‘ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും ഇസ്രയേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചു’; ജോ ബൈഡൻ

ഗസ്സയിൽ വെടിനിർത്തൽ നിർദേശവുമായി ഇസ്രയേൽ. വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും ഇസ്രയേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
മൂന്നുഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഖത്തർ വഴി ഇസ്രായേൽ ഹമാസിന് കൈമാറിയെന്നും ബൈഡൻ പറഞ്ഞു.
ആറാഴ്ച നീണ്ടുനിൽക്കുന്നതാണ് ആദ്യഘട്ടം. ഈ ഘട്ടത്തിൽ ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് ഐ.ഡി.എഫ് പിൻവാങ്ങും. നൂറുകണക്കിന് പലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും. പകരം സ്ത്രീകളും പ്രായമായവരും പരുക്കേറ്റവരും ഉൾപ്പെട്ട ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നാണ് ആവശ്യം.
നിത്യവും സഹായവസ്തുക്കളുമായി 600 ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടും. അന്താരാഷ്ട്ര സമൂഹം അയച്ച ലക്ഷക്കണക്കിന് താത്കാലിക ഭവന യൂണിറ്റുകൾ ഗസ്സയിൽ സ്ഥാപിക്കും.
ആദ്യഘട്ട വേളയിൽ ഇരുപക്ഷവും തമ്മിൽ ചർച്ച വിജയിച്ചാൽ തുടർ ഘട്ടങ്ങളിലേക്ക് നീങ്ങും.
രണ്ടാം ഘട്ടത്തിൽ പുരുഷൻമാരായ സൈനികർ ഉൾപ്പെടെ ബാക്കിയുള എല്ലാ ബന്ദികളുടേയും മോചനവും ഗസ്സയിൽ നിന്ന് ഇസ്രായേൽ സേനയുടെ പൂർണ പിൻവാങ്ങലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്നാം ഘട്ടത്തിൽ ഗസ്സയിലെ എല്ലാ ഇസ്രായേൽ ബന്ദികളുടെയും മൃതദേഹങ്ങൾ തിരികെ നൽകും യു.എസിന്റെയും അന്തർദേശീയ ഏജൻസികളുടെയും സഹായത്തോടെ വീടുകളും സ്‌കൂളുകളും ആശുപത്രികളും പുനർനിർമിക്കുന്നതിനുള്ള ഗസ്സ പുനർനിർമാണ പദ്ധതിയും ഇതോടെ ആരംഭിക്കും.
യുദ്ധം നിർത്താനുള്ള ഏറ്റവും മികച്ച നിർദേശമാണിതെന്നും ഇരുപക്ഷവും ഇത് അംഗീകരിക്കണമെന്നും ബൈഡൻ നിർദേശിച്ചു. യൂറോപ്യൻ യൂനിയനും വിവിധ രാജ്യങ്ങളും പുതിയ വെടിനിർത്തൽ നിർദേശം സ്വാഗതം ചെയ്തു.
Story Highlights : Biden says Israel has agreed to ‘enduring’ Gaza ceasefire proposal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here