Advertisement

കാഞ്ചീപുരം സാരി വിൽപനയും സ്വർണ വിലക്കയറ്റവും തമ്മിലെന്ത്?

May 23, 2024
3 minutes Read
link between kanchipuram saree sale and gold price hike

സ്വർണവിലക്കയറ്റം കാഞ്ചീപുരത്തെ നെയ്ത്തുകാർക്ക് തിരിച്ചടിയാകുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും നൂലുകൾ കൊണ്ട് നെയ്തെടുക്കുന്ന കാഞ്ചീപുരം സാരികളുടെ വിലയിൽ അൻപത് ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടിലെ കാഞ്ചീപുരമെന്ന ക്ഷേത്ര നഗരത്തിന്റെ പരന്പരാഗത കരകൗശല മേഖലയാണ് പട്ടുസാരി നിർമാണം. പട്ടുസാരിയെന്നാൽ കാഞ്ചീപുരത്തെ ഓർക്കുന്നവർ കൂടിയപ്പോൾ അത് നിരവധി പേർക്ക് ഉപജീവനമായി. അറുപതിനായിരത്തിലേറെ പേരാണ് പട്ടുസാരി നെയ്ത്തിലൂടെ ജീവിതത്തിന് ഊടും പാവും കൂടി നെയ്യുന്നത്. ഇരുപത് മുതൽ നാൽപ്പത് വരെ ദിവസങ്ങളിലെ മനുഷ്യാധ്വാനമാണ് ഓരോ സാരിക്കും ഉയിരും നിറവും മിഴിവും നൽകുന്നത്. ഇവരുടെ വയറ്റത്തടിച്ചുകൊണ്ടാണ് കഴിഞ്ഞ കുറേ മാസങ്ങളായി സ്വർണവില റോക്കറ്റ് പോലെ കുതിക്കുന്നത്. ( link between kanchipuram saree sale and gold price hike )

പല വിവാഹങ്ങളിലും സ്റ്റാറാകുന്നത് വധുവിന്റെ സാരിയാണ്. കല്യാണം നിശ്ചയിച്ചുകഴിഞ്ഞാൽ പല പെൺ മനസുകളും ഓടുന്നത് കാഞ്ചീപുരത്തേക്കായിരിക്കും. തന്റെ ജീവിതത്തിലെ അതിപ്രധാന ദിവസം ഓരോ പെൺകുട്ടിയുടെയും സ്വപ്നങ്ങൾ ചുറ്റിത്തിരിയുന്നത് ഈ സാരിക്ക് ചുറ്റുമാകും. ഈ സ്വപ്നങ്ങളുടെ നിറം കുറയ്ക്കുകയാണ് കാഞ്ചീപുരം പട്ടുസാരികളുടെ വിലക്കയറ്റം . കഴിഞ്ഞ എട്ട് മാസത്തിനിടെ അൻപത് ശതമാനം വിലക്കയറ്റമാണ് കാഞ്ചീപുരം സാരികൾക്കുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹത്തിന് കാഞ്ചീപുരം പട്ടിന് വില കുറഞ്ഞ പകരക്കാരനെ കണ്ടെത്താൻ ശ്രമിക്കുകയാണ് പല കുടുംബങ്ങളും.

വിവാഹ ബജറ്റിന്റെ കനം കുറയ്ക്കാൻ പലരും തുടങ്ങിയപ്പോൾ വിവാഹ സ്വപ്നങ്ങളിൽ നിന്ന് കാഞ്ചീപുരം പട്ടുസാരികളും ഔട്ടാവുകയാണ്. ചില്ലറ വിൽപനയിൽ ഉണ്ടായത് ഇരുപത് ശതമാനം ഇടിവെന്ന് ചില വ്യാപാരികൾ പറയുന്നു. എല്ലാത്തിനും കാരണം കഴിഞ്ഞ കുറേ മാസങ്ങളായി സ്വർണവിലയിലുണ്ടായ 40 ശതമാനം വരെ വർധന. 22 കാരറ്റ് സ്വർണം ഗ്രാമിന് 2023 ഒക്ടോബറിൽ 5356 രൂപയായിരുന്നു ഇത് 2024 മെയ് 22 ന് എത്തി നിൽക്കുന്പോൾ 6900നടുത്തെത്തി. വെള്ളിവില ഗ്രാമിന് എഴുപത്തിയഞ്ചര രൂപയിൽ നിന്ന് 101 രൂപയായി ഉയർന്നു. സ്വർണ- വെള്ളി വിലക്കയറ്റം വെള്ളിടിയായത് പതിനായിരം കോടിയുടെ കാഞ്ചീപുരം സാരി നിർമാണ വ്യവസായത്തിനാണ്.

ഇരുപതിനായിരം മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് കാഞ്ചീപുരം സാരികളുടെ വില. ഉയർന്ന വിലയുള്ള പ്രിമീയം സാരികളുടെ നിർമാണം ഏറെക്കുറെ നിലച്ച മട്ടാണെന്ന് പല നെയ്ത്തുകാരും പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ എഴുപതിനായിരം രൂപയ്ക്ക് കിട്ടിയിരുന്ന  സാരിക്ക് ഇപ്പോൾ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൊടുക്കണം. താങ്ങാനാകുന്ന സാരികളിലേക്ക് നീങ്ങാനും വിവാഹ പർച്ചേസുകളിൽ എടുക്കുന്ന കാഞ്ചീപുരം സാരികളുടെ എണ്ണം കുറയ്ക്കാനും ബജറ്റ് ശ്രദ്ധിക്കുന്ന ഉപഭോക്താക്കൾ തീരുമാനിക്കാൻ തുടങ്ങി. സ്വർണ വില വീണ്ടും ആകാശക്കുതിപ്പ് തുടരുകയാണെങ്കിൽ പരന്പരാഗത വ്യവസായമായ കാഞ്ചീപുരത്തെ പട്ടുസാരി നിർമാണം പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്.

Story Highlights : link between kanchipuram saree sale and gold price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top