സുപ്രധാന സമിതികളിൽ അംഗത്വം, കാബിനറ്റ് പദവി, ടൈപ്പ് 8 ബംഗ്ലാവ്, ശമ്പളം: പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ അധികാരങ്ങൾ

നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം ലോക്സഭയിൽ വീണ്ടുമൊരു പ്രതിപക്ഷ നേതാവിൻ്റെ ഉദയം. രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതൃ പദവിക്ക് സ്പീക്കർ ഓം ബിർള മുൻകൂർ അനുമതി നൽകിയത് ജൂൺ ആറ് മുതൽ മുൻകൂർ പ്രാബല്യത്തോടെയാണ്. ഇതോടെ രാഹുൽ ഗാന്ധിക്ക് ഭരണഘടനാപരമായ പല തീരുമാനങ്ങളിലും പങ്കാളിയാകാനാവും. തെരഞ്ഞെടുപ്പ് കമ്മീഷണർ, കേന്ദ്ര വിജിലൻസ് കമ്മീഷൻ അംഗങ്ങൾ, സിബിഐ തുടങ്ങിയ സുപ്രധാന നിയമനങ്ങൾ നടത്തുന്ന സമിതികളിൽ പ്രധാനമന്ത്രിക്കൊപ്പം ഇരിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കും.
2014 ൽ 44 ഉം 2019 ൽ 59 ഉം അംഗങ്ങളെ മാത്രം ജയിപ്പിക്കാനായ കോൺഗ്രസിന് ലോക്സഭയിൽ പ്രതിപക്ഷ നേതൃ പദവി ലഭിച്ചിരുന്നില്ല. ലോക്സഭയിലെ ആകെ അംഗബലത്തിൻ്റെ പത്ത് ശതമാനം (55) സീറ്റുകളെങ്കിലും ജയിക്കുന്ന പാർട്ടിക്കാണ് പ്രതിപക്ഷ നേതൃ പദവിക്ക് അർഹത. കഴിഞ്ഞ ലോക്സഭയിൽ അധിർ രഞ്ജൻ ചൗധരിയെ കോൺഗ്രസ് കക്ഷി നേതാവായി ലോക്‌സഭയിൽ സ്പീക്കർ അംഗീകരിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് പദം ലഭിച്ചിരുന്നില്ല.
ഇതോടെ ഇന്ത്യൻ പാർലമെൻ്റിൽ അച്ഛൻ രാജീവ് ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും വഹിച്ചിരുന്ന പദവിയാണ് രാഹുൽ ഗാന്ധിയെയും തേടി എത്തിയത്. 1989-1990 കാലത്ത് രാജീവ് ഗാന്ധിയും 1999-2004 കാലത്ത് സോണിയ ഗാന്ധിയുമായിരുന്നു ലോക്‌സഭയിലെ പ്രതിപക്ഷ നേതാക്കൾ. 1977 ലെ പാർലമെൻ്റ് നിയമം പ്രകാരം കാബിനറ്റ് മന്ത്രി പദവിക്ക് തുല്യമായ സ്ഥാനമാണ് പ്രതിപക്ഷ നേതാവിൻ്റേത്.
ഇതോടൊപ്പം 15 ജീവനക്കാരെ നിയമിക്കാനും രാഹുൽ ഗാന്ധിക്ക് സാധിക്കും. ദില്ലിയിൽ ടൈപ്പ് 8 ബംഗ്ലാവ് താമസിക്കാനായി ലഭിക്കും. ലോക്‌സഭയിൽ സ്വന്തമായി ഓഫീസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ലോക്സഭ ഹാളിനകത്ത് മുൻനിരയിലാണ് പ്രതിപക്ഷ നേതാവിൻ്റെ ഇരിപ്പിടം ഉണ്ടാവുക. പ്രതിപക്ഷത്തിൻ്റെയാകെ നേതാവായി അദ്ദേഹത്തിന് പ്രസംഗിക്കാനാവും. മാസം 3.3 ലക്ഷം രൂപയായിരിക്കും പ്രതിപക്ഷ നേതാവ് പദവിയിൽ അദ്ദേഹത്തിന്റെ പ്രതിഫലം. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇതിൽ Z+ സുരക്ഷയും ലഭിക്കും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, സിബിഐ ഡയറക്ടർ, എൻഫോഴ്‌സ്മെൻ്റ് ഡയറക്ടർ, മുഖ്യ വിവരാവകാശ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ലോക്‌പാൽ തുടങ്ങിയവരെ തെരഞ്ഞെടുക്കുന്ന സമിതികളിൽ രാഹുൽ ഗാന്ധിക്ക് ഇരിപ്പിടമുണ്ടാകും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന മൂന്നംഗ സമതികളിൽ ഒന്ന് പ്രധാനമന്ത്രിയും രണ്ട് അദ്ദേഹം നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രിയുമാണ് അംഗങ്ങളാവുക. എന്നാൽ ബി.ജെ.പിക്ക് കൃത്യമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ പാടേ തള്ളിക്കളയാൻ ഇവർക്ക് കഴിയില്ല.
സിബിഐ, ഇഡി, സിവിസി നിയമനങ്ങൾക്കും മൂന്നംഗ സമിതിയാണ് തീരുമാനം എടുക്കുക. പ്രധാനമന്ത്രിക്ക് പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നിർദ്ദേശിക്കുന്ന സുപ്രീം കോടതി ജഡ്ജിയോ ആണ് മറ്റൊരംഗമാവുക. ഈ പദവിയിൽ രാഹുൽ ഗാന്ധി എത്തുന്നതോടെ തീരുമാനങ്ങൾ കേന്ദ്രസർക്കാരിന് അടിച്ചേൽപ്പിക്കാനാവില്ല. ഈ വർഷം നവംബറിൽ ലോക്സഭാ സെക്രട്ടറി ജനറൽ സ്ഥാനത്ത് ഉത്പൽ കുമാർ സിങ് കാലാവധി പൂർത്തിയാക്കാനിരിക്കെ പുതിയ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്ന സമിതിയിൽ രാഹുൽ ഗാന്ധിയും ഉണ്ടാകും.
Story Highlights : Powers of Rahul Gandhi as Lok Sabha LoP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here