ARM സിനിമ ചിത്രീകരിച്ചതിന് പ്രതികൾക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ; സിനിമ ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുന്നത് മാളുകൾ

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജപതിപ്പ് ചിത്രീകരിച്ചതിന് പ്രതികൾക്ക് ഒരു ലക്ഷം രൂപ ലഭിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. കോയമ്പത്തൂരിലെ തിയേറ്ററിൽ നിന്നുമാണ് ചിത്രം പകർത്തിയത്. ഐഫോൺ 14 ഉപയോഗിച്ചാണ് സിനിമ റെക്കോർഡ് ചെയ്തത്. തമിഴ് എംവി എന്ന ടെലഗ്രാം ഐഡി വഴിയാണ് സിനിമ പ്രചരിപ്പിച്ചത്. റിമാൻഡ് റിപ്പോർട്ടിലാണ് വിശദാംശങ്ങൾ ഉള്ളത്.
കേസിൽ മൂന്നാമത്തെ പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതം എന്ന് പോലീസ് അറിയിച്ചു. പ്രതികൾ ഇതുവരെ 32 സിനിമകൾ പകർത്തി വില്പന നടത്തി. സിനിമ ചിത്രീകരണത്തിനായി മാളുകളാണ് തിരഞ്ഞെടുക്കുന്നത്. റിക്ലെയിനർ സീറ്റുകൾ ഉള്ള മാളുകളിൽ പുതപ്പുകൾ കൂടി ലഭിക്കും. ഈ പുതപ്പുകളിലാണ് ക്യാമറയും മൈക്കും സെറ്റ് ചെയ്താണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
Read Also: റിക്ലെയിനർ സീറ്റിൽ പുതപ്പിൽ ഒളിപ്പിച്ച ക്യാമറ, സിനിമ വ്യാജപതിപ്പുകൾക്ക് പിന്നിലെ തന്ത്രങ്ങൾ
ഒരേസമയം അഞ്ച് പേരാണ് തിയേറ്ററിൽ ഒരുമിച്ച് എത്തുന്നത്. മധ്യനിരയിലെ സീറ്റുകളാണ് ഒരുമിച്ച് ബുക്ക് ചെയ്യുന്നത്. റെക്കോർഡ് ചെയ്യുന്ന ആൾക്ക് സംരക്ഷണം നൽകുന്നതിനാണ് മറ്റു നാലു ആളുകൾ എത്തുന്നത്. റിലീസ് ദിവസം തന്നെ സിനിമകൾ പകർത്തുന്നതാണ് ഇവരുടെ രീതി. രജനികാന്തിന്റെ സിനിമയും പകർത്തിയത് റിലീസ് ദിവസം തന്നെയായിരുന്നു. കേസിൽ സത്യമംഗലം സ്വദേശികളായ കുമരേശ്വർ, പ്രവീൺകുമാർ എന്നിവരാണ് അറസ്റ്റിലായിരുന്നത്.
റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ARM വ്യാജപതിപ്പ് ടെലഗ്രാമിൽ എത്തിയത്. പിന്നാലെ സംവിധായകൻ ജിതിൻ ലാൽ കൊച്ചി സൈബർ പൊലീസിൽ പരാതി നല്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ചിത്രം പകർത്തിയത് കോയമ്പത്തൂരിലെ തീയറ്ററിൽ നിന്നാണ് എന്ന് കണ്ടെത്തിയത്. സിനിമക്കായി ടിക്കറ്റ് ബുക്ക് ചെയ്തത് കശ്മീരിൽ നിന്നായിരുന്നു. വ്യാജപതിപ്പുകൾ തടയാൻ സർക്കാർ ഇടപെടൽ വേണമെന്നാണ് സിനിമ പ്രവർത്തകരുടെ ആവശ്യം.
Story Highlights : Accused got Rs 1 lakh for filming ARM movie in theater
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here