Advertisement

’25 കോടിയുടെ വൻ അഴിമതി; എക്‌സൈസ് മന്ത്രി രാജിവെക്കണം’; കെ സുധാകരൻ

May 24, 2024
2 minutes Read

സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്‌സൈസ് മന്ത്രി നടത്തിയത് 25 കോടി രൂപയുടെ വൻ അഴിമതിയെന്ന് കെ സുധാകരൻ പറഞ്ഞു. മന്ത്രി എംബി രാജേഷ് രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പുതിയ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കുമെന്ന് കെ സുധാകരൻ വിമർശിച്ചു. മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് സുധാകരന്റെ വിമർശനം.

ബാറുടമകൾക്ക് കൊള്ള ലാഭം ഉണ്ടാക്കി കൊടുക്കുന്നതിനായുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. ഐടി പാർക്കുകളിലുൾപ്പെടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കമാണ് പിണറായി വിജയൻ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്ക്കുവേണ്ടി പിണറായി വെള്ളത്തിൽ മുക്കിയെന്ന് കെ സുധാകരൻ രൂ വിമർശനം ഉയർത്തി.

Read Also: മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണം; ശബ്ദ സന്ദേശം പുറത്ത്

ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ എംമാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. കെഎം മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്‌സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് പുറത്തുവന്ന സന്ദേശത്തിൽ നിർദേശിക്കുന്നത്. ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോൻ പറയുന്നു.

Story Highlights : KPCC president K Sudhakaran demands resignation of minister Excise minister in Bar Bribery controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top