ഹേമ കമ്മിറ്റി റിപ്പോർട്ട്: ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പൂർണ്ണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡി.ജി.പിയ്ക്ക് നിർദേശം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. മലയാള സിനിമ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞദിവസമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ടിൽ ഗുരുതര വെളിപ്പെടുത്തലുകളാണ് കണ്ടെത്തിയിരിക്കുന്നത്.
മലയാള സിനിമ മേഖലയിലെ സ്ത്രീകൾ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വരുന്ന വാക്ക് വിട്ടുവീഴ്ചയെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിമർശനം. ഭീഷണിക്ക് വഴങ്ങി കിടക്ക പങ്കിടേണ്ടി വരുന്നവരിൽ നടിമാർ മുതൽ വനിത ടെക്‌നീഷ്യന്മാർ വരെ ഉണ്ട്. ചില പെൺകുട്ടികളുടെ അമ്മമാർ വരെ ഇതിന് കൂട്ടു നിൽക്കാറുണ്ടെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തലുണ്ട്.
Story Highlights : PIL in High Court seeking criminal action in Hema Committee Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here