Advertisement

ഒരു വനിത പോലും ഇല്ലാതെ തുടങ്ങി; ഒളിമ്പിക്‌സിലെ വനിത പ്രാതിനിധ്യം ആദ്യമായി 50:50

July 19, 2024
2 minutes Read
Paris Olympics 2024

അന്ന്, അതായത് 1896-ല്‍ ആതന്‍സില്‍ ലോക കായികമാമാങ്കത്തിന്റെ പുതുക്കിയ പതിപ്പിന് തിരിതെളിയുമ്പോള്‍ പേരിനൊരു വനിതപോലും മത്സരിച്ചിരുന്നില്ലെന്ന യാഥാര്‍ഥ്യം ഇന്ന് പറയുമ്പോള്‍ ചിലരെങ്കിലും വിശ്വാസിക്കാന്‍ സാധ്യതയില്ല. എന്നാല്‍ 1900-ലെ പാരിസ് ഒളിമ്പിക്‌സില്‍ സ്ത്രീ പ്രാതിനിധ്യത്തിന് തുടക്കമിട്ടു. 997 അത്‌ലറ്റുകളില്‍ 22 പേരായിരുന്നു അന്ന് വനിതകള്‍. ആകെ പ്രാതിനിധ്യത്തിന്റെ വെറും 2.2 ശതമാനം വരുമിത്. എന്നാല്‍ ഒരു നൂറ്റാണ്ടിലധികം സമയമെടുത്ത്, 124 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍കൂടി ഒളിമ്പിക്‌സിന് പാരിസ് വേദികളൊരുക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് തുല്യമായി വനിത പങ്കാളിത്തമുണ്ട് എന്നത് ലോകത്തിന് അഭിമാനമുള്ളതും മാതൃകയാക്കാവുന്നതുമാണ്. ആകെ എത്തിയ 10,500 അത്‌ലറ്റുകളില്‍ 5250 വീതം സ്ത്രീകളും പുരുഷന്മാരും. ഇതോടെ ലിംഗ സമത്വ ഒളിമ്പിക്‌സെന്ന ചരിത്രം കൂടിയാണ് പാരിസ് ഗെയിംസ് എഴുതിച്ചേര്‍ക്കുക. 2020-ലെ ടോക്യോ ഒളിമ്പിക്‌സിനേക്കാള്‍ 2.2 ശതമാനം വനിത താരങ്ങള്‍ വര്‍ധിച്ച് തുല്യനില കൈവരിക്കുകയാണ് ഇത്തവണ. ഒളിമ്പിക്‌സ് വില്ലേജിലെ സാങ്കേതിക ഉദ്യോഗസ്ഥരില്‍ 40 ശതമാനത്തില്‍ അധികവും സ്ത്രീകളാണ് എന്നതും ശ്രദ്ധേയം. 2020 ടോക്യോയില്‍ 30 ശതമാനമായിരുന്നു വനിത ഉദ്യോഗസ്ഥര്‍.

ഒളിമ്പിക്‌സിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാവാതെ ഏറിയും കുറഞ്ഞും ഘട്ടംഘട്ടമായി വളര്‍ന്നുമാണ് പുരുഷന്മാരുടെ നേര്‍പ്പകുതിയിലെത്തിയിരിക്കുന്നത്. 1900-ലെ പാരിസ് ഗെയിംസിന് ശേഷം 1904ല്‍ സെന്റ് ലൂയിസില്‍ 651 അത്‌ലറ്റുകള്‍ എത്തിയതില്‍ സ്ത്രീകള്‍ ആറുപേര്‍ മാത്രം. 0.9 ശതമാനം പ്രാതിനിധ്യമായിരുന്നു. 1908ല്‍ അത് 1.8ഉം തുടര്‍ന്ന് 2.0, 2.5 ശതമാനത്തിലേക്ക് ഉയര്‍ന്നു. 1952ലെ ഹെല്‍സിങ്കി ഗെയിംസിലാണ് ആദ്യമായി സ്ത്രീ പ്രാതിനിധ്യ ശതമാനം രണ്ടക്കം കടക്കുന്നത്. 1976ല്‍ 20ന് മുകളിലേക്ക്. 1996ല്‍ 30ഉം കടന്ന് 34ലെത്തി. 2004ല്‍ 40 കടന്ന് 2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ 47.8 ശതമാനത്തിലേക്കെത്തിയ ശേഷമാണ് 50ല്‍ തൊടുന്നത്.

ടോക്യോയില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളിലും വനിത അത്‌ലറ്റുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ദ വിമന്‍സ് ഗെയിംസ് എന്ന് കൂടി വിളിക്കപ്പെട്ടു. ”ഒളിമ്പിക് ഗെയിംസിലും കായികരംഗത്തും സ്ത്രീകളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണ് ഞങ്ങള്‍ ആഘോഷിക്കാന്‍ പോകുന്നത്. ഇത് കൂടുതല്‍ ലിംഗസമത്വ ലോകത്തിനുള്ള ഞങ്ങളുടെ സംഭാവനയാണ്” -അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സില്‍ പ്രസിഡന്റ് തോമസ് ബാഷ് ഇക്കഴിഞ്ഞ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനത്തില്‍ ഇങ്ങനെ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു. പാരിസിലെ 32 കായിക ഇനങ്ങളില്‍ 28 എണ്ണത്തിലും സമ്പൂര്‍ണ ലിംഗസമത്വം കൈവരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് 152, പുരുഷന്മാര്‍ക്ക് 157, മിക്‌സഡ് 20 എന്നിങ്ങനെയാണ് മെഡല്‍ മത്സരങ്ങള്‍.

ഇന്ത്യയും ഈ ഒളിമ്പിക്സില്‍ അഭിമാനകരമായ രീതിയില്‍ തന്നെ മാറ്റുരക്കുന്നുണ്ട്. ഇന്ത്യക്ക് 46 വനിത അത്ലറ്റുകള്‍ ഉണ്ടാകും. ഇത് ഇന്ത്യന്‍ സംഘത്തിന്റെ 41 ശതമാനം വരും. ടോക്യോയില്‍ 119 പേര്‍ പങ്കെടുത്തപ്പോള്‍ അതില്‍ 53 പേര്‍ വനിതകളായിരുന്നു. അതേ സമയം 21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആറ് ഒളിമ്പിക്സുകളില്‍ നിന്ന് ഇന്ത്യ നേടിയ 20 മെഡലുകളില്‍ എട്ടെണ്ണവും വനിതകളുടെ സംഭാവനയാണ്. ഓരോ തവണയും കെട്ടിലും മട്ടിലും പുതുമ നിറക്കുന്ന ലോക കായികോത്സവമാണ് ഒളിമ്പിക്‌സ്. നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഒളിമ്പിക്‌സ് വീണ്ടും പാരീസിലെത്തുനമ്പോള്‍ സ്ത്രീകളുടെ പേരില്‍ മാത്രം എത്ര റെക്കോര്‍ഡുകള്‍ പിറക്കും എത്ര പേര്‍ ചരിത്രമെഴുതും എന്നതൊക്കെയുള്ള വാര്‍ത്തകള്‍ക്കായി ലോകം കാതോര്‍ക്കുകയാണ്.

Story Highlights :  Half of the participants in the Paris Olympics are women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top