സ്വന്തം വീടുപോലെയെന്ന് പറഞ്ഞ വയനാടിനെ കൈവിടാൻ രാഹുലിന് മേൽ സമ്മർദം? വയനാട്ടിൽ പ്രിയങ്ക വരുമോ?

പരാജയഭീതിയിൽ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിന്റെ ഒരറ്റത്തുള്ള വയനാടെന്ന സുരക്ഷിത സീറ്റിലേക്ക് ഓടിയൊളിച്ചെന്ന അഞ്ച് വർഷം നീണ്ടുനിന്ന പരിഹാസവർഷങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധി ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും മത്സരിച്ച സീറ്റുകളിൽ ഇരട്ട വിജയം നേടയിരിക്കുകയാണ്. വയനാട്ടിൽ മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്കും റായ്ബറേലിയിൽ രണ്ട് ലക്ഷത്തിലേറെ വോട്ടുകൾക്കും രാഹുൽ ലീഡ് ചെയ്യുകയാണ്. ഇരട്ട അഗ്നിപരീക്ഷണം ജയിച്ചുവന്ന അതിലേറെ ആശയക്കുപ്പമുണ്ടാക്കുന്ന മറ്റൊരു പരീക്ഷണവും രാഹുലിനെ കാത്തിരിക്കുകയാണ്. അത് വളരെ വൈയക്തികവും വൈകാരികവും കൂടിയാകുമ്പോൾ പരീക്ഷണം അതികഠിനം തന്നെയാണ്. വറുതിക്കാലത്ത് കൂടെനിന്ന, ഇവിടെയെത്തുമ്പോൾ സ്വന്തം വീട്ടിലെത്തുന്നത് പോലെയെന്ന് രാഹുൽ പറഞ്ഞ വയനാടിനെ കൈവിടണോ അതോ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ കുടുംബപ്പേരിനൊപ്പം എക്കാലവും ചേർത്തുവച്ചിരുന്ന പേരായ റായ്ബറേലിയെ കൈവിടുമോ? കുടുംബവീടിനെ കൈവിടണോ അതോ അഭയം നൽകിയ വീടിനെ കൈവിടണോ എന്ന അഗ്നിപരീക്ഷണത്തിൽ രാഹുൽ വയനാടിനെ ഉപേക്ഷിക്കാനാണ് ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സാധ്യത. അങ്ങനെയെങ്കിൽ ഗാന്ധി കുടുംബത്തിൽ നിന്ന് തന്നെയുള്ള പ്രിയങ്കാ ഗാന്ധിയാകും ഇനി വയനാട്ടിൽ മത്സരിക്കുക. (will priyanka gandhi contest from Wayanad and Rahul gandhi represent raebareli)
രാഹുൽ വയനാട് കൈവിടുകയാണെങ്കിൽ ആറ് മാസത്തിനുളളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. രാഹുൽ ഗാന്ധി അല്ലാതെ മറ്റാരെങ്കിലും മത്സരിക്കുകയാണെങ്കിൽ ആ സീറ്റ് തങ്ങൾക്ക് തരണമെന്ന് മുസ്ലീം ലീഗ് അവകശവാദം ഉന്നയിച്ച സീറ്റായിരുന്നു വയനാട്. രാഹുലിനൊപ്പം പലപ്പോഴും വയനാട്ടിലെത്തി ജനങ്ങളോട് നേരിട്ട് സംസാരിച്ച് മുൻപ് തന്നെ വയനാട്ടിൽ സാധാരണക്കാർക്കിടയിൽ പ്രിയം പിടിച്ചുപറ്റിയ പ്രിയങ്കാ ഗാന്ധിയെ തന്നെ വയനാട്ടിലെത്തിക്കാനാകും കോൺഗ്രസ് മിക്കവാറും തീരുമാനിക്കുക.
Read Also: Loksabha Election 2024 | ആര്‍ക്കൊപ്പം ഇന്ത്യ?; ജനവിധിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
വയനാടിനേയും വയനാട്ടിലെ ജനങ്ങളേയും പൊതുവേദിയിൽ സദാ പുകഴ്ത്തിയിട്ടുള്ള രാഹുൽ ഗാന്ധി വയനാടിലെ കൈവിടാൻ നിർബന്ധിതനാകുന്നതിന് പിന്നിൽ ചില രാഷ്ട്രീയ പശ്ചാത്തലമുണ്ട്. ബിജെപിയുടെ ഉറച്ച കോട്ടയായി എക്സിറ്റ് പോളുകൾ പ്രവചിച്ച ഉത്തർ പ്രദേശിൽ ബിജെപിയ്ക്ക് വോട്ടുകുറയുന്ന പശ്ചാത്തലത്തിൽ ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് യുപിയിലെ മണ്ഡലത്തെ രാഹുൽ പ്രതിനിധീകരിക്കുന്നതാണ് കോൺഗ്രസിന് ഗുണം ചെയ്യുക. അമേഠിയിൽ മത്സരിക്കുന്നത് അപകടമാണെന്നതിനാലാണ് രാഹുൽ കോൺഗ്രസ് കോട്ടയായ റായ്ബറേലിയിൽ മത്സരിച്ചത്. റായ്ബറേലിയിൽ ജയിച്ചാൽ രാഹുൽ വയനാടിനെ കൈയൊഴിയുമെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ പറഞ്ഞിരുന്നു. നെഹ്റു കുടുംബത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയും ഫിറോസ് ഗാന്ധിയും രാജീവ് ഗാന്ധിയും മത്സരിച്ച് ജയിച്ച സ്ഥലമാണ് റായ്ബറേലി.
Story Highlights : will priyanka gandhi contest from Wayanad and Rahul gandhi represent raebareli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here