഷ്യൻ രാജ്യങ്ങളെ ചാക്കിട്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മധ്യേഷ്യയിലെ രാജ്യങ്ങൾ ചബഹാർ തുറമുഖത്തിലും ഇന്ത്യയിലുമാണ് കൂടുതൽ വിശ്വാസം അർപ്പിച്ചത്. അർമേനിയ പോലും ഇൻ്റർനാഷണൽ നോർത്ത് സൗത്ത് ട്രാസ്പോർട് കോറിഡോർ വഴി ചബഹാർ തുറമുഖത്ത് എത്താമെന്നതിനെ വലിയ സാധ്യതയായി പരിഗണിക്കുന്നുണ്ട്.

Story Highlights: India signs contract with Iran on operating Chabahar port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top