Advertisement

‘സിനിമയില്‍ അഭിനയിക്കുന്ന ആളല്ലേ, വീട് കിട്ടാന്‍ പാടാണെന്ന് ബ്രോക്കര്‍ പറഞ്ഞു’; ഇന്ന് ലോകസിനിമയ്ക്ക് മുന്നില്‍ ഇന്ത്യയ്ക്കായി നിവര്‍ന്നു നില്‍ക്കുന്ന ദിവ്യപ്രഭ

May 27, 2024
3 minutes Read
Indhu VS about Divya prabha' Cannes Grand prix award

ഇന്ത്യൻ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയർത്തിയ നിമിഷമായിരുന്നു കാൻസ് ചലച്ചിത്രമേളയിലെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ന് ലഭിച്ച ​ഗ്രാൻ പ്രീ പുരസ്കാര നേട്ടം. ദിവ്യപ്രഭയുയും കനി കുസൃതിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പായൽ കപാഡിയയുടേതാണ്. പുരസ്കാര തിളക്കത്തിൽ നിൽക്കുന്ന ദിവ്യപ്രഭയുടെ സിനിമാ വഴികളെ കുറിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തും സംവിധായികയുമായ ഇന്ദു വി എസ്.(Indhu VS -Divya prabha)

ഇന്ദുവിന്റെ വാക്കുകൾ:

‘ദിവ്യയെ പറ്റിയാണ്… കാന്‍ ചലച്ചിത്രമേളയിലേക്ക് താന്‍ അഭിനയിച്ച സിനിമയുമായി അഭിമാനത്തോടെ നൃത്തം ചെയ്ത് കയറിയ ദിവ്യപ്രഭ എന്ന ഗ്ലോബല്‍ പ്രഭയെ പറ്റിയാണ്.. ഗ്രാന്‍ഡ് പ്രീ പുരസ്‌കാരത്തോടൊപ്പം സ്വന്തം പേര് എഴുതി ചേര്‍ത്ത കലാകാരികളില്‍ ഒരാളെ പറ്റിയാണ്. കാലങ്ങളായുള്ള സൗഹൃദമുണ്ട്. നീണ്ട നീണ്ട കുറിപ്പിന് സ്‌കോപ്പ് ഉണ്ട്.. പക്ഷേ എഴുതാന്‍ തോന്നുന്നത്, കൊച്ചിയില്‍ നിന്ന് കാനിലേക്ക് പുലര്‍ച്ചെ, ദിവ്യപ്രഭ ഫ്ളൈറ്റ് കയറുന്നതിന് മുന്‍പ് നടത്തിയ യാത്രകളെ പറ്റിയാണ്..

നാട്ടില്‍ ജനിച്ച്, നാട്ടില്‍ തന്നെ പഠിച്ച്, നാട്ടില്‍ മാത്രം വളര്‍ന്ന ഒരാള്‍. ഇവിടുത്തെ മജോറിറ്റിയുടെ ഭാഗമായ ഒരാള്‍. അവളിലൂടെയാണ്, ആ വീട്ടിലേക്ക് സിനിമ എത്തുന്നത്. അവിചാരിതമായി അഭിനയത്തിലേക്കും സിനിമയിലേക്കും വന്ന് കയറിയതാണ് ദിവ്യ. പക്ഷേ അങ്ങനൊരു തുടക്കത്തിന്റ ലാഘവം അവളില്‍ പിന്നീട് കണ്ടിട്ടില്ല.. കഴിയുന്നതൊക്കെ ചെയ്യാനുള്ള ശ്രമവും ആഗ്രഹവും വിടാതെ പിടിച്ചിട്ടുണ്ട് അവള്‍. എളുപ്പമുള്ള ഒന്നല്ല ഇവിടെ നിലനിന്നു പോകല്‍ എന്നൊക്കെ പറയുന്നത്. എന്താവുമെന്ന് എല്ലാ നേരവും പേടിപ്പിക്കുന്ന തൊഴിലാണ്, ചുറ്റും എല്ലാത്തിലും സമ്മര്‍ദ്ധമാണ്. .ഇതിനോടൊക്കെ ഇടയിലും കൂടുതല്‍ അറിയാനും പഠിക്കാനുമുള്ള മനസ്സ് എത്രപേരില്‍ ബാക്കി നില്‍ക്കാനാണ്. എന്റെ അറിവില്‍, ദിവ്യ അവിടെയും വിജയിച്ചിട്ടുണ്ട്.

വര്‍ത്താനത്തിലൊക്കെ നമ്മള്‍ ചുമ്മാ പറഞ്ഞ് പോകുന്ന ലോക സിനിമയിലെ പേരുകള്‍, അവരുടെ വര്‍ക്കുകള്‍, ടൈപ്പ് ചെയ്‌തെടുത്ത് പിന്നീട് മറക്കാതെ കാണാന്‍ ശ്രമിച്ചിരുന്ന ദിവ്യയാണ്, ഇപ്പൊ ലോകസിനിമയ്ക്കു മുന്നില്‍ ഇന്ത്യയ്ക്കു വേണ്ടി നിവര്‍ന്നു നില്‍ക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൊച്ചിയില്‍ താമസിക്കാന്‍ അപ്പാര്‍ട്ട്‌മെന്റ് തിരയുന്ന കാലത്ത്, സിനിമയില്‍ അഭിനയിക്കുന്ന ആളല്ലേ വീട് കിട്ടാന്‍ പാടാണെന്ന് ബ്രോക്കര്‍ പറഞ്ഞത് കേട്ട്, താനിനി എന്ത് ജോലി പറയണമെന്ന് ഓര്‍ത്ത് ചിന്തിച്ചിരുന്ന ദിവ്യയുടെ മുഖം മനസിലുണ്ട്. ആ ഫോണ്‍ കോളില്‍ നിന്ന്, Cut to Cannes 2024.

ചരിത്രം പായലിനെയും ദിവ്യയെയും കനിയെയും ഛായാജിയെയും അവരിലൂടെ ഇന്ത്യയെയും എന്നന്നേക്കുമായി അടയാളപ്പെടുത്തുന്നു. ദിവ്യയിലൂടെ ഞാന്‍, എന്റെ കഴിഞ്ഞ പതിനാല് വര്‍ഷത്തെ സിനിമാ യാത്രയിലെ ഏറ്റവും ഉള്ള് നിറഞ്ഞ നേരം അനുഭവിക്കുന്നു. കാലം കരുതലോടെ ഇനിയും ഇനിയും വളര്‍ത്തട്ടെ നമ്മടെ പിള്ളേരെ. ഞങ്ങളുടz സുഹൃത്തിനെ. അഭിമാനം.. ആകാശം മുട്ടി നില്‍ക്കുന്ന അഭിമാനം..’

Read Also: ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്:’ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായ നിമിഷമെന്ന് ടോവിനോ തോമസ്

മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫെസ്റ്റിവല്‍ വേദിയിലേക്കെത്തുന്നത്. പായല്‍ കപാഡിയയുടെ ആദ്യ സംരംഭമായ ചിത്രത്തില്‍ കനി കുസൃതിയും ദിവ്യപ്രഭയുടെ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കാന്‍ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. 1994 ല്‍ ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ‘സ്വം’ ആണ് ഇതിനു മുന്നേ ഇന്ത്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം. മുംബൈയില്‍ താമസിക്കുന്ന രണ്ട് നഴ്‌സുമാരായ പ്രഭയുടെയും അനുവിന്റെയും പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ പറയുന്നത്. കനിക്കും ദിവ്യയ്ക്കുമൊപ്പം അസീസ് ഹനീഫ, ഹൃദു ഹാറൂണ്‍, ലവ്‌ലീന്‍ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി.

Story Highlights : Indhu VS about Divya prabha’ Cannes Grand prix award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top