പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു; ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാല് പേരെ പുറത്താക്കി

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത സംഭവത്തിൽ നടപടിയുമായി കെപിസിസി. ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാല് പേരെ പുറത്താക്കി. മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയും പുറത്താക്കി.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് നാല് നേതാക്കളെയും പുറത്താക്കിയത്. കോൺഗ്രസ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എൻ.സുബ്രഹ്‌മണ്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസ് എന്നിവരാണ് അന്വേഷണ സമിതിയിലുണ്ടായിരുന്നു. വിവാഹ ചടങ്ങിൽ നേതാക്കൾ പങ്കെടുത്തത് ഗുരുതര തെറ്റാണെന്നും പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന നടപടിയാണെന്നുമായിരുന്നു അന്വേഷണ കമ്മിഷൻ റിപ്പോർട്ട്.
Read Also: കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി
അതേസമയം കെപിസിസി നടപടിൽ രാജ്മോഹൻ ഉണ്ണിത്താനെ വിമർശിച്ച് ബാലകൃഷ്ണൻ പെരിയ രംഗത്തെത്തി. നാല് പേരെ സസ്‌പെൻഡ് ചെയ്തത് രാജ്‌മോഹൻ ഉണ്ണിത്താന്റെ ശ്രമത്തിന്റെ ആദ്യ ഘട്ടമാണെന്ന് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുത്തതിൽ രാഷ്ട്രീയ കലർത്തേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷികളുടെ കേസ് നടത്താൻ രാജ്‌മോഹൻ ഉണ്ണിത്താൻ നയാപൈസ നൽകിയിട്ടില്ലെന്ന് ബാലകൃഷ്ണൻ പെരിയ വിമർശിച്ചു.
കാസർഗോഡ് ജില്ല നശിപ്പിച്ചത് രാജ്‌മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. അധികാരം കിട്ടിയാൽ അർധരാത്രി കുട പിടിക്കുന്ന നിലയിലാണ് രാജ്‌മോഹൻ ഉണ്ണിത്താനെന്ന് ബാലകൃഷ്ണൻ പെരിയ പറഞ്ഞു. മതപരമായ സംഘർഷത്തിൽ നിന്ന് മുതലെടുക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഡിസിസി ഓഫീസിനെ ദുർമന്ത്രവാദത്തിന്റെ കേന്ദ്രമാക്കി മാറ്റിയെന്നും മതസൗഹാർദത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കിയ ആളാണ് രാജ്‌മോഹൻ ഉണ്ണിത്താനെന്നും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. കാട്ടുകള്ളനാണെന്നും രാജ്‌മോഹനെതിരെയുള്ള യുദ്ധം ഇവിടെ നിന്ന് ആരംഭിക്കുകയാണെന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു.
Story Highlights : Four people including Balakrishnan Periya were expelled from kpcc over periya double murder controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here