Advertisement

‘പാർട്ടിയെ ദുർബലപ്പെടുത്തരുത്, പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണം’; പി.വി അൻവറിനെതിരെ സിപിഐഎം

September 22, 2024
1 minute Read

പി വി അൻവറിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.പി വി അൻവറിന്റെ ആരോപണങ്ങൾ പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്നുവെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. പിവി അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

സിപിഐഎം പ്രസ്താവനയുടെ പൂർണ്ണ രൂപം

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്‌. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്‌.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്‌. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട്‌ പാര്‍ടിക്ക്‌ യോജിക്കാന്‍ കഴിയുന്നതല്ല.

പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു.

Story Highlights : CPIM state secretariat against P V Anwar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top