Advertisement

ആരാണ് കെജ്രിവാളിന്റെ ‘സ്വന്തം പയ്യന്‍’ മലയാളി, 23 മാസം കസ്റ്റഡിയില്‍ കിടന്ന്, ഇന്ന് ജാമ്യം ലഭിച്ച വിജയ് നായര്‍

September 2, 2024
2 minutes Read
vijay nair

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന ആം ആദ്മി പാര്‍ട്ടി കമ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് വിജയ് നായര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഇതോടെ 23 മാസം ജയിലില്‍ കിടന്ന കെജ്രിവാളിന്റെ സ്വന്തം പയ്യന്‍, മലയാളിയായ വിജയ് നായര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. മദ്യനയ കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ 15 പേരില്‍ ഒരാളാണ് ഈ മലയാളി. ആരാണിയാള്‍? ഡല്‍ഹി മദ്യ നയക്കേസില്‍ ഇയാള്‍ക്കുള്ള പങ്കെന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് നിലവില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

ഡല്‍ഹി മുഖ്യമന്ത്രിയുടെ വീടിന് സമീപമുള്ള വീട്ടിലെ താമസം മുതല്‍ മൈ ബോയ് എന്ന വിളി വരെ ഈ മലയാളിപ്പയ്യനുമായുള്ള കെജ്രിവാളിന്റെ ബന്ധത്തെ സൂചിപ്പിക്കുന്ന ഒട്ടനവധി സൂചനകളുണ്ട്. ഡല്‍ഹി സര്‍ക്കാരിലെ മന്ത്രി കൈലാഷ് ഗഹ്ലോട്ടിന് നല്‍കിയ വീട്ടിലാണ് വിജയ് നായര്‍ താമസിച്ചിരുന്നത്. ഈ വീട് വിജയ് നായര്‍ക്ക് നല്‍കിയതും ഡല്‍ഹി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണെന്നാണ് ഇ.ഡി ഭാഷ്യം. മൈ ബോയ് എന്നാണ് കെജ്രിവാള്‍ ഇയാളെ ഒരു വീഡിയോ കോളില്‍ വിളിച്ചതെന്ന് ഇഡി തന്നെ വ്യക്തമാക്കിയിരുന്നു.

Read Also: മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് ആശ്വാസമില്ല, ഇടക്കാല ജാമ്യം ഇല്ല

2020ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പോട് കൂടിയാണ് ആം ആദ്മിയോടുള്ള വിജയ് നായരുടെ അടുപ്പം വെളിവാകുന്നത്. അതിന് മുന്‍പ് വിനോദ, ഇവന്റ്മാനേജ്‌മെന്റ് കമ്പനിയായ ഒണ്‍ലി മച്ച് ലൗഡറിന്റെ (ഒഎംഎല്‍) സിഇഒ ആയിരുന്നു അദ്ദേഹം. മുംബൈയിലെ തന്നെ സിഡന്‍ഹാം കോളജില്‍ നിന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് വിജയ് നായര്‍ ഒഎംഎല്‍ ആരംഭിച്ചത്. ലൈവ് മ്യൂസിക്ക് ഷോകള്‍, മറ്റ് ഫെസ്റ്റിവലുകള്‍, ഇവന്റ് മാനേജ്‌മെന്റ്, എന്നിവ നടത്തിയിരുന്ന കമ്പനിയാണ് ഒഎംഎല്‍. എന്‍എച്ച്7 വീക്കന്‍ഡര്‍, ദ ഇന്‍വേഷന്‍ എന്നിങ്ങനെ നിരവധി സംഗീത നിശകള്‍ അദ്ദേഹത്തിന്റെ കമ്പനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈസ്റ്റ് ഇന്ത്യ കോമഡി പോലുള്ള കോമഡി ഗ്രൂപ്പുകളുമായുള്‍പ്പടെ ശക്തമായ ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2014ല്‍ 10 ദശലക്ഷമായിരുന്നു വിജയുടെ കമ്പനിയുടെ ആസ്തി. 2016ല്‍ ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള 40 വയസില്‍ താഴെയുള്ള 40 യുവാക്കളുടെ പട്ടികയില്‍ ഇദ്ദേഹം ഇടം നേടിയിട്ടുണ്ട്.

വളരെ വര്‍ണാഭവും ആഡംഭര പൂര്‍ണവുമായ ബിസിനസ് ലോകത്തു നിന്നാണ് ആം ആദ്മിയുടെ ഭരണസിരാ രംഗത്തേക്ക് ഇദ്ദേഹം എത്തിയത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ള അദ്ദേഹത്തിന്റെ ഈ ബന്ധം ആം ആദ്മി പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് ആയി സ്ഥാനമേറ്റെടുത്ത ശേഷം ഏറെ ഗുണം ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടിയുള്ള ധനസമാഹരണ പരിപാടികളില്‍ അദ്ദേഹം സെലിബ്രിറ്റികളുടെ സാന്നിധ്യം ഉറപ്പിച്ചു.

ദ കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 2018ലെ മീ ടൂ മൂവ്‌മെന്റിനിടെ വിജയ് നായര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ, ഒഎംഎല്‍ സിഇഒ ആയിരുന്ന കാലത്ത് ലൈംഗിക പീഡനം, ലൈംഗികത, സ്ത്രീവിരുദ്ധത എന്നിവ നിലനിര്‍ത്തുന്ന ഒരു അന്തരീക്ഷം വളര്‍ത്തിയെടുത്തതായും അദ്ദേഹത്തിനെതിരെ പരാതിയുണ്ട്.

വിജയ് മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട മറ്റ് പ്രതികളുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതിന് കാരണം കെജ്‌രിവാള്‍ വ്യക്തമാക്കിയിട്ടില്ലെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടി. ഇതിനും മറ്റ് ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നതില്‍ നിന്ന് കെജ്‌രിവാള്‍ ഒഴിഞ്ഞുമാറിയതായി ഇഡി വ്യക്തമാക്കിയിരുന്നു. എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകളില്‍ സജീവമായി ഇടപെട്ടിരുന്നു എന്നാണ് സിബിഐ പറയുന്നത്. വിജയ് മദ്യക്കമ്പനി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും ആരോപണമുണ്ട്.

2022 നവംബര്‍ 13നാണ് വിജയ് നായര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. 23 മാസങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചിതനാകുന്നത്. ജസ്റ്റിസ് എസ് വി എന്‍ ഭട്ടി, ഹൃഷികേശ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

Story Highlights : Delhi liquor policy case: Supreme Court grants bail to AAP’s former office-bearer Vijay Nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top