കേരളത്തിൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയത് ഇവർ; ലിസ്റ്റിൽ രാഹുലും ഷാഫിയും സുധാകരനും ഉൾപ്പെടെ എല്ലാം യുഡിഎഫ് സ്ഥാനാർത്ഥികൾ

ദേശീയ തലത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പാടെ പാളിയെങ്കിലും കേരളത്തിൽ സർവെകൾ പ്രവചിച്ചതുപോലെ യുഡിഎഫ് തരംഗമുണ്ടാകുകയും എൽഡിഎഫിന് അടിമുടി ചുവടുപിഴയ്ക്കുകയും ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു. 18 സീറ്റുകളിൽ യുഡിഎഫും തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനും വിജയിച്ചു. ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ശക്തമായ തൃകോണപ്പോരാണ് നടന്നത്. ആറ്റിങ്ങൽ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടവും നടന്നു. ആകെ ഇരുപത് മണ്ഡലങ്ങളുള്ള കേരളത്തിൽ 10 മണ്ഡലങ്ങളിലേയും വിജയികളുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മേലെയാണ്. ഇതിൽ വയനാട്ടിലെ രാഹുൽ ഗാന്ധിയും കണ്ണൂരിലെ കെ സുധാകരനും ഉൾപ്പെടുന്നു. ലക്ഷത്തിനുമേൽ ഭൂരിപക്ഷത്തോടെ വിജയിച്ചതിൽ പത്തുപേരും യുഡിഎഫ് സ്ഥാനാർത്ഥികളാണ്. (Loksabha election 2024 winners with more than 1 lakh majority)
റായ്ബറേലിയിൽ കൂടി മത്സരിച്ച രാഹുൽ ഗാന്ധിയ്ക്ക് വയനാട്ടിൽ മുൻ വർഷത്തേക്കാൾ ഭൂരിപക്ഷം കുറവാണെങ്കിലും ഇത്തവണയും മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷം ഇപ്പോഴുമുണ്ട്. 3,64,422 വോട്ടുകൾക്കാണ് സിപിഐയുടെ ആനി രാജയേക്കാൾ രാഹുൽ മുന്നിട്ട് നിൽക്കുന്നത്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിനും മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ട്. 3,00,118 വോട്ടുകളാണ് ഇ ടിയുടെ ഭൂരിപക്ഷം. എറണാകുളത്ത് കെ ജെ ഷൈനിനേക്കാൾ ഹൈബി ഈഡൻ 2,50,385 വോട്ടുകൾ കൂടുതൽ നേടിയിട്ടുണ്ട്. പൊന്നാനിയിൽ അബ്ദുസമദ് സമദാനിയ്ക്കുള്ളത് 2,35,090 വോട്ടുകളുടെ ഭൂരിപക്ഷമാണ്.
സിപിഐഎമ്മിന്റെ കരുത്തയായ വനിതാ സ്ഥാനാർത്ഥി കെ കെ ശൈലജ വടകരയിൽ ഷാഫി പറമ്പിലിന് വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും തുടക്കം മുതൽ തന്നെ ഷാഫി പറമ്പിൽ വ്യക്തമായ ഭൂരിപക്ഷം ഉയർത്തുന്ന കാഴ്ചയാണ് രാവിലെ മുതൽ കണ്ടത്. 1,14,506 വോട്ടുകൾക്കാണ് ഷാഫി ജയിച്ചത്. ഇടതിന്റെ ഉരുക്കുകോട്ടകളെ വിറപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കണ്ണൂരിൽ ജയിച്ചത് 1,08,982 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ്. കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ 1,03,148 വോട്ടുകളുടെ ഭൂരിപക്ഷവും നേടി.
കൊല്ലത്ത് നടനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം മുകേഷിനേക്കാൾ 1,50,302 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ അധികം നേടിയത്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് ജയിച്ചത് 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ്. കോഴിക്കോട് എം കെ രാഘവനും 1,46,176 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.
Story Highlights : Loksabha election 2024 winners with more than 1 lakh majority
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here