കറുത്ത നിറം പ്രശ്നം: ഭാര്യ ഉപേക്ഷിച്ചു പോയെന്ന പരാതിയുമായി യുവാവ്, കൗൺസിലിങിന് വിളിപ്പിച്ച് പൊലീസ്

തൻ്റെ കറുത്ത നിറം കാരണം ഭാര്യ തന്നെ ഉപേക്ഷിച്ചുവെന്ന പരാതിയുമായി യുവാവ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 24 കാരനായ യുവാവാണ് ഭാര്യക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ സംഭവത്തിൽ കേസെടുക്കാതെ പൊലീസ് ഇരുവരെയും കൗൺസിലിങിനായി വിളിപ്പിച്ചു.
ഗ്വാളിയോർ നഗരത്തിലെ വിക്കി ഫാക്ടറി ഏരിയയിലെ താമസക്കാരനാണ് പരാതിക്കാരനായ യുവാവ്. 14 മാസം മുൻപായിരുന്നു ഇയാളുടെ വിവാഹം. എന്നാൽ തൻ്റെ നിറം കറുപ്പായതിനാൽ ഭാര്യ വിവാഹം കഴിഞ്ഞയുടൻ ശല്യപ്പെടുത്താൻ തുടങ്ങിയെന്ന് അദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
ഒരു മാസം മുൻപ് ദമ്പതികൾക്ക് കുഞ്ഞുണ്ടായി. പ്രസവം കഴിഞ്ഞ് പത്താം ദിവസം യുവതി മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് തൻ്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കാനായി പോയി. ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാനായി യുവാവ് ഈ വീട്ടിലേക്ക് പോയെങ്കിലും അവർ തൻ്റെ കറുത്ത നിറത്തെ ചൊല്ലി വരാൻ തയ്യാറായില്ലെന്നാണ് പരാതി.
പിന്നാലെ യുവതി പൊലീസിനെ സമീപിച്ച് ഭർത്താവിനെതിരെ പീഡന പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേക്ക് പോയതെന്ന് വ്യക്തമായത്. ഇതോടെ ഭർത്താവും യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി. നാളെ ഇരുവരെയും കൗൺസിലിങിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
Story Highlights : Man claims wife left him over dark complexion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here