‘രാജി വച്ചത് അഴിമതി ആരോപണങ്ങളില്‍ വേദനിച്ച്, സമ്പാദിച്ചത് ബഹുമാനം മാത്രം’: അരവിന്ദ് കെജ്‌രിവാള്‍

പ്രതിപക്ഷവും കേന്ദ്ര ഏജന്‍സികളും തനിക്കെതിരെ നടത്തിയ അഴിമതി ആരോപണങ്ങളില്‍ വേദനിച്ചാണ് രാജി വച്ചതെന്ന് അരവിന്ദ് കെജ്‌രിവാള്‍.
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന ‘ജനതാ കി അദാലത്ത്’ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സത്യസന്ധതയെ കടന്നാക്രമിക്കുകയും ആം ആദ്മി പാര്‍ട്ടി നേതാക്കളെ ജയിലില്‍ അടയ്ക്കുകയും ചെയ്തുവെന്ന് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
അഴിമതിയാരോപണങ്ങളില്‍ വേദനിച്ചാണ് രാജിവെച്ചത്. ഞാന്‍ സമ്പാദിച്ചത് ബഹുമാനം മാത്രമാണ്, പണമല്ല – കെജ്‌രിവാള്‍ പറഞ്ഞു. അഴിമതി നടത്താനോ പണം സമ്പാദിക്കാനോ അല്ല താന്‍ രാജിവെച്ചതെന്നും രാജ്യത്തിന്റെ രാഷ്ട്രീയം മാറ്റാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 10 വര്‍ഷമായി സത്യസന്ധമായി ഞങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ട് പോകുന്നു. വെള്ളവും വൈദ്യുതിയും ജനങ്ങള്‍ക്കുള്ള ചികിത്സയും സൗജന്യമാക്കി. വിദ്യാഭ്യാസം മികവുറ്റതാക്കി. വിജയിക്കണമെങ്കില്‍ ഞങ്ങളുടെ സത്യസന്ധതയെ ആക്രമിക്കണമെന്ന് മോദി ചിന്തിക്കാന്‍ തുടങ്ങി. പിന്നീട് കെജ്‌രിവാളും സിസോദിയയും ആം ആദ്മി പാര്‍ട്ടിയുമെല്ലാം സത്യസന്ധരല്ലെന്ന് തെളിയിക്കാനും എല്ലാ നേതാക്കളെയും ജയിലിലടയ്ക്കാനും ഗൂഢാലോചന നടത്തി -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഏതാനും ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രിയുടെ വസതി ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ദില്ലിയില്‍ സ്വന്തമായി ഒരു വീട് പോലും ഇല്ലെന്നും ജനങ്ങളുടെ ആശിര്‍വാദം മാത്രമാണ് ഏക സമ്പാദ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഡല്‍ഹി ഇനി അതിഷി നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്നത് ന്യായമാണോ എന്ന് ആര്‍എസ്എസ് വ്യക്തമാക്കണമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഇത് തെറ്റെങ്കില്‍ നിര്‍ത്താന്‍ ആവശ്യപ്പെടുമോ എന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനോട് കെജ്രിവാള്‍ ചോദിച്ചു. 75 വയസ് മാനദന്ധം വെച്ച് അദ്വാനി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി. അതേസമയം, മോദി തുടരുമെന്ന് അമിത് ഷാ പറയുന്നു. അപ്പോള്‍ ആ മാനദണ്ഡം മാറ്റുന്നതിനെ ചോദ്യം ചെയ്യുമോ എന്നും ആര്‍എസ്എസ് തലവന്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Arvind Kejriwal said he resigned because he was hurt by the corruption allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here