ലാഭം നോക്കാതെ സമാന്തര സിനിമയെ വളർത്തിയ നിർമാതാവ്; അച്ചാണി രവി വിടപറഞ്ഞിട്ട് ഒരു വർഷം

മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച നിർമ്മാതാവും വ്യവസായിയുമായ അച്ചാണി രവിയെന്ന കെ രവീന്ദ്രൻനായർ വിട പറഞ്ഞിട്ട് ഒരു വർഷം. സമാന്തര സിനിമകളെ വളർത്താൻ ഇത്രയധികം പണവും ഊർജവും വിനിയോഗിച്ച മറ്റൊരാൾ മലയാളത്തിൽ ഉണ്ടായിട്ടില്ല. (Malayalam film producer K Raveendran Nair death anniversary)
മലയാള സിനിമയെ വിശ്വചക്രവാളത്തോളം എത്തിച്ച ജി. അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും ഉൾപ്പെടെയുള്ള മികച്ച സിനിമകളുടെ അമരക്കാരനായിരുന്നു അച്ചാണി രവിയെന്ന കെ രവീന്ദ്രൻനായർ. ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ചത് 14 സിനിമകൾ. അതിൽ 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ. കലയോടുള്ള സ്‌നേഹമാണ് വ്യവസായിയായ കെ രവീന്ദ്രൻ നായരെ സിനിമയിലെത്തിച്ചത്.
വാണിജ്യപരമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യതയില്ലാത്ത ആർട്ട് ഹൗസ് സിനിമകളിലേക്ക് അദ്ദേഹത്തെ നയിച്ചതു കലയോടുള്ള അതിയായ അധിനിവേശമായിരുന്നു. കൊല്ലത്തെ അക്ഷരസൗധത്തിനു മുന്നിലെ അന്ത്യവിശ്രമ സ്ഥലത്ത് കലാമൂല്യമുള്ള സിനിമയെ സ്നേഹിച്ച ആ മനുഷ്യൻ്റെ ഓർമകളുടെ സ്മൃതി മണ്ഡവും ഇന്ന് പിറവി കൊള്ളും. മൃദുഭാഷിയായ, മെലിഞ്ഞു നീണ്ട ആ മനുഷ്യൻ തൊഴിലാളികളുടെയും സാംസ്കാരിക –ചലച്ചിത്ര പ്രവർത്തകരുടെയും ഇടങ്ങളിൽ, അത്രയേറെ ആദരണീയനായി മാറിയത് വളരെ പെട്ടെന്നായിരുന്നു.
കാഞ്ചനസീത, എസ്തപ്പാൻ ,പോക്കുവെയിൽ, ,എലിപ്പത്തായം, അനന്തരം, വിധേയൻ എന്നിങ്ങനെ ഒരുപിടി നല്ല ചലച്ചിത്രങ്ങൾ ജനിച്ചത് ലാഭം നോക്കാതെ കെ രവീന്ദ്രൻനായർ സിനിമയെ ചേർത്ത് പിടിച്ചതുകൊണ്ട് മാത്രമാണ്. കൊല്ലം പബ്ലിക് ലൈബ്രറി. സോപാനം കലാകേന്ദ്രം, ചിൽഡ്രൻസ് ലൈബ്രറി, ലോകനിലവാരമുള്ള കൊല്ലം ആർട്ട് ഗാലറി, ബാലഭവൻ കെട്ടിടം തുടങ്ങിയ കൊല്ലത്തിന്റെ സാംസ്കാരിക എടുപ്പുകളിൽ രവിശോഭ നിറഞ്ഞു നിൽക്കുന്നു. അന്ത്യവിശ്രമം കൊള്ളുന്ന പബ്ലിക് ലൈബ്രറി മുറ്റത്താണ് രവീന്ദ്രനാഥൻ നായർക്ക് സ്മൃതി മണ്ഡപം പൂർത്തിയാകുന്നത്.ചതുരത്തറയിൽ കൃഷ്ണശില സ്ഥാപിച്ച് കാനായി കുഞ്ഞിരാമനാണ് സ്മൃതിമണ്ഡപം ഒരുക്കുന്നത്. മൈസൂരുവിൽ നിന്ന് കൃഷ്ണശില എത്തിച്ചാണ് നിർമാണം.
Story Highlights : Malayalam film producer K Raveendran Nair death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here