Advertisement

അമേരിക്കയിലേക്ക് പറക്കാൻ വേഷംകെട്ട്, 67കാരനായി ആൾമാറാട്ടം: ഡൽഹി വിമാനത്താവളത്തിൽ യുവാവും ഭാര്യയും പിടിയിൽ

July 3, 2024
2 minutes Read

രാജ്യം വിടാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ട്. അതിന് അവർക്ക് നിയമപരമായ വഴികൾ പലതുമുണ്ട്. ഈ വഴികളെല്ലാം അടഞ്ഞാലോ അതൊന്നും പ്രാപ്യമല്ലാതെയോ വന്നാലോ? അങ്ങനെയുള്ളവർ വേഷംകെട്ടും, ആൾമാറാട്ടം നടത്തും, നിയമത്തിൻ്റെയും സുരക്ഷാ ജീവനക്കാരടെയും കണ്ണ് വെട്ടിച്ചും രാജ്യം കടക്കാൻ നോക്കി. അങ്ങനെ വമ്പനൊരു നീക്കം നടത്തിയ ഗുരു സേവക് സിങ് എന്ന അഹമ്മദാബാദുകാരനും ഭാര്യ അർച്ചന കൗറും ഇപ്പോൾ അകപ്പെട്ടിരിക്കുന്നത് വലിയൊരു കുരുക്കിലാണ്. അമേരിക്കയിലേക്ക് കടക്കാനായി ആൾമാറാട്ടം നടത്തി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ ഇരുവരെയും സുരക്ഷാ ജീവനക്കാർ സംശയം തോന്നി പരിശോധിച്ചു. ഗുരു സേവക് സിങ് പിടിയിലാകുമെന്ന് ഭയന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളുടെ ഭാര്യയെയും സുരക്ഷാ ജീവനക്കാർ പിടികൂടി.

യുപിയിലെ ട്രാവൽ ഏജൻസി ഉടമ പറഞ്ഞുകൊടുത്ത ബുദ്ധിയാണ് ഇരുവരെയും കുടുക്കിയത്. മെച്ചപ്പെട്ട ജീവിതവും ജോലിയും തേടാൻ അമേരിക്കയിലേക്ക് പോകാനായിരുന്നു ശ്രമമെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. യു.പിയിലെ ബിജ്നോറിൽ നിന്നുള്ള ജഗ്ഗിയെന്ന ഏജൻ്റ് വഴിയാണ് ഇവർ അമേരിക്കയിലേക്ക് പോകാൻ ശ്രമം നടത്തിയത്. ഇരുവർക്കുമായി ആകെ 60 ലക്ഷം രൂപയാണ് ജഗ്ഗി ആവശ്യപ്പെട്ടത്. അതിൽ 30 ലക്ഷം രൂപയാണ് ഇതുവരെ നൽകിയത്. ബാക്കി 30 ലക്ഷം അമേരിക്കയിലെത്തിയ ശേഷം നൽകാമെന്നായിരുന്നു ധാരണ. വയോധികരായ മറ്റ് രണ്ട് പേരുടെ പാസ്പോർട്ട് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി അമേരിക്കയിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇതിനായി ഗുരു സേവക് സിങിന് 67 കാരനായ രഷ്‌വീന്ദർ സിങ് സഹോതയുടെയും അർച്ചന കൗറിന് ഹർജീത് കൗർ എന്ന സ്ത്രീയുടെയും പാസ്പോർട്ടാണ് നൽകിയത്.

ജഗ്ഗിയുടെ നിർദ്ദേശപ്രകാരം ഇരുവരും ഒരാഴ്ചയായി മഹിപാൽപുറിൽ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. ദില്ലിയിലെ തന്നെ ഒരു സലോണിൽ ജഗ്ഗിയുടെ നിർദ്ദേശപ്രകാരം എത്തിയാണ് ഗുരു സേവകും ഭാര്യയും മേക്കോവർ നടത്തിയത്. ഇതിനായി 2000 രൂപയും ചെലവായി. പാസ്പോർട്ടിലെ ചിത്രത്തിലുള്ളവരെ പോലെ തോന്നിക്കാനായിരുന്നു ഇത്. ഗുരു സേവകും ഭാര്യയും പിടിയിലായതിന് പിന്നാലെ ഉത്തരാഖണ്ഡിലെ രുദ്രാപുരിലെ ഒളിയിടത്തിൽ നിന്ന് ജഗ്ഗിയും അറസ്റ്റിലായി. ഇയാൾക്ക് യു.പിയിലെ ബിജ്നോറിൽ ട്രൂ ടോക്ക് ഇമേജിനേഷൻ എന്ന സ്ഥാപനമുണ്ട്. വിദേശത്തേക്കുള്ള യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ട്രാവൽ ഏജൻസിയാണിത്. വിദേശത്ത് പോകാൻ വഴി തേടിയെത്തുന്ന ആളുകളെ പറ്റിച്ച് പണം തട്ടലാണ് ജഗ്ഗിയുടെ രീതിയെന്ന് പൊലീസ് പറയുന്നു. ഗുരു സേവകിനെ മേക്കോവർ വരുത്തി 67കാരനാക്കിയ സലോൺ ഉടമ പൊലീസ് ചോദ്യം ചെയ്ത ശേഷം കേസിലെ മുഖ്യ സാക്ഷിയാക്കി.

ഇതിന് മുൻപും ദില്ലി വിമാനത്താവളത്തിൽ ആൾമാറാട്ടം പിടിക്കപ്പെട്ടിട്ടുണ്ട്. 2019 സെപ്തംബർ പത്തിനായിരുന്നു സംഭവം. 24കാരനായ ജയേഷ് പട്ടേലാണ് അന്ന് 81കാരനായ അംറിക് സിങായി വേഷം മാറി വിമാനത്താവളത്തിൽ എത്തിയത്. വെള്ള ജുബ്ബയും പൈജാമയും ധരിച്ച് വീൽചെയറിൽ തലപ്പാവും നരച്ച താടിയും മുടിയുമൊക്കെയായാണ് ജയേഷ് പട്ടേൽ എത്തിയത്. എന്നാൽ സുരക്ഷാ പരിശോധനാ സമയത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥന് സംശയം തോന്നി. ശബ്ദം, ചുളിയാത്ത ത്വക്ക്, നരകയറിയ താടിരോമങ്ങളുടെ അഗ്രഭാഗത്തെ കറുപ്പ് നിറം തുടങ്ങിയവയായിരുന്നു സംശയം തോന്നാനുള്ള കാരണം. വിശദമായ ചോദ്യം ചെയ്യലിൽ താൻ ഗുജറാത്ത് സ്വദേശിയായ ജയേഷ് പട്ടേലാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.

Story Highlights : 24yr old man poses as 67yr old to fly US arrested at Delhi airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top