യൂറോയില്‍ പോളണ്ടിനോട് അവാസന നിമിഷം വിജയം കണ്ടെത്തി ഓറഞ്ച് പട

യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ പോളണ്ടിനോട് അവസാന നിമിഷം വിജയം കണ്ടെത്തി നെതര്‍ലാന്‍ഡ്‌സ്. 81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ വൗട്ട് വെഗോര്‍സ്റ്റ് 83-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് നെതര്‍ലാന്‍ഡ്‌സിന്റെ വിജയം. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ അവസാനിച്ചേക്കുമെന്ന് കരുതിയ മത്സര ഫലമാണ് അവസാന നിമിഷത്തില്‍ മാറി മാറിഞ്ഞത്. 16-ാം മിനിറ്റില്‍ ആദം ബുക്‌സയിലൂടെ പോളണ്ടാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 29-ാം മിനിറ്റില്‍ കോഡി ഗാക്പോ നേടിയ ഗോളില്‍ ഒപ്പമെത്തിയ നെതര്‍ലന്‍ഡ്സ് വെഗോര്‍സ്റ്റിലൂടെ ജയം കൈപ്പിടിയിലാക്കുകയായിരുന്നു.
സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയെ ബെഞ്ചിലിരുത്തിയായിരുന്നു പോളണ്ട് ഇറങ്ങിയത്. മെംഫിസ് ഡീപേയും കോഡി ഗാക്പോയും തിയാനി റെയിന്‍ഡേഴ്സും സാവി സിമണ്‍സും അടങ്ങിയ ഡച്ച് നിരയുടെ മുന്നേറ്റത്തില്‍ തുടക്കത്തില്‍ പ്രതിരോധത്തിലായി. തുടരെ തുടരെയുള്ള ഓറഞ്ച് പടയുടെ മുന്നേറ്റത്തില്‍ പോളണ്ട് പ്രതിരോധം ശരിക്കും വലഞ്ഞുപോയി. എന്നാല്‍ ഇടവേളകളില്‍ ഡച്ച് ഗോള്‍മുഖത്ത് ഭീഷണി വിതക്കാന്‍ പോന്ന മുന്നേറ്റങ്ങള്‍ക്ക് ആദം ബുക്‌സയുടെ നേതൃത്വത്തിലുള്ള പോളണ്ട് സംഘത്തിനായി. അപ്രതീക്ഷിതമായാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. 16-ാം മിനിറ്റില്‍ പോളണ്ടിന് അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിക്കുന്നു. സിയെലിന്‍സ്‌കി എടുത്ത കോര്‍ണറില്‍ തലവെച്ച് ബുക്‌സ പോളണ്ടിനെ മുന്നിലെത്തിച്ചു. ഗോള്‍വീണതോടെ നെതര്‍ലന്‍ഡ്സിന്റെ മുന്നേറ്റങ്ങള്‍ ഒന്നുകൂടി കടുത്തു.
Read Also: യൂറോ കപ്പ്: ഹംഗറിക്കെതിരെ വിജയം വരിച്ച് സ്വിസ് പട
20-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ഡൈക്കിന്റെ ഷോട്ട് പോളണ്ട് കീപ്പര്‍ വോയ്സിയെച് ഷെസെസ്നി രക്ഷപ്പെടുത്തി. ആക്രമണങ്ങള്‍ക്കൊടുവില്‍ 29-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് വലകുലുക്കി. നഥാന്‍ അകെ നല്‍കിയ പന്തുമായി മുന്നേറുന്നതിനിടെ ഗാക്പോ തൊടുത്ത ഷോട്ട് പോളണ്ട് പ്രതിരോധനിരയില്‍ ഇടിച്ച് കീപ്പറെയും നിസ്സഹായനാക്കി വലയില്‍ കയറി. സമനിലയില്‍ അവസാനിച്ച ഒന്നാം പകുതിക്ക് ശേഷം വിജയ ദാഹികളായ നെതര്‍ലാന്‍ഡ്‌സിനെയാണ് കണ്ടത്. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പോളണ്ട് പ്രതിരോധിച്ചു. ഇതിനെല്ലാം ഒടുവിലാണ് 83-ാം മിനിറ്റല്‍ വിജയ ഗോള്‍ പിറന്നത്. ഇടതുഭാഗത്തുനിന്ന് അകെ ബോക്സിലെത്തിച്ച പന്ത് നേരേ വെഗോര്‍സ്റ്റിലേക്ക്. പോളണ്ടിന്റെ ജുവന്റസ് കീപ്പര്‍ക്ക് ഒന്നും ചെയ്യാനായില്ല. അതിന് മുമ്പെ പന്ത് ഗോള്‍വര കടന്നിരുന്നു.
Story Highlights : Poland vs Netherlands match in Euro 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here