ബംഗ്ലാദേശ് അതിർത്തി സ്ഥിതി നിരീക്ഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു; ബി.എസ്.എഫ് ഈസ്റ്റേൺ കമ്മാൻഡ് മേധാവിക്ക് ചുമതല

ബംഗ്ലാദേശ്-ഇന്ത്യ അതിർത്തി സ്ഥിതി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നത തല സമിതിയെ നിയോഗിച്ചു. ബംഗ്ലാദേശിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യാക്കാരുടെ സുരക്ഷ, ഹിന്ദുക്കളടക്കം മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി മേഖലയിലെ സുരക്ഷ എന്നീ കാര്യത്തിലാണ് ഉന്നതതല സമിതി മേൽനോട്ടം വഹിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ. ബംഗ്ലാദേശിൽ നിന്ന് ആക്രമണം ഭയന്ന് നിരവധി പേർ ഇന്ത്യയിലേക്ക് വ്യാജരേഖകൾ ഉപയോഗിച്ച് കടക്കാനും ശ്രമിക്കുന്നുണ്ട്. ബംഗ്ലാദേശിലെ ഭരണ സംവിധാനവുമായി ഈ ഉന്നതതല സമിതി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം.
ബി.എസ്.എഫ് ഈസ്റ്റേൺ കമ്മാൻഡ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ അധ്യക്ഷനായതാണ് ഈ സമിതി. ബംഗ്ലാദേശിൽ ഇടക്കാല ഭരണ സമിതിയുടെ നേതൃത്വം ഏറ്റെടുത്ത് നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് അധികാരത്തിലേറിയിട്ടുണ്ട്. പ്രതിഷേധം ഭയന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇപ്പോഴും ദില്ലിയിൽ തുടരുകയാണ്.
പ്രതിഷേധത്തിന് പിന്നാലെ അക്രമാസക്തരായ യുവാക്കൾ രാജ്യത്തെ ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും ബംഗ്ലാദേശ് അവമി ലീഗ് എന്ന ഷെയ്ഖ് ഹസീനയുടെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചിരുന്നു. വീടുകളും ക്ഷേത്രങ്ങളും അഗ്നിക്കിരയാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും സ്ത്രീകളെയടക്കം അതിക്രൂരമായി ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഐക്യരാഷ്ട്ര സഭ വലിയ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് അധികാരം ഏറ്റെടുത്തതിന് പിന്നാലെ തന്നെ മുഹമ്മദ് യൂനുസ് സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്തിരുന്നു. അക്രമത്തിന് നേതൃത്വം കൊടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Story Highlights : India forms panel to monitor situation at Bangladesh border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here