Advertisement

‘ദേശീയപാത നിർമാണം 2025 ഡിസംബറിൽ പൂർത്തിയാക്കും; ഗതാഗതരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകും’; മന്ത്രി മുഹമ്മദ് റിയാസ്

July 3, 2024
2 minutes Read

ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങൾ 2025 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി ആവശ്യമായ നടപടികൾ അടിയന്തിരമായി കൈക്കൊള്ളുമെന്നുംമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിൽ സബ്മിഷനായി വിവിധ എംഎൽഎമാർ ഉന്നയിച്ച പ്രശ്‌നങ്ങളും ജില്ലകളിൽ നിന്ന് ജനപ്രതിനിധികളും മറ്റും ഉന്നയിച്ച പ്രശ്‌നങ്ങളും പരിശോധിക്കുന്നതിനായി വിളിച്ചുചേർത്ത കളക്ടർമാരുടേയും ദേശീയപാത അതോറിറ്റി അധികൃതരുടേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതും സർവീസ് റോഡുകളിൽ വിള്ളലുണ്ടാകുന്നതും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവ ദേശീയപാത അതോറിട്ടി പ്രൊജക്ട് ഡയറക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിച്ച് പരിഹാരം കാണുമെന്ന് മന്ത്രി വ്യക്തമാക്കി. അതോടൊപ്പം ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ സത്വര നടപടികളെടുക്കാനും വഴിതിരിച്ചുവിടുന്നിടങ്ങളിൽ കൃത്യമായും വ്യക്തമായും അടയാള ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Read Also: ‘ബാലകബുദ്ധി മൂന്ന് തവണ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു’; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പാര്‍ലമെന്റില്‍ വിമര്‍ശനം ആവര്‍ത്തിച്ച് മോദി

17 റീച്ചുകളായാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ 9 ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത 66 നിർമിക്കുന്നത്. 45 മീറ്ററിൽ നിർമിക്കുന്ന ആറുവരിപ്പാത 2025 ഡിസംബറോടെ ഏതാണ്ട് പൂർണമായും പണിതീർക്കാനാകുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. പണിതീരുന്ന റീച്ചുകൾ ഓരോന്നും അതതുസമയത്തുതന്നെ തുറന്നുകൊടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ദേശീയപാത പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗതരംഗത്ത് വലിയ കുതിച്ചുചാട്ടമായിരിക്കും ഉണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു. ദേശീയപാത നിർമാണം തടസ്സപ്പെടുന്നതും വൈകുന്നതും കഴിയുന്നതും ഒഴിവാക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്നും ഓരോ പ്രവർത്തനവും കൃത്യമായി റിപ്പോർട്ടാക്കി യഥാസമയം സർക്കാരിനെ അറിയിക്കണമെന്നും കളക്ടർമാർക്ക് മന്ത്രി നിർദേശം നൽകി.

Story Highlights : National highway construction will be completed in December 2025 says Minister Mohammed Riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top