മിച്ചല്‍ സ്റ്റാര്‍കിന്റെ പേരില്‍ ഗംഭീര്‍ വിമര്‍ശിക്കപ്പെട്ടു; ആ കോടികളുടെ മൂല്യം പക്ഷേ സ്റ്റാര്‍ക് തിരികെ നല്‍കി

മിച്ചല്‍ സ്റ്റാര്‍കിനെ വന്‍ തുകക്ക് ടീമിലെത്തിച്ചതിന്റെ ഉത്തരവാദിത്വം മുഴുവനും ഗൗതം ഗംഭീറിലായിരുന്നു. 2012, 14 വര്‍ഷങ്ങളില്‍ കിരീടം നേടിയ കൊല്‍ക്കത്ത ടീമിന്റെ നായകനായിരുന്നു ഗൗതം ഗംഭീര്‍. ഗംഭീറിനോടുള്ള കരാര്‍ തീര്‍ന്നെങ്കിലും ഇദ്ദേഹത്തിന്റെ കഴിവ് പരമാവധി ഉപയോഗപ്പെടുത്തുക എന്ന ടീം മാനേജ്‌മെന്റ് തീരുമാനപ്രകാരമാണ് ഗംഭീരനെ കൊല്‍ക്കത്തയുടെ മെന്ററായി നിയമിച്ചത്. നിയമനം ലഭിച്ച് അധികം വൈകാതെയാണ് ഏറെ വിമര്‍ശനം നേരിടേണ്ടി വന്ന ആ തീരുമാനം ഗംഭീര്‍ നടപ്പാക്കിയത്. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ ആരോണ്‍ സ്റ്റാര്‍ക് എന്ന ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ മിച്ചല്‍ സ്റ്റാര്‍കിനെ ടീമില്‍ എത്തിക്കുക എന്നതായിരുന്നു അത്. എത്ര വലിയ തുക കൊടുത്ത് ആണെങ്കിലും തീരുമാനം നടപ്പാക്കണം എന്നതായിരുന്നു ആഗ്രഹം. അങ്ങനെയാണ് ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെയില്ലാതിരുന്ന ലേലതുകയായ 24.75 കോടിക്ക് സ്റ്റാര്‍ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എത്തിയത്. മിച്ചല്‍ സ്റ്റാര്‍കിന്റെ ഇന്നിങ്‌സ് പരിചയം കൊല്‍ക്കത്തക്ക് വേണ്ടി മുതലെടുക്കുക എന്നതായിരുന്നു ഗംഭീറിന്റെ തീരുമാനം.
പരിശീലകനായ ചന്ദ്രകാന്ത പണ്ഡിറ്റിനോട് മികച്ച ബന്ധം സ്ഥാപിച്ചെടുത്ത ഗംഭീര്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൂടി പിന്തുണ ഉറപ്പാക്കി. ഐപിഎല്‍ കിരീടം എന്നതില്‍ കുറഞ്ഞതൊന്നും തങ്ങളുടെ ലക്ഷ്യമല്ല എന്നതിന്റെ സൂചന കൂടിയായിരുന്നു ഗംഭീറും ചന്ദ്രകാന്ത പണ്ഡിറ്റും നല്‍കിയത് എന്ന് വേണമെങ്കിലും പറയാം. ആദ്യത്തെ തീരുമാനം വിജയകരമായി നടപ്പാക്കിയ ഗംഭീര്‍ മറ്റൊരു മാറ്റം കൂടി മാനേജ്‌മെന്റിന്റെ അറിവോടെ കൊണ്ടുവന്നു. കൊല്‍ക്കത്ത ടീമില്‍ വലിപ്പ ചെറുപ്പങ്ങള്‍ ഇല്ലാതെ എല്ലാവര്‍ക്കും സൗഹൃദപരമായി പെരുമാറാനുള്ള അന്തരീക്ഷം നടപ്പാക്കി എന്നതാണ് അത്. സമൂഹമാധ്യമമായ എക്‌സില്‍ വൈറലായ ഗംഭീറിന്റെ പ്രസംഗത്തില്‍ ഇപ്രകാരമാണ് അദ്ദേഹം ടീം അംഗങ്ങളോട് പറയുന്നത്. ”നമ്മുടെ ടീമില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കും. ജൂനിയര്‍ എന്നോ സീനിയര്‍ എന്നോ വ്യത്യാസമുണ്ടാകില്ല. ഇന്ത്യന്‍ കളിക്കാരനെന്നോ അന്താരാഷ്ട്ര കളിക്കാരനെന്നോ എന്ന വേര്‍തിരിവ് ഉണ്ടാകില്ല നമുക്കെല്ലാവര്‍ക്കും ഒരേ ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടാകേണ്ടത്. ഐപിഎല്‍ പതിനേഴാം എഡിഷന്‍ നമ്മള്‍ സ്വന്തമാക്കും എന്ന ലക്ഷ്യം” ഇതായിരുന്നു ആ പ്രസംഗത്തിന്റെ ഉള്ളടക്കം.
കൊല്‍ക്കത്തയുടെ കിരീട നേട്ടത്തിന് പിന്നാലെ നിരവധി ആളുകള്‍ ഗംഭീറിന്റെ ഈ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗംഭീര്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ ഗംഭീറിന്റെ പ്രസംഗത്തിലെ ഉള്ളടക്കം അന്വര്‍ത്ഥമാക്കുന്നതായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ കെട്ടുറപ്പ്. മൈതാനത്തില്‍ ക്യാപ്റ്റന്റെയും പരിശീലകന്റെയും തീരുമാനങ്ങള്‍ ഓരോന്നായി നടപ്പാക്കിയ ടീം അംഗങ്ങള്‍ മൈതാനം വിട്ടാല്‍ പിന്നെ പുറത്ത് ആഘോഷമായിരിക്കും. ഈ സൗഹൃദ അന്തരീക്ഷം കുറച്ചൊന്നുമല്ല ടീമിന്റെ ലക്ഷ്യങ്ങളെ സ്വാധീനിച്ചത് എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.
Story Highlights : Gautam Gambhir mentor of Kolkata knight riders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here