Advertisement

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു: KSEB

July 31, 2024
1 minute Read

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവെന്ന് KSEB. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന് എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും എത്തി.

ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് അവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു.

ബുധനാഴ്ച പുലർച്ചെയോടുകൂടി തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരുന്നു. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിയ്ക്ക് ഉണ്ടായതായി കണക്കാക്കുന്നത്.

മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏകദേശം മൂന്നര കിലോമീറ്റർ ഹൈ ടെൻഷൻ (11 KV) ലൈനുകളും 8 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായും തകർന്നു. രണ്ടു ട്രാൻസ്ഫോമറുകൾ കാണാതാവുകയും 6 ട്രാൻസ്ഫോമറുകൾ നിലംപൊത്തുകയും ചെയ്തു. ആയിരത്തോളം ഉപഭോക്താക്കളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്.

പ്രാഥമിക ജോലികൾ നിർവഹിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ നൽകുന്നതിനും സബ് എൻജിനീയർമാരുടെ നേതൃത്വത്തിൽ രണ്ട് ടീമുകളെ വാഹനങ്ങൾ സഹിതം സ്ഥലത്ത് തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വൈദ്യുതി പുന:സ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

വെള്ളം കയറിയതിനാൽ കൽപ്പറ്റ 33 കെവി സബ്സ്റ്റേഷൻ നിന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ഇപ്പോൾ പുന:സ്ഥാപിച്ചു. കൽപ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്. ദുരന്തഭൂമിയോട് ചേർന്നുള്ള മേപ്പാടി ടൗണിലും മേപ്പാടി ഗവ. ആശുപത്രി, വിംസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് പാലവും റോഡുകളും ഒലിച്ചുപോയതിനാലും
പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാലും അവിടേക്ക് കടന്ന് വൈദ്യതി പുന:സ്ഥാപന ശ്രമങ്ങൾ തുടങ്ങാൻ സാധിച്ചിട്ടില്ലെന്നും KSEB അറിയിച്ചു.

Story Highlights : KSEB Wayanad Landslide update live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top