Advertisement

ശ്വാസം മുട്ടി വിശ്വാസിയുടെ മരണം, പ്രദക്ഷിണത്തിനിടെ വിഗ്രഹം വീണ് 7 പേർക്ക് പരിക്ക്: പുരി ക്ഷേത്രത്തിലെ അപകടത്തിൽ ബിജെപി പ്രതിരോധത്തിൽ

July 12, 2024
2 minutes Read
Puri Rath Yathra

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയുടെ സുഗമമായ നടത്തിപ്പ് ഒഡിഷയിൽ അധികാരത്തിലേറിയ ബിജെപി സർക്കാരിന് വെല്ലുവിളി. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന 20 ലക്ഷത്തിലേറെ വിശ്വാസികൾ എത്തിച്ചേരുന്ന ഉത്സവ നടത്തിപ്പിൽ ഇതിനോടകം തന്നെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷി ബിജെഡി രംഗത്തെത്തി. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തിരക്കിൽ വിശ്വാസി ശ്വാസംമുട്ടി മരിച്ചതും വിഗ്രഹങ്ങളിലൊന്ന് താഴെ വീണ് വിശ്വാസികൾക്ക് പരിക്കേറ്റതും സർക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. നവീൻ പട്‌നായിക്ക് മന്ത്രിമാരെ വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി.

ഗുണ്ടിച ക്ഷേത്രത്തിലെ അഡപ്പ പഹണ്ടി എന്ന് അറിയപ്പെടുന്ന പ്രദക്ഷിണത്തിനിടെയാണ് ബഡ തക്കുറയെന്ന ബാലഭദ്ര വിഗ്രഹം താഴെ വീഴത്. ഏഴോളം പേർക്ക് ഇതിൽ പരിക്കേറ്റിരുന്നു. പിന്നാലെ മുഖ്യമന്ത്രി മോഹൻ ചരൺ മാജി മന്ത്രിസഭയിലെ രണ്ട് പേരെ ക്ഷേത്രത്തിലേക്ക് അയച്ച് സ്ഥിതി ഗതികൾ വിലയിരുത്താൻ ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തെ നിസാരവത്കരിക്കുന്നുവെന്ന് മന്ത്രിമാർക്കെതിരെ വിമർശനം ഉയർന്നു.

ചെറിയ അപകടമെന്ന മന്ത്രിയുടെ പരാമർശമാണ് വിമർശനത്തിന് കാരണം. ഇത് വിവാദമാക്കേണ്ടതില്ലെന്നും രഥയാത്ര സുരക്ഷിതമായി നടത്തുമെന്നും മന്ത്രി ഹരിചന്ദൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ദൈവത്തിൻ്റെ പ്രവർത്തി (ലീലാമായ ലീല) എന്നാണ് അപകടത്തെ വിശ്വാസികളിൽ വലിയ വിഭാഗം വിലയിരുത്തുന്നത്. ഇതിന് പിന്നാലെയാണ് നവീൻ പട്‌നായിക് മുഖ്യമന്ത്രിക്ക് കത്തെഴുതി സർക്കാരിനെ പ്രതിരോധത്തിലാക്കിയത്.

ഗുണ്ടിച ക്ഷേത്രമാണ് പുരിയിലെ മൂന്ന് പ്രധാന ദൈവങ്ങളുടെയും ജന്മനാടായി കരുതുന്നത്. അലങ്കരിച്ച മൂന്ന് രഥങ്ങളിൽ ഇവിടെ നിന്ന് ഈശ്വര വിഗ്രഹങ്ങൾ പുരിയിലെ പ്രധാന ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതാണ് പ്രശസ്തമായ പുരി രഥ യാത്ര.ഇതിന് പിന്നാലെയാണ് അഡപ്പ പഹണ്ടി എന്ന പ്രദക്ഷിണം നടക്കുന്നത്. വിഗ്രഹം താഴെ വീണതിനെ നിസാര അപകടമായി കാണാൻ ക്ഷേത്രം മാനേജിങ് കമ്മിറ്റി ചെയർമാനായ രാജകുടുംബാഗവും തയ്യാറായിട്ടില്ല.

Story Highlights :  In Odisha Former CM targets BJP govt over mishaps during Puri Rath Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top