Advertisement

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ ഫീസ് വർധന; വിമാനങ്ങൾക്കുള്ള നിരക്കുകളും കൂട്ടി; യാത്രക്കാർക്ക് ചിലവേറും

June 27, 2024
2 minutes Read
trivandrum international ai

തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ഇനി ചിലവേറും. ആഭ്യന്തര – അന്താരാഷ്ട്ര യാത്രക്കാർ വിമാനത്താവളത്തിൽ നൽകേണ്ട യൂസർ ഫീ നിരക്ക് അദാനി ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തി കുത്തനെ കൂട്ടി. ജൂലൈ ഒന്ന് മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകണം. ആഭ്യന്തര യാത്രക്കാർക്ക് നിലവിൽ 506 രൂപയാണ് യൂസർ ഫീ. അതേസമയം 1069 രൂപയായിരുന്ന അന്താരാഷ്ട്ര യൂസർ ഫീ ഒറ്റയടിക്ക് 1540 ആക്കുകയായിരുന്നു.

എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് യൂസർ ഫീ നിരക്ക് വർധിപ്പിച്ചത്. ജൂൺ 21 ന് ആണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. 2022 ഏപ്രിൽ ഒന്ന് മുതൽ 2027 മാർച്ച് 31 വരെയാണ് ഈ യൂസർ ഫീ നിരക്ക് ബാധകമാവുക. 2022 ൽ യൂസർ ഫീ മാറ്റാതിരുന്നതിനാലാണ് ഇപ്പോൾ നിരക്ക് മാറ്റിയിരിക്കുന്നത്. സ്വകാര്യവത്കരിക്കപ്പെട്ട ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ ആദ്യമായാണ് യൂസർ ഫീ നിരക്ക് കൂട്ടിയത്. ജൂലൈ ഒന്ന് മുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്കോ ഇന്ത്യയിൽ മറ്റെവിടേക്കെങ്കിലുമോ പോകാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടിയ തുക നൽകുകയല്ലാതെ നിവൃത്തിയില്ല.

അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി എയർപോർട് ഹോൾഡിങ്സ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലാണ് നിലവിൽ ദി തിരുവനന്തപുരം കേരള ഇൻ്റർനാഷണൽ എയർപോർട് ലിമിറ്റഡ് പ്രവർത്തിക്കുന്നത്. അദാനി എയർപോർട് ഹോൾഡിങ്സ് ലിമിറ്റഡിന് നിലവിൽ രാജ്യത്ത് എട്ടോളം വിമാനത്താവളങ്ങളുണ്ട്.

ജൂലൈ ഒന്ന് മുതൽ 2025 മാർച്ച് 31 വരെ തിരുവനന്തപുരത്ത് പറന്നിറങ്ങുന്ന ആഭ്യന്തര യാത്രക്കാർ യൂസർ ഫീയായി 330 രൂപ നൽകണം. 2025 ഏപ്രിൽ ഒന്ന് മുതൽ പുറപ്പെടാനെത്തുന്ന ആഭ്യന്തര യാത്രക്കാർ 840 രൂപയും തിരുവനന്തപുരത്തേക്ക് വരുന്നവർ 360 രൂപയും ൽകണം. അടുത്ത സാമ്പത്തിക വർഷത്തിൽ ഈ ഫീസ് യഥാക്രമം 910 രൂപയും 390 രൂപയുമായി മാറും. അതേസമയം അന്താരാഷ്ട്ര യാത്രക്കാരുടെ കാര്യമാണ് കടുപ്പം. 1540 രൂപയായ യൂസർ ഫീ അടുത്ത സാമ്പത്തിക വർഷത്തിൽ 2000 രൂപയെങ്കിലുമാകും. പിന്നീടുള്ള വർഷങ്ങളിലും ക്രമമായ വളർച്ചയുണ്ടാകും.

ജൂലൈ ഒന്ന് മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വരും. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് യൂസർ ഫീ നിരക്ക് വർധിപ്പിച്ചത്. 2021ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് യൂസർ ഫീ കൂട്ടുന്നത്. 2022ൽ താരിഫ് പുതുകേണ്ടിയിരുന്നെങ്കിലും രണ്ട് വർഷം വൈകി ഇപ്പോഴാണ് പുതുക്കിയത്. 2027 മാർച്ച് 31 വരെ ഓരോ സാമ്പത്തിക വർഷത്തിലും നിശ്ചിത നിരക്കിൽ യൂസർ ഫീയിൽ വർധനവുണ്ടാകുമെന്നാണ് എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നു. കൊവിഡ് കാലത്തെ നഷ്ടം കണക്കിലെടുത്ത് 900 കോടി രൂപ അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റിക്ക് നൽകണം.

അഞ്ച് വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ 1200 കോടി രൂപ ചെലവഴിക്കാനാണ് അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചത്. ഇത് രണ്ടും കണക്കിലെടുത്ത് യൂസർ ഫീ പുതുക്കി നിശ്ചയിച്ചതോടെയാണ് കുത്തനെയുള്ള വർധന. അതോടൊപ്പം വിമാനങ്ങൾക്കുള്ള ഫീസ് നിരക്കിലും മാറ്റമുണ്ട്. തിരുവനന്തപുരത്ത് ലാൻ്റ് ചെയ്യുന്ന വിമാനങ്ങൾ മെട്രിക് ടണ്ണിന് 809 രൂപ നിരക്കിൽ ആകെ ഭാരത്തിന് കണക്കായ പണം അടക്കണം. ഇത് നേരത്തെ 309 രൂപയായിരുന്നു. വരും വർഷങ്ങളിൽ ഇത് മെട്രിക് ടണ്ണിന് 1400 രൂപയും 1650 രൂപയുമായും ഉയരും. ഏത് വിധേനെയായാലും യാത്രാ നിരക്കുകളെ ഈ ഫീസുകൾ നേരിട്ട് സ്വാധീനിക്കുന്നതിനാൽ യാത്രക്കാരന് വലിയ ബാധ്യതയാവും.

Story Highlights : Adani group owned Trivandrum Airport user fee hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top