ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ആദ്യഘട്ടത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായി

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഈ മാസം തന്നെ ട്രയൽ റൺ ആരംഭിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ആദ്യഘട്ടത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. കസ്റ്റംസ് അംഗീകാരം ലഭിച്ചതോടെ തുറമുഖത്തിലൂടെയുള്ള ചരക്ക് നീക്കവും നിയമവിധേയമായി. തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതിന് ഏതാനും അനുമതികൾകൂടി ഇനി ലഭിക്കാനുണ്ട്.
ഒടുവിൽ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ട്രാന്ഷിപ്മെന്റ് തുറമുഖത്ത്, വിഴിഞ്ഞം തുറമുഖത്ത് കണ്ടൈനറുകളുമായി കൂറ്റൻ ചരക്കുകപ്പലുകൾ എത്തുകയാണ്. രാജ്യത്തിന്റെ ഒരേയൊരു മദർ പോർട്ടായ വിഴിഞ്ഞം തുറമുഖം ഓണത്തിന് തന്നെ പ്രവർത്തനസജ്ജമാകാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ട്രയൽ റണ്ണിന്റെ ഭാഗമായി കണ്ടൈനർ നിറച്ച കൂറ്റൻ കപ്പൽ ഈ മാസം തന്നെ വിഴിഞ്ഞത്ത് എത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
കപ്പലിൽ നിന്ന് കണ്ടൈനറുകൾ തുറമുഖ യാർഡിലേക്ക് ഇറക്കിയും കയറ്റിയും ട്രയൽ നടത്തും. നിലവിൽ ചരക്കു കയറ്റാത്ത കണ്ടയ്നറുകൾ ബാർജിൽ എത്തിച്ചു തുറമുഖത്ത് സ്ഥാപിച്ച യാർഡ് ക്രൈനുകളും ഷിപ് റ്റു ഷോർ ക്രൈനുകളും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം തുറമുഖത്തെ കസ്റ്റംസ് പോർട്ടായി കേന്ദ്ര കസ്റ്റംസ് മന്ത്രാലയം അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.
ആദ്യ ഘട്ടത്തിന്റെ ഭാഗമായ പുലിമുട്ട്, കണ്ടൈനർ ബർത്ത്, കണ്ടൈനർ യാർഡ് , വൈദ്യുതി യൂണിറ്റുകൾ , പോർട്ട് ആക്സസ് റോഡ് തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. തുറമുഖത്തെ ഡ്രെഡ്ജിങ്ങും പൂർത്തിയാക്കി. ചൈനയിൽ നിന്ന് ഏഴ് കപ്പലുകളിലായി എത്തിച്ച എട്ട് ഷിപ് to ഷോർ ക്രൈനുകളും, 24 യാർഡ് ക്രൈനുകളും തുറമുഖത്ത് സ്ഥാപിച്ചു.
ഭീമൻ മദർ ഷിപ്പുകൾക്ക് എത്താൻ കഴിയുന്ന രാജ്യത്തെ ഒരേയൊരു തുറമുഖമാണ് വിഴിഞ്ഞം. നിലവിൽ ചെറിയ കപ്പലുകളിൽ കൊളംബോ ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ ചരക്ക് എത്തിച്ചാണ് മദർ ഷിപ്പുകളിലേക്ക് മാറ്റുന്നത്. ഇനി മുതൽ കൊളമ്പോക്ക് പകരം വിഴിഞ്ഞം തുറമുഖത്ത് മദർ ഷിപ്പുകൾ എത്തും. ചെറു കപ്പലുകളിൽ ചരക്കുകൾ വിഴിഞ്ഞത്ത് എത്തിച്ചു മദർ ഷിപ്പുകളിൽ കയറ്റും. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിൽ രാജ്യത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്.
Story Highlights : Vizhinjam International Port ready for trial run
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here