Advertisement

മുസ്ലിം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്താൻ ഹിജാബിന് വിലക്കേർപ്പെടുത്തിയതിന് പിന്നിൽ എന്താണ്?

June 25, 2024
2 minutes Read

മതപരമായ വസ്ത്രങ്ങൾക്ക് വർഷങ്ങളായി നിലനിന്ന അനൗദ്യോഗിക നിയന്ത്രണത്തിന് ശേഷം 90 ശതമാനം മുസ്‌ലിങ്ങളുള്ള രാജ്യമായ താജിക്കിസ്ഥാൻ ഹിജാബ് നിരോധിച്ചിരിക്കുകയാണ്. ഹിജാബിനെ വിദേശ വസ്ത്രമെന്ന് വിശേഷിപ്പിച്ചാണ് പ്രസിഡൻ്റ് ഇമോമലി റഹ്മോൻ നിരോധനവുമായി മുന്നോട്ട് വന്നത്. മെയ് എട്ടിന് താജിക്കിസ്ഥാനിലെ പാർലമെൻ്റിൻ്റെ അധോസഭയായ മജ്‌ലിസി നമോയാന്ദഗോൺ ഇത് പാസാക്കുകയും ജൂൺ 19 ന് പാർലമെൻ്റ് ഉപരിസഭയായ മജ്‌ലിസി മില്ലി ഇത് അംഗീകരിക്കകയും ചെയ്തു. നിയമങ്ങളിൽ മാറ്റം വരുത്തിയ സർക്കാർ രാജ്യത്തെ സംസ്കാരത്തിന് വിരുദ്ധമെന്ന് കരുതുന്ന വിദേശ വസ്ത്രങ്ങളുടെ ഇറക്കുമതി, വിൽപ്പന, പ്രചാരണം, വസ്ത്രധാരണം എല്ലാം നിരോധിച്ചിട്ടുണ്ട്. ഹിജാബിനൊപ്പം ഇസ്ലാം മതവുമായി ബന്ധപ്പെട്ടതെന്ന് വിശേഷിപ്പിക്കപ്പെടുന്ന വസ്ത്രങ്ങളും ഇനി താജിക്കിസ്ഥാനിൽ ധരിക്കാനാവില്ല.

ഈ നിയമലംഘനം നടത്തുന്നവരിൽ നിന്ന് 747 ഡോളർ മുതൽ 3724 ഡോളർ വരെ പിഴ ഈടാക്കും. ഈദ്, നവ്റോസ് ആഘോഷ സമയങ്ങളിൽ കുട്ടികൾക്ക് പണം സമ്മാനമായി നൽകുന്നതും നിരോധിച്ചു. ഒപ്പം ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും രാജ്യത്ത് ആഘോഷങ്ങളും സർക്കാർ വിലക്കിയിട്ടുണ്ട്. രാജ്യത്ത് ഭൂരിപക്ഷ മതത്തിൻ്റെ ദൃശ്യ പ്രചാരണം കുറയ്ക്കാനാണ് മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന പ്രസിഡൻ്റിൻ്റെ ശ്രമം. രാജ്യത്ത് രാഷ്ട്രീയമായുള്ള സ്വാധീനവും അധികാരത്തിലുള്ള സ്വാധീനവും ഇതിലൂടെ ഇമോമലി റഹ്മോൻ പരോക്ഷമായി വെളിപ്പെടുത്തുന്നുണ്ട്.

Read Also: കേരള ബാങ്കിനെ തരംതാഴ്ത്തി RBI; 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല

ഹിജാബ് വിദേശ വസ്ത്രമായതെങ്ങനെ

മതേതര സർക്കാരിനെ നയിക്കുന്ന ഇമോമലി റഹ്മോൻ താജിക്കി സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ 90% വരുന്ന ഭൂരിപക്ഷമതത്തിൻ്റെ ദൃശ്യപരത കുറയ്ക്കുന്നതിനും വേണ്ടിയുള്ള നടപടി പരമ്പരയിലെ ഏറ്റവും പുതിയ തീരുമാനമാണ് ഹിജാബ് നിരോധനം.

1994 മുതൽ 30 വർഷമായി താജിക്കിസ്ഥാൻ ഭരിക്കുന്നത് ഇമോമലി റഹ്മോനാണ്. രാജ്യത്ത് ഏറ്റവുംമധികം കാലം അധികാരത്തിലിരുന്ന വ്യക്തിയും അദ്ദേഹമാണ്. താജിക്കിസ്ഥാനിൽ പാരമ്പര്യ വാദികളായ മത രാഷ്ട്രീയ നിലപാടുകാരെ തുറന്നെതിർത്താണ് റഹ്മോൻ അധികാരത്തിലേറിയത്. മുൻപ് സോവിയറ്റ് യൂണിയൻ്റെ ഘടകകക്ഷിയായിരുന്നു താജിക്കിസ്ഥാൻ. അന്ന് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് താജിക്കിസ്ഥാനിൽ ഉയർന്ന രാഷ്ട്രീയ പദവിയിലായിരുന്നു അദ്ദേഹം. 1991 ൽ സോവിയറ്റ് യൂണിയൻ്റെ പതനത്തോടെ രാജ്യത്ത് ആഭ്യന്തര കലാപമുണ്ടായി. സോവിയറ്റ് അനുഭാവികും രാജ്യത്ത് പ്രതിപക്ഷമായിരുന്ന മുസ്ലിം മതാനുകൂലികളും തമ്മിലായിരുന്നു സംഘർഷം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലത്ത് ജനം കൊടുംപട്ടിണി അനുഭവിച്ചു. 1994 ൽ പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇമോമാലി റഹ്മാൻ പ്രസിഡൻ്റായി വിജയിച്ചു. അധികാരം നിലനിർത്താനായി ഭരണഘടനയിൽ പലതവണ മാറ്റം വരുത്തിയ റഹ്മാൻ 2016 ലാണ് ഒരു വ്യക്തിക്ക് പ്രസിഡൻ്റ് പദത്തിൽ ഇരിക്കാവുന്നതിൻ്റെ കാലപരിധി ഇളവ് ചെയ്തത്. മതപരമായ നിലപാടുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളെയും അദ്ദേഹം രാജ്യത്ത് നിരോധിക്കുകയും ചെയ്തു.

ഇമോമലി റഹ്മോൻ പലഘട്ടങ്ങളിലായി നടപ്പിലാക്കിയ പരിഷ്കാരങ്ങൾക്കെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ ആളുകൾ കൂടുതലായി മതത്തോട് അടുക്കുകയും ജീവിതരീതികളിൽ പ്രകടമാക്കുകയും ചെയ്തപ്പോഴാണ് ഇമോമലി റഹ്മോൻ കടുത്ത നടപടികൾ സ്വീകരിച്ചതെന്നും ഒരു വാദമുണ്ട്. 2015ൽ യുഎന്നിന് വേണ്ടി താജിക്കിസ്താനിൽ പ്രവർത്തിച്ച മസൗമേ തോർഫെ താജിക്കിസ്ഥാനിൽ വർദ്ധിച്ചുവരുന്ന മതനിയന്ത്രണങ്ങളെക്കുറിച്ച് അൽ ജസീറയിൽ എഴുതിയിരുന്നു. സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്കു ശേഷം ജനം വലിയ രീതിയിൽ മതത്തിലേക്ക് ആകർഷിക്കപ്പെട്ടു. പുതിയ മുസ്ലിം ആരാധനാലയങ്ങൾ നിർമ്മിക്കപ്പെട്ടു. മതപഠനകേന്ദ്രങ്ങളും സംഘങ്ങളും രൂപംകൊണ്ടു. സ്ത്രീകളും പുരുഷന്‍മാരും ഇസ്ലാമിക ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ആരംഭിച്ചു. അതേസമയം, താജക്കിസ്താൻ-അഫ്ഗാൻ അതിർത്തിയിൽ ആയുധമേന്തിയ ഇസ്ലാമിക സംഘങ്ങളും നിലകൊണ്ടു. ഇതെല്ലാം ഇമോമലി റഹ്മോനെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിലേക്ക് നയിച്ച ഘടകങ്ങളാണെന്ന് മസൗമേ തൻ്റെ ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്ക് ശേഷമാണ് മതം പിടിമുറുക്കിയെന്നത് തെറ്റാണെന്നും അതിനുമുമ്പു തന്നെ ഇസ്ലാമിക രീതികളാണ് രാജ്യത്തുണ്ടായിരുന്നതന്നും ഒരു പക്ഷം വാദിക്കുന്നു.

Read Also: ‘ജയ് പലസ്തീൻ’; സത്യപ്രതിജ്ഞയ്ക്കിടെ പലസ്തീൻ അനുകൂല മുദ്രവാക്യം ഉയർത്തി ഒവൈസി

താജിക്കിസ്താനും വസ്ത്ര നിയന്ത്രണങ്ങളും

ഇതാദ്യമായല്ല നിർബന്ധിത നിയന്ത്രണങ്ങൾ താജിക്കിസ്താനിൽ നടപ്പിലാക്കുന്നത്. അവധിദിവസങ്ങളും, ആഘോഷങ്ങളും നിയന്ത്രിക്കുന്നതിന് 2007ൽ നിയമം പാസാക്കിയിരുന്നു. ഇതുപ്രകാരം ഇസ്ലാമിക വസ്ത്രങ്ങൾക്കും പാശ്ചാത്യ ശൈലിയിലുള്ള മിനിസ്കർട്ടുകൾക്കും നിരോധനമർപ്പെടുത്തി. തുടർന്ന് വിദ്യാർഥികൾ പൊതുസ്ഥലങ്ങളിലുൾപ്പടെ ഹിജാബ് ധരിക്കുന്നതിന് വിലക്ക് വന്നു. 2015ലും ഇമോമലി റഹ്മോൻ ഹിജാബിനെതിരെ പ്രചാരണം നടത്തിയിരുന്നു. മോശം വിദ്യാഭ്യാസത്തിൻ്റെ ലക്ഷണമാണ് ഹിജാബെന്നായിരുന്നു അന്ന് ഇമോമലി റഹ്മോൻ വിശേഷിപ്പിച്ചത്. 2017ൽ താജിക്കിസ്താൻ സ്ത്രീകൾ താജിക്കി വസ്ത്രങ്ങൾ ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഫോണിലൂടെ പ്രചാരണം നടത്തിയിരുന്നു. 2018ൽ സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് നിഷ്കർഷിക്കുന്ന ഒരു കൈപുസ്തകം തന്നെ താജിക്കിസ്താൻ പുറത്തിറക്കി. എന്തുതരം തുണി ഉപയോഗിക്കണം, വസ്ത്രത്തിൻ്റെ നീളം, നിറം, രൂപം തുടങ്ങിയ വിവരങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നത്. താജിക്കി രീതിയിൽ തലയിൽ സ്കാർഫ് ധരിക്കാനുള്ള അനുവാദവും ഇതുപ്രകാരം സ്ത്രീകൾക്ക് അനുവദിച്ചു നൽകി. എന്നാൽ കഴുത്തോ മുഖമോ മറയ്ക്കാൻ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. ശവസംസ്കാര ചടങ്ങുകളിൽ കറുപ്പു കളറിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി. പകരം നീലനിറത്തിലുള്ള വസ്ത്രവും വെള്ള സ്കാർഫും ധരിക്കണമെന്നും കൈപ്പുസ്തകത്തിൽ രേഖപ്പെടുത്തി. നിയമം ലംഘിക്കുന്നവർക്ക് പിഴയും ശിക്ഷയും ഏർപ്പെടുത്തി.

സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു. പുരുഷന്മാർക്ക് താടി നീട്ടി വളർത്തുന്നതിന് അുവാദമുണ്ടായിരുന്നില്ല. മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച 2018ൽ കാറുകള്‍ തടഞ്ഞുനിര്‍ത്തി പുരുഷന്മാരുടെ നീളവുള്ള താടികൾ നിർബന്ധിതമായി ഷേവ് ചെയ്തു, സ്ത്രീകളുടെ ഹിജാബ് അഴിപ്പിച്ചതുൾപ്പടെ സമാനതകളില്ലാത്ത നടപടികളാണ് താജിക്കിസ്താനിൽ നടപ്പിലാക്കിയത്.

ഇമോമലി റഹ്മോനെ എതിർക്കുന്നവരും പിന്തുണയ്ക്കുന്നവരും ഏറെയാണ്. എന്നാൽ എതിർശബ്ദങ്ങളെ അടിച്ചമർത്തിയാണ് 30 വർഷമായി താജിക്കിസ്താനിൽ ഇമോമലി റഹ്മോൻ ഭരണം നടത്തുന്നത്. എന്തു ധരിക്കണം, ഏതു വിശ്വാസത്തിൽ ജീവിക്കണം എന്നുള്ളത് വ്യക്തിപരമായ തീരുമാനങ്ങളാണ് എന്നിരിക്കെ ഭരണകൂടം വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധവും ശക്തമാണ്.

Story Highlights : Tajikistan banned wearing hijab in the country.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top