Advertisement

കാംലിൻ സ്ഥാപകൻ സുഭാഷ് ദന്ദേക്കർക്ക് വിട; അന്ത്യം മുംബൈയിൽ, അനുസ്മരിച്ച് ബിസിനസ് ലോകം

July 16, 2024
2 minutes Read
Subhash Dandhekar Camlin

പോയ ബാല്യകാലത്തിൻ്റെ സ്മരണയിൽ ഇന്നും തുരുമ്പെടുക്കാതെ സൂക്ഷിച്ചുവെച്ച ഒരു തകരപ്പെട്ടിയുണ്ടാകും പലർക്കും. കാംലിൻ എന്നെഴുതിയ ആ പെട്ടിയിൽ കണക്കുപാഠത്തിൻ്റെ അളവുകോലുകളും സൗഹൃദവും പ്രണയവും വിശ്വാസവും അങ്ങനെ പലതും ഒളിച്ചുവച്ച കാലം. ബ്രാൻ്ഡ് കേന്ദ്രീകൃതമല്ലാതിരുന്ന വിദ്യാഭ്യാസ ഉൽപ്പന്ന വിപണിയിൽ കാംലിൻ എന്ന ബ്രാൻ്ഡ് വരുത്തിയത് വിപ്ലവ സമാനമായ മാറ്റിയിരുന്നു. ആ കമ്പനിക്ക് അതിനുള്ള ദിശാബോധവും കരുത്തുമായി നിന്ന സ്ഥാപകൻ സുഭാഷ് ദന്ദേക്കർ മുംബൈയിൽ 86 വയസിൽ അന്തരിച്ചു.

കാംലിൻ്റെ സ്ഥാപകനും കൊകുയോ കാംലിൻ്റെ ചെയർമാൻ എമിററ്റസുമായിരുന്നു അദ്ദേഹം. വിയോഗ വാർത്ത കുടുംബമാണ് പുറത്തുവിട്ടത്. ഇന്നലെയായിരുന്നു അന്ത്യം. മുംബൈയിൽ ഇന്നലെ തന്നെ സംസ്കാര കർമ്മം നിർവഹിച്ചു. ജപ്പാൻ കേന്ദ്രമായ കൊകുയോ എന്ന കമ്പനിയ്ക്ക് തൻ്റെ കാംലിൻ ബ്രാൻഡ് ഓഹരികൾ നേരത്തെ തന്നെ സുഭാഷ് ദന്ദേക്കർ വിറ്റിരുന്നു. പിന്നീട് കൊകുയോ കാംലിൻ്റെ ചെയർമാൻ എമിററ്റസ് പദവിയിൽ തുടരുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.

ചിത്രകലാ ഉൽപ്പന്ന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയാണ് ദന്ദേക്കർ വിപണിയിൽ ശ്രദ്ധ നേടിയത്. പിന്നീട് ഓഫീസ് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന വിതരണ രംഗത്തേക്കും പ്രൊഫഷണൽ കലാ ഉൽപ്പന്ന വിതരണത്തിലേക്കും അദ്ദേഹം കടന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ ഉപകരണങ്ങളും ഉൽപ്പന്നങ്ങളും ഇറക്കിയ കാംലിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഉൽപ്പന്നങ്ങളുടെ മുന്തിയ ഗുണമേന്മ വിപണിയിൽ സ്വന്തമായ ഇരിപ്പിടം സ്വായത്തമാക്കാൻ കമ്പനിയെ സഹായിച്ചു. കേരളം അടക്കം രാജ്യത്തെമ്പാടും സ്വന്തം ഉൽപ്പന്നങ്ങൾ എത്തിക്കാനും ജനപ്രീതി നേടാനും അദ്ദേഹത്തിന് സാധിച്ചു.

മഹാരാഷ്ട്രയിൽ സ്വകാര്യ മേഖലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചയാളാണ് ദന്ദേക്കറെന്ന് ബിസിനസ് ലോകം അനുസ്മരിക്കുന്നു. 1990-1992 കാലത്ത് മഹാരാഷ്ട്ര ചേംബർ ഓഫ് കൊമ്മേഴ്സ് ആൻ്റ് ഇൻ്റസ്ട്രീസ് പ്രസിഡൻ്റായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Story Highlights :  Camlin founder Subhash Dandekar passes away at 86

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top