Advertisement

‘ഒറ്റപ്പാലത്ത് സീറ്റ് തന്നത് മികച്ചവരും മിടുക്കരും അവിടെ ഇല്ലാത്തത് കൊണ്ടല്ല’ ; പി സരിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

October 16, 2024
1 minute Read
janeesh

പി സരിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഒ ജെ ജനീഷ്. ഒറ്റപ്പാലത്ത് സീറ്റ് തന്നത് മികച്ചവരും മിടുക്കരും അവിടെ ഇല്ലാത്തത് കൊണ്ടല്ലെന്ന് ജനീഷ് പറഞ്ഞു. അതൊരു തോന്നിവാസം ആണെന്ന് അവിടെ ആരും വിളിച്ചു കൂവാതിരുന്നത് സംഘടനാ ബോധം കൊണ്ടാണെവന്നും സിവില്‍ സര്‍വീസ് പശ്ചാത്തലം കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന് ഉള്ള സംഘടന ബിരുദത്തേക്കാള്‍ വലിയ പദവി അല്ലെന്നും വിമര്‍ശിച്ചു.

Read Also: പാലക്കാട് കോൺഗ്രസ് പൊട്ടിത്തെറിക്കാൻ പോകുന്നു, ബാക്കി കാര്യങ്ങൾ വഴിയേ പറയാം; മന്ത്രി എം ബി രാജേഷ്

രാഷ്ട്രീയത്തിലെ പ്രൊഫഷണല്‍ സമീപനക്കാര്‍ പോസ്റ്ററും, നോട്ടീസും കൊണ്ട് വീട് കയറി ഇറങ്ങുന്ന പ്രവര്‍ത്തകരെ ഓര്‍ത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ ഒരു ത്യാഗം അല്ല, പക്ഷേ അത് അത്ര സുഖവും അല്ലെന്നും മറുപടിയുണ്ട്. സരിന്‍ വാര്‍ത്താസമ്മേളനം നടക്കുമ്പോള്‍ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ സമരത്തിലാണെന്നും ഓര്‍മ്മപ്പെടുത്തലുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു വിമര്‍ശനം.

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു ഉപ തിരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ നിമിഷങ്ങളിലേക്ക് പാര്‍ട്ടിയും പ്രവര്‍ത്തകരും കടക്കുന്ന സമയത്ത് പരസ്യമായ പ്രതികരണങ്ങള്‍ നല്ല സംഘടന ബോധ്യം അല്ല. ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ അത് അംഗീകരിക്കുക എന്നുള്ളത് സാധാരണ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഉത്തരവാദിത്വമാണ്. ഉന്നതമായ ബിരുദവും, സിവില്‍ സര്‍വീസ് പശ്ചാത്തലവും ഒക്കെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന് ഉള്ള സംഘടന ബിരുദത്തേക്കാള്‍ വലിയ പദവി അല്ല. ആകെ ഉള്ള 8 വര്‍ഷത്തിന് ഇടയില്‍ ഒരു നിയമസഭ തിരഞ്ഞെടുപ്പില്‍ കൈ പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ഒറ്റപ്പാലത്ത് അവസരം ഈ പാര്‍ട്ടി കൊടുക്കുമ്പോഴും മികച്ചവരും മിടുക്കരും അവിടെ ഇല്ലാത്തത് കൊണ്ട് ആയിരുന്നില്ല. കൈ വന്ന അവസരത്തില്‍ അങ്ങനെ ഉള്ള കാര്യങ്ങള്‍ സരിന്‍ ഓര്‍ത്തിട്ടില്ല. അതൊരു തോന്നിവാസം ആണെന്ന് അവിടെ ആരും വിളിച്ചു കൂവിയില്ല , തീരുമാനം ആരെടുത്തു എന്ന് ചോദിച്ചില്ല, ചര്‍ച്ച ഞങ്ങള്‍ അറിഞ്ഞില്ല എന്ന് കലഹിച്ചും ഇല്ല, മറിച്ച് കൈപ്പത്തി ചിഹ്നവും താങ്കളെയും ഏറ്റെടുത്തു, അതാണ് സംഘടന ബോധ്യം.

ആയിരങ്ങള്‍ ഒന്നുമാവാതെ നടന്ന് ചെരുപ്പ് തേഞ്ഞും, വെട്ടി വിയര്‍ത്ത് പണി എടുത്തും, തെരുവില്‍ സമരം ചെയ്തും, തല്ലു കൊണ്ടും, ജയിലില്‍ പോയും ആണ് ഈ കൊടി പിടിച്ചു നടക്കുന്നത്. അതൊരു ആശയത്തിന്റെ നിലനില്‍പ്പിനു വേണ്ടിയിട്ടാണ്. പാര്‍ലമെന്ററി സ്ഥാനങ്ങളെല്ലാം അതിനിടയില്‍ വന്നുചേരുന്നതാണ്. അത്തരം അവസരം ലഭിച്ച ആള്‍ കൂടിയാണ് താങ്കള്‍.

രാഷ്ട്രീയത്തിലെ പ്രൊഫഷണല്‍ സമീപനക്കാര്‍ പോസ്റ്ററും, നോട്ടീസും കൊണ്ട് വീട് കയറി ഇറങ്ങുന്ന പ്രവര്ത്തകരെ ഓര്‍ത്താല്‍ മതി, മക്കള്‍ക്ക് ഒരു അഡ്മിഷന്‍ പോലും രാഷ്ട്രീയത്തിന്റെ ഭാഗമായി കിട്ടിക്കാണില്ല എങ്കിലും ഈ പ്രസ്ഥാനത്തിനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ മൈദ കുറുക്കുന്നവര്‍, കൊടി പിടിക്കുന്നവര്‍ അങ്ങനെ കൊറേ പേര് ഇല്ലെ അവസരങ്ങള്‍ കിട്ടാതെ പോകുന്ന പ്രവര്‍ത്തകര്‍. അവരെക്കാള്‍ വലുതല്ലല്ലോ നിങ്ങള് ആരും.
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ പാലക്കാട് മത്സരിക്കാന്‍, ആ സീറ്റ് നില നിലനിര്‍ത്താന്‍ മികച്ച സ്ഥാനാര്‍ത്ഥി തന്നെയാണ്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ച അംഗീകാരം തന്നെയാണ് ഈ സ്ഥാനാര്‍ത്ഥിത്വം. ജയില്‍ ഒരു ത്യാഗം അല്ല, പക്ഷേ അത് അത്ര സുഖവും അല്ല. താങ്കളുടെ പത്ര സമ്മേളനം നടക്കുമ്പോഴും കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സമരം നടത്തുകയാണ്, അവര്‍ ചിലപ്പോള്‍ ജയിലിലും ആകും, അവര്‍ക്കെല്ലാം ലഭിക്കുന്ന അംഗീകാരം തന്നെയാണ് സംസ്ഥാന പ്രസിഡന്റിന്റെ സ്ഥാനാര്‍ത്ഥിത്വം.
വിജയം സുനിശ്ചിതം.

Story Highlights : OJ Janeesh against P Sarin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top