Advertisement

ദുരന്തങ്ങൾ വിട്ടൊഴിയാതെ ഇന്ത്യൻ റെയിൽവെ: ഡാർജിലിങിൽ ട്രെയിൻ അപകടം ബാലസോർ ദുരന്തത്തിൻ്റെ ഓർമ്മ മായും മുൻപ്

June 17, 2024
2 minutes Read
Major Train accidents in India

പശ്ചിമ ബംഗാളിലെ ഡാർജീലിങിൽ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിൻ അപകടത്തിൽ പെട്ട് അഞ്ച് പേരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. 25 ഓളം യാത്രക്കാർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. ചരക്ക് ട്രെയിൻ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ചുകയറിയാണ് അപകടം നടന്ന. ഡാർജീലിങ് ജില്ലയിലെ രംഗപാണി സ്റ്റേഷൻ്റെ അടുത്തായിരുന്നു സംഭവം. അസമിലെ സിൽചറിൽ നിന്നും കൊൽക്കത്തയിലെ സാൽദാഹിലേക്ക് പോവുകയായിരുന്നു ട്രെയിൻ. അപകടത്തെ തുടർന്ന് കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിൻ്റെ രണ്ട് ബോഗികൾ പാളം തെറ്റി.

സമീപകാലത്ത് രാജ്യം കണ്ട വലിയ ട്രെയിൻ ദുരന്തങ്ങൾ ഓർമ്മിപ്പിക്കുന്നതാണ് ഇന്നത്തെ ട്രെയിൻ അപകടം. 2023 ൽ നടന്ന വാഹനാപകടത്തിൽ 300 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. 2016 ലെ അപകടത്തിൽ 146 പേരും 1999 ൽ നടന്ന അപകടത്തിൽ 285 പേരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

കൊറമാണ്ടൽ എക്സ്പ്രസ് ട്രെയിൻ ബാലസോറിൽ വെച്ച് ബെംഗളൂരുവിൽ നിന്ന് ഹൗറയിലേക്ക് പോയ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുമായും ചരക്ക് ട്രെയിനുമായും കൂട്ടിയിടിച്ചാണ് അതി ദാരുണമായ അപകടം കഴിഞ്ഞ വർഷം ഉണ്ടായത്. 300 പേർ കൊല്ലപ്പെട്ട അപകടത്തിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റിരുന്നു.

Read Also: സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; അ‍ഞ്ച് പേർ മരിച്ചു

2016 നവംബർ 20 നായിരുന്നു മറ്റൊരു അപകടം നടന്നത്. ഇൻഡോറിൽ നിന്ന് പാറ്റ്നയിലേക്ക് പോയ എക്സ്പ്രസ് ട്രെയിൻ അപകടത്തിൽ പെട്ട് 146 പേർ കൊല്ലപ്പെട്ടാണ് ഇതുവരെയുള്ള നിഗമനം. കാൻപുറിനടുത്ത് പുഖ്രയാൻ എന്ന സ്ഥലത്ത് വെച്ചാണ് ട്രെയിൻ പാളം തെറ്റി അപകടത്തിൽപെട്ടത്. സംഭവത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റിരുന്നു.

2010 മെയ് 28 ന് വെസ്റ്റ് ബംഗാളിലെ കൊൽക്കത്തയിൽ നിന്ന് 83 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് വലിയ അപകടം നടന്നത്. 146 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടം മാവോയിസ്റ്റുകളുടെ ആക്രമണമെന്നാണ് ഔദ്യോഗിക വിശദീകരണം.

2002 ൽ കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് പോയ രാജധാനി എക്സ്പ്രസ് ധാബി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 120 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതും ബോധപൂർവ്വം നടത്തിയ അട്ടിമറിയെന്നാണ് ഔദ്യോഗിക വിശദീകരണം.

2001 ജൂൺ 22-നാണ് കേരളത്തെ നടുക്കിയ കടലുണ്ടി ട്രെയിൻ അപകടം ഉണ്ടായത്. മംഗലാപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് മെയിൽ ട്രെയിൻ കടലുണ്ടി പാലത്തിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. 59 പേരാണ് ഈ അപകടത്തിൽ കൊല്ലപ്പെട്ടത്. 300 പേർക്ക് പരിക്കേറ്റിരുന്നു

2006 ജൂലൈ 11 ന് തീവ്രവാദികൾ മുംബൈയിൽ ട്രെയിനിന്‍ നേരെ നടത്തിയ ആക്രമണത്തിൽ 186 പേർ കൊല്ലപ്പെട്ടു. 700 ഓളം പേർക്ക് പരിക്കേറ്റിരുന്നു. പാക്ക് രഹസ്യാന്വേഷണ ഏജൻസിയെയും ലഷ്‌കർ-ഇ-തൊയ്ബയും ചേർന്ന് നടത്തിയ ആക്രമണമായിരുന്നു ഇതെന്നാണ് ഇന്ത്യയുടെ നിലപാട്.

1999 ൽ പശ്ചിമ ബംഗാളിലെ ഗൈസലിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 285 പേർ കൊല്ലപ്പെടുകയും 312 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 2 നാണ് സംഭവം നടന്നത്.

1998 ൽ പഞ്ചാബിൽ സീൽദാഹ് എക്സ്പ്രസ് പാളം തെറ്റി 210 പേർ കൊല്ലപ്പെട്ടിരുന്നു. 1995 ൽ ആഗ്രയ്ക്കടുത്ത് ഫിറോസാബാദിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 300 പേർ കൊല്ലപ്പെടുകയും 344 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

1988 ജൂലൈ 8-നാണ് കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് പതിച്ചത്. ഈ വൻ ദുരന്തത്തിൽ 107 പേർക്കാണ് ജീവൻ നഷ്ടമായത്. എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു. 200 പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.

1981 ൽ ബിഹാറിലെ ബാഗ്‌മതി നദിയിലേക്ക് പാസഞ്ചർ ട്രെയിൻ മറിഞ്ഞാണ് ഏറ്റവും വലിയ അപകടം ഉണ്ടായത്. 800 ഓളം പേരുമായി പോയ ട്രെയിൻ അപകടത്തിൽ 200 പേരുടെ മൃതദേഹമാണ് കണ്ടെത്താനായത്. അതും അഞ്ച് ദിവസങ്ങൾക്ക് ശേഷം. നൂറ് കണക്കിനാളുകൾ നദിയിൽ കാണാതായെന്ന് സംശയിക്കുന്നു.

1956 ൽ വെള്ളപ്പൊക്കത്തിൽ തകർന്ന പാലത്തിലൂടെ സർവീസ് നടത്തിയ ട്രെയിൻ മരുദ്യാർ നദിയിൽ മറിഞ്ഞുണ്ടായ അപകടത്തിൽ 154 പേർ കൊല്ലപ്പെട്ടിരുന്നു. 1954 സെപ്തംബർ 28 ന് മദ്രാസിൽ നിന്ന് ഡൽഹിയിലേക്ക് പോയ ട്രെയിൻ പാളം തെറ്റി മറിഞ്ഞ് 137 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Story Highlights : Major train accidents happened in recent years in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top