ഹൈ റിസ്കാണ്, മല ഇടിഞ്ഞുവീഴാൻ നിൽക്കുകയാണ്, രാഷ്ട്രീയ മുതലെടുപ്പ് വേണ്ട, നമ്മുടെ സഹോദരൻ അർജുൻ തിരിച്ചുവരാൻ പ്രാർത്ഥിക്കാം: സുരേഷ് ഗോപി

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ മല കൂടുതൽ ഇടിയുമെന്ന റിസ്ക് നിലനിൽക്കുന്നുണ്ടെന്നും ഈ സമയത്ത് എന്തെങ്കിലും വികാരങ്ങൾക്ക് വശംവദരായി രക്ഷാസംഘത്തെ കുറ്റപ്പെടുത്തരുതെന്നും സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു. ഈ സമയത്ത് രാഷ്ട്രീയ മുതലെടുപ്പ് വേണ്ട. കർണാടകയിലുള്ള ജനപ്രതിനിധികളുമായി സംസാരിച്ചപ്പോൾ രക്ഷാപ്രവർത്തനം നന്നായി മുന്നോട്ടുപോയെന്ന് മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ( Suresh gopi about rescue operation to find arjun Karnataka landslide)
വളരെ വൈകിയാണ് മാധ്യമങ്ങളിൽ നിന്നും താൻ അർജുനെ കാണാതായ വിവരമറിഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ ഒരു കോൺഫറൻസ് കഴിഞ്ഞ് 12 മണിക്ക് പുറത്തിറങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ കർണാടകയിലെ അധികൃതരെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. അർജുന്റെ വീട്ടുകാരെ സംബന്ധിച്ച് അവരുടെ കുഞ്ഞിനെ, സഹോദരനെ, ഭർത്താവിനെ ഒക്കെയാണ് നാലുദിവസമായി കാണാതെ പോയിരിക്കുന്നത്. അവരുടെ വലിയ വികാരം നമ്മൾ മനസിലാക്കണം. രക്ഷാപ്രവർത്തനം നടക്കുന്നില്ലെന്ന് പറഞ്ഞ് നമ്മൾ ആരേയും കുറ്റപ്പെടുത്തരുത്. അവിടെ വളരെ അപകടം പിടിച്ചതായിട്ടുകൂടി നല്ല രീതിയിൽ രക്ഷാപ്രവർത്തനം മുന്നോട്ടുപോകുന്നുണ്ട്. അവർ റോഡ് ക്ലിയർ ചെയ്യാനാണ് കൂടുതൽ പരിശ്രമിക്കുന്നതെന്ന ആരോപണം കേട്ടു. എന്നാൽ പരുക്കുകളോടെ അർജുനെ തിരിച്ചുകിട്ടുമ്പോൾ ആശുപത്രിയിലെത്തിക്കണം എന്ന ലക്ഷ്യത്തോടെയുള്ള മുന്നൊരുക്കങ്ങളാണ് നടന്നത്. രക്ഷാ പ്രവർത്തകരെ നിരുത്സാഹപ്പെടുത്തരുത്. നമ്മുടെ സഹോദരനെ തിരിച്ചുകിട്ടാൻ നമ്മുക്ക് പ്രാർത്ഥിക്കാമെന്നും സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും ഇന്ന് തെരച്ചിൽ നടത്തുക. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് സംഭവസ്ഥലം സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ 8.30ന് റഡാർ സംവിധാനം എത്തിക്കും. എസ്ഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ എത്തിയാണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
Story Highlights : Suresh gopi about rescue operation to find arjun Karnataka landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here