Advertisement

ഉരുൾപൊട്ടലിൽ സ്‌കൂട്ടർ നഷ്ടമായ ഉണ്ണിക്കൃഷ്ണൻ മാഷിന് പുതിയ സ്കൂട്ടർ നൽകി യൂത്ത് ലീഗ്

September 1, 2024
2 minutes Read

വെള്ളാർമല സ്കൂൾ അധ്യാപകൻ വി. ഉണ്ണിക്കൃഷ്ണന് ഉരുൾപൊട്ടലിൽ നഷ്ടമായ സ്കൂട്ടറിനു പകരം പുതിയ സ്കൂട്ടർ നൽകി മുസ്‌ലിം യൂത്ത് ലീഗ്. വെള്ളാർമല സ്കൂളിന്റെ പുനർജനിക്കും ജീവൻ ബാക്കിവന്ന കുട്ടികളുടെ അതിജീവനത്തിനും കഠിനാധ്വാനം ചെയ്യുകയാണു ഉണ്ണിമാഷും സഹപ്രവർത്തകരുമിപ്പോൾ. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പി.കെ. ഫിറോസ് സ്കൂട്ടർ കൈമാറി. പി കെ ഫിറോസ് തന്നെയാണ് വിഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്.

”തന്റെ സ്കൂളിലെ 32 കുട്ടികൾ ഒറ്റ രാത്രിയിൽ ഇല്ലാതായിപോയതറിഞ്ഞ് പൊട്ടിക്കരഞ്ഞ ഉണ്ണി മാഷെ നമ്മളെല്ലാവരും കണ്ടതാണ്. എന്നാലിപ്പോൾ തന്റെ സ്കൂളിനെയും ജീവൻ ബാക്കിയായ കുട്ടികളെയും മുന്നോട്ട് നടത്താൻ കഠിനാധ്വാനം ചെയ്യുകയാണ് മാഷും സഹപ്രവർത്തകരും. പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കുട്ടികളെ പോയി കാണാനും സംസാരിക്കാനും യാത്ര ചെയ്യാൻ ഒരു സ്കൂട്ടർ കിട്ടിയാൽ തരക്കേടില്ല എന്ന ആഗ്രഹം മാഷ് യൂത്ത് ലീഗ് പ്രവർത്തകരോട് പങ്ക് വെച്ചിരുന്നു. ഇന്ന് ആ ആഗ്രഹം പാർട്ടി സഫലീകരിച്ചു. കൂടാതെ രണ്ട് ജീപ്പും ഇന്ന് കൈമാറി. സ്കൂട്ടറിന്റെ താക്കോൽ വാങ്ങിയപ്പോൾ മാഷ് പുഞ്ചിരിച്ചു. ഒരു സ്കൂട്ടർ കിട്ടിയത് കൊണ്ടുള്ള ചിരി ആയിരുന്നില്ല അത്. ഒരു നാടിനെ വീണ്ടെടുക്കാൻ ഓരോ ചുവടിലും നമ്മൾ കൂടെ ഉണ്ടെന്നുള്ളതിന്റെ സന്തോഷമാണത്. ഉണ്ണി മാഷിന്റെ പുഞ്ചിരി ഇനി കുട്ടികളുടേത് കൂടിയാവട്ടെ”…- പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു

കഴിഞ്ഞ 17 വർഷമായി വെള്ളാർമല ജിവിഎച്ച്എസ്എസിൽ സേവനമനുഷ്ഠിക്കുന്ന ആലപ്പുഴ സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ ചൂരൽമലയിൽ വാടകകെട്ടിടത്തിലായിരുന്നു താമസം. ഉരുൾപൊട്ടലിൽ സ്കൂട്ടർ ഒലിച്ചുപോയി. ഏറെ സ്നേഹിച്ച കുട്ടികളും നന്മനിറഞ്ഞ നാടും ഒരു രാത്രിയിൽ ഇല്ലാതായതിന്റെ ദുഃഖവും ഞെട്ടലും ഇനിയും വിട്ടുമാറിയിട്ടില്ല അദ്ദേഹത്തിന്.

Story Highlights : New Scooter For Unnimash Wayanad Landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top