ആലപ്പുഴയിലെ തരികനൽ ഇത്തവണ ആലത്തൂരിന് നൽകി; കേരളത്തിന് പുറത്ത് മൂന്ന് സീറ്റുകൾ കൂടി നേടിയിട്ടും സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവി തുലാസിൽ

ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പറഞ്ഞ ഇന്ത്യൻ ഇടതിന് പക്ഷേ ഈ തെരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ സ്വന്തം നിലനിൽപ്പിനായുള്ള പോരാട്ടമായിരുന്നു. ഇടതിന് സംസ്ഥാന ഭരണമുള്ള കേരളത്തിൽ പോലും ഒരൊറ്റ സീറ്റിൽ സിപിഐഎം ഒതുങ്ങി. മുൻവർഷത്തേപ്പോലെ കെടാതെ ബാക്കി നിന്ന ഒരൊറ്റ തരി കനൽ മാത്രമാണ് കേരളത്തിൽ നിന്ന് ഇടതുപക്ഷത്തെ പ്രതിനിധീകരിക്കാനുള്ളത്. 2019ൽ അത് ആലപ്പുഴയിലെ ആരിഫായിരുന്നെങ്കിൽ ഇന്നത് മന്ത്രി കൂടിയായ കെ രാധാകൃഷ്ണനാണ്. കേരളം വിട്ടാൽ മറ്റ് മൂന്ന് സീറ്റുകളിൽ കൂടി സിപിഐഎം വിജയിച്ചിട്ടുണ്ട്. നാലുസീറ്റുകളായെങ്കിലും സിപിഐഎമ്മിന്റെ ദേശീയ രാഷ്ട്രീയ പാർട്ടി പദവി വീണ്ടും തുലാസിലാകുകയാണ്. തമിഴ്നാട്ടിൽ ഒരു സീറ്റിലും രാജസ്ഥാനിൽ ഒരു സീറ്റിലുമാണ് സിപിഐഎം വിജയിച്ചത്. (cpim wins 4 loksabha seats one in Kerala K Radhakrishnan)
2019ൽ ഒരു കനലായി സിപിഐഎമ്മിനെ ജ്വലിപ്പിച്ച് നിർത്തിയെങ്കിലും ഇത്തവണ അതേ സ്ഥാനാർത്ഥി അതേ ആലപ്പുഴയിൽ നിന്നപ്പോൾ തുടക്കം മുതൽ തന്നെ പിന്നിലായിരുന്നു. ഒരുവേള ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശക്തനായ കെ സി വേണുഗോപാലും മികച്ച സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രനും ആലപ്പുഴയിൽ വന്നപ്പോൾ ആരിഫിന് അടിപതറി. 4,04,560 വോട്ടുകൾ കെ സി വേണുഗോപാൽ സ്വന്തമാക്കിയപ്പോൾ 3,35,596 വോട്ടുകളാണ് ആരിഫ് നേടിയത്. എക്കാലത്തും സിപിഎമ്മിന് ഒപ്പം നിന്ന കായംകുളം മണ്ഡലത്തിൽ എ എം ആരിഫ് മൂന്നാമതായി. അടിയുറച്ച സിപിഎം കേഡർ വോട്ടുകൾ പോലും യുഡിഎഫിന് അനുകൂലമായതോടെ ഭൂരിപക്ഷങ്ങൾ പഴങ്കഥകളായി.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
രാഷ്ട്രീയത്തിലെ സൗമ്യമുഖവും നിലവിലെ മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ ജയത്തിന്റെ ഒരു പ്രധാനകാരണം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തന്നെയാണ്. വ്യക്തതയുള്ള വാക്കുകളും ചിട്ടയായ പ്രവർത്തനവും യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരായി നിന്ന വികാരവും ചേർന്നപ്പോൾ ഇടതിന്റെ കോട്ടയായ ആലത്തൂർ എൽഡിഎഫിന് തിരികെ പിടിക്കാനായി.
ഒരു കാലത്ത് രാജസ്ഥാനിൽ സിപിഐഎമ്മിന്റെ ഉറച്ച കോട്ടയായ രാജസ്ഥാനിലെ ശൈഖാവതിയിലെ സിക്കാർ സീറ്റിലാണ് സിപിഐഎം ഇത്തണ അപ്രതീക്ഷിത ജയം നേടിയത്. അംറ റാമാണ് ബിജെപിയുടെ സുമേദാനന്ദ സരസ്വതിയെ തോൽപ്പിച്ച് രാജസ്ഥാനിൽ ജയിച്ചുകയറിയത്. കർഷക നേതാവെന്ന നിലയിൽ കർഷക മേഖലയിൽ അംറ നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ വിജയത്തിലേക്ക് എത്തിച്ചത്.
തമിഴ്നാട്ടിൽ രണ്ട് സീറ്റുകളിലാണ് സിപിഐഎം ജയം നേടിയിരിക്കുന്നത്. മധുരയിലും ദിണ്ടിഗലിലും സിപിഐഎം കരുത്ത് കാട്ടി. ദിണ്ടിഗലിൽ ആർ സച്ചിതാനന്ദവും മധുരയിൽ എസ് വെങ്കിടേശുമാണ് ജയിച്ചത്. ദിണ്ടിഗല്ലിലെ സിപിഐഎം ജില്ലാ സെക്രട്ടറിയാണ് സച്ചിതാനന്ദം. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന ഇടത് നരേറ്റീവിനേറ്റ അടി കൂടിയാണ് കേരളത്തിലെ പരാജയം. എന്നിരിക്കിലും 2019ലെ മൂന്ന് സീറ്റുകളിൽ നിന്ന് ഇത്തവണ നാലുസീറ്റുകളായി വർധിച്ചതിൽ സിപിഐഎമ്മിന് ചെറുതായി ആശ്വസിക്കാം.
Story Highlights : cpim wins 4 loksabha seats one in Kerala K Radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here