‘സഞ്ജു സാംസണിന്റെ സാന്നിധ്യം അഭിമാനം നൽകുന്നു’; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് കേരള നിയമസഭ

ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദനം അറിയിച്ച് കേരള നിയമസഭ. നിയമസഭാ സമ്മേനത്തിനിടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചത്.
സഞ്ജു സാംസണിന്റെ സാന്നിധ്യം കേരളത്തിന് അഭിമാനം നൽകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകകപ്പ് നേടി തിരിച്ച് വരുന്ന മലയാളി താരത്തിന് കേരള സർക്കാരിന്റെ നേതൃത്വത്തിൽ ഉജ്വല വരവേൽപ്പ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താരങ്ങൾ രാജ്യത്തിന് അഭിമാനം പകർന്നുവെന്നും ടീമിലുള്ള ഓരോ താരങ്ങളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യയുടെ വിജയം നമ്മളെ പ്രചോദിപ്പിക്കുന്നുവെന്നും തോൽക്കാൻ മനസ്സില്ലാത്ത പോരാട്ടത്തിന്റെ വിജയാണ് ഇതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ‘പ്രതിഭാശാലികളുടെ കൂട്ടമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം, ശക്തമായ തിരിച്ച് വരവ് നടത്തിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള കലാശപോരിൽ കിരീടം നേടിയത്. ഓരോ ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുന്ന ഒന്നാണിത്’. വിഡി സതീശൻ പറഞ്ഞു.
അതേസമയം ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന്‍റെ നാട്ടിലേക്കുള്ള യാത്ര വൈകുന്നു. ബെറില്‍ ചുഴലിക്കാറ്റിന് മുന്നോടിയായി കരീബിയന്‍ ദ്വീപുകളില്‍ പെയ്യുന്ന ശക്തമായ മഴ കാരണമാണ് വിമാനയാത്ര വൈകുന്നത്. താരങ്ങൾ താമസിക്കുന്ന ഹോട്ടൽ ചുരുങ്ങിയ ജീവനക്കാരുമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിനെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിക്കുന്നതിനെ പറ്റി ബിസിസിഐ ആലോചിക്കുന്നതായാണ് വിവരം.
Story Highlights : Kerala Legislative Assembly Congratulates T20 Indian team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here