Advertisement

ബ്രാഹ്മണ കുടുംബത്തിൽ ജനനം, രാകിതെളിഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ; യെച്ചൂരി യാത്രയാകുമ്പോൾ

September 12, 2024
2 minutes Read
sitharam yechoori

മൂർച്ചയേറിയ വിമർശനങ്ങൾക്ക് പോലും പക്വതയുടെ ഭാഷയാണ് സീതാറാം യെച്ചൂരി സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം. ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങൾക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ദാർശനിക വ്യക്തതയോടെ നിർവഹിച്ച നേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടിൽ സമര പോരാട്ടങ്ങളിലൂടെ സ്‌ഫുടം ചെയ്‌തെടുത്ത രാഷ്ട്രീയ പ്രവർത്തകൻ.

‘ഐക്യത്തോടെ മാറ്റം ഉൾകൊണ്ട് മുന്നോട്ട്’ എന്നതായിരുന്നു ജനറൽ സെക്രട്ടറി ആയപ്പോൾ സീതാറാം യെച്ചൂരിയുടെ ആദ്യവാക്ക്. ഉയർന്നുവരുന്ന ഓരോ മൂർദ്ധ സാഹചര്യത്തെയും ഇളകാതെ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും നേരിട്ടു സീതാറാം യെച്ചൂരി.

വൈദേഹി ബ്രാഹ്മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ആഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനനം. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരി എന്ന് മാത്രം മതിയെന്ന് തീരുമാനിച്ചു. ആന്ധ്ര റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്ന അച്ഛന്റെ സ്ഥലംമാറ്റങ്ങൾക്കൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി.

യെച്ചൂരി ഹൈദരാബാദിലെ നൈസാം കോളജിൽ ഒന്നാം വർഷ പിയുസിക്ക് പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത് (1967-68). ഒരു വർഷത്തെ പഠനം പ്രക്ഷോഭത്തിൽ മുങ്ങിപോയി. പിന്നാലെ തന്നെയായിരുന്നു അച്ഛന്റെ ഡൽഹിയിലേക്കുള്ള സ്ഥലംമാറ്റം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ സാമ്പത്തികശാസ്ത്ര ബിരുദത്തിനും നല്ല മാർക്ക് ലഭിച്ചു. സ്റ്റീഫൻസിൽനിന്ന് ബിഎ ഇക്കണോമിക്സിൽ ഒന്നാം ക്ലാസുമായാണ് യെച്ചൂരി ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിലേക്കു പോകുന്നത്. അമർത്യ സെന്നിന്റെയും കെഎൻരാജിന്റെയുമൊക്കെ കേന്ദ്രത്തിലേക്ക്. അവിടുത്തെ പഠനം മടുത്തപ്പോഴാണ് ജെഎൻയുവിൽ അപേക്ഷിക്കുന്നത്. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തിൽ യെച്ചൂരി സജീവമാകുന്നത്.

Read Also: വിപ്ലവ സൂര്യന് വിട; സീതാറാം യെച്ചൂരി അന്തരിച്ചു

ജെഎൻയുവിൽ വിദ്യാർത്ഥിയായിരിക്കെയാണ് പ്രകാശ് കാരാട്ടിനെ പരിചയപ്പെടുന്നത്. കാരാട്ടിനായി വോട്ടുപിടിക്കാനായിരുന്നു യെച്ചൂരിയുടെ ആദ്യ രാഷ്ട്രീയ പ്രസംഗം. കാരാട്ടിനെ ജെഎൻയു സർവകലാശാലാ യൂണിയൻ അധ്യക്ഷനായി ജയിപ്പിച്ചശേഷമാണു യെച്ചൂരി എസ്എഫ്ഐയിൽ ചേർന്നത്. 1978ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. പിന്നീടങ്ങോട്ട് ഇരുവരും ഉറ്റസുഹൃത്തുക്കളായി മാറി.

സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് യെച്ചൂരി തിരഞ്ഞെടുക്കപ്പെടുന്നതും പ്രകാശ് കാരാട്ടിനൊപ്പമാണ്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്രത്തിൽ സിപിഎം നിർണായക ശക്തിയായിരുന്ന സമയം യെച്ചൂരി-കാരാട്ട് ധ്രുവമാണ് പാർട്ടിയെ നയിച്ചത്. ഒടുവിൽ പ്രകാശ് കാരാട്ടിന്റെ പിൻഗാമിയായി 2015 ഏപ്രിൽ 19ന് വിശാഖപട്ടണത്ത് നടന്ന പാർട്ടി കോൺഗ്രസിൽ യെച്ചൂരി ജനറൽ സെക്രട്ടറി പദത്തിലും എത്തിചേർന്നു.

ഡല്‍ഹികേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തിയതും വളര്‍ത്തിക്കൊണ്ടുവന്നതും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവായ ബസവ പുന്നയ്യയായിരുന്നു. യെച്ചൂരിയെ സിപിഎം കേന്ദ്രനേതൃത്വത്തിലേക്കു കൈപിടിച്ചുയര്‍ത്തിയാവട്ടെ, സാക്ഷാല്‍ ഇഎംഎസ്സും.

ജെഎന്‍യു കാലമാണ് യെച്ചൂരിയിലെ രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയത്. പടിപടിയായി ഉയര്‍ന്ന് രാജ്യം ശ്രദ്ധിക്കുന്ന ശബ്ദമായും മികച്ച പാര്‍ലമെന്റേറിയനായും പേരെടുത്തു. 2015 ലാണ് പാര്‍ട്ടിയുടെ അമരത്തെത്തുന്നത്‌. 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും പാര്‍ട്ടി തിരഞ്ഞെടുത്തത്. 1992 മുതല്‍ പിബി അംഗമാണ്. 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. കമ്യൂണിസ്റ്റ് ധാരയിലെ പ്രായോഗികവാദിയായി വിലയിരുത്തപ്പെടുന്ന യെച്ചൂരിയായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരില്‍ പലപ്പോഴും കോണ്‍ഗ്രസും-സിപിഎമ്മുമായുള്ള പാലമായി പ്രവര്‍ത്തിച്ചത്‌.

യെച്ചൂരി യാത്രയാകുമ്പോൾ ഇടതുപക്ഷ മതേതര ഐക്യത്തിന് വേണ്ടി നിരന്തരം വാദിച്ചിരുന്ന, അതിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയിരുന്ന നേതാവിനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നഷ്ടമാകുന്നത്.

Story Highlights : Born in a Brahmin family, Yechury was an avowed communist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top