സത്യൻ അന്തിക്കാടിന്റെ ‘ഹൃദയപൂർവ്വ’ത്തിൽ മോഹൻലാലിന്റെ നായികയായി ഐശ്വര്യലക്ഷ്മി; ഒപ്പം ‘ചിന്താവിഷ്ടയായ ശ്യാമള’യും

മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി എത്തും. സംവിധായകൻ സത്യൻ അന്തിക്കാട് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്.
ഐശ്വര്യ ലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂർവ്വം’ സത്യൻ അന്തിക്കാട് കുറിച്ചു.
സത്യൻ അന്തിക്കാടിന്റെ കുറിപ്പ്
‘ഹൃദയപൂർവ്വം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്. ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂർവ്വം’. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഹൃദയപൂർവ്വം’ ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും.
സാധാരണ ഷൂട്ടിംഗ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവ് തെറ്റിച്ചിരിക്കുകയാണ് ചിത്രം. ഷൂട്ടിങ്ങിന് മുമ്പേ തന്നെ ‘ഹൃദയപൂർവ്വം’ എന്ന പേര് ചിത്രത്തിനിട്ടിരുന്നു. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളൂവെന്നും കഥയ്ക്ക് മുമ്പ് പേര് കിട്ടിയ ചിത്രമായിരുന്നു മോഹൻലാലിൻറെ ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് എന്നും സത്യൻ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു. വളരെ രസകരമായ ഒരു കഥ തന്റെ മനസ്സിൽ രൂപപ്പെട്ടു കഴിഞ്ഞപ്പോൾ അത് ചിത്രമാകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകൻ വ്യക്തമാക്കി.
Read Also: നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന്
ശ്രീനിവാസൻ ചിത്രം ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സംഗീതയും ഹൃദയപൂർവ്വത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുമ്പ് മോഹൻലാലിനൊപ്പം നാടോടി എന്ന സിനിമയിലാണ് സംഗീത അഭിനയിച്ചിട്ടുള്ളത്. ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്നാണ് അണിയറക്കാർ നൽകുന്ന സൂചന.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ സംഭാഷണങ്ങൾ എഴുതുന്നത് “നൈറ്റ് കോൾ” എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സോനു ടി പിയാണ്. ‘സൂഫിയും സുജാതയും’, ‘അതിരൻ’ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം പ്രശാന്ത് മാധവ്.
Story Highlights : Director Sathyan Anthikad new movie hridhayapoorvam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here