Advertisement

പാര്‍ട്ടി തീരുമാനത്തെ മാറ്റാനുള്ള വലുപ്പം ഒന്നും എനിക്കില്ല, എന്റെയോ സരിന്റെയോ ഭീഷണിക്ക് വഴങ്ങുന്ന പാര്‍ട്ടിയല്ല ഇത്: ഷാഫി പറമ്പില്‍

October 17, 2024
2 minutes Read
shafi parambil replay to p sarin's allegations

കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പില്‍ എംപിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലുമെന്ന പി സരിന്റെ ആരോപണത്തിന് മറുപടിയുമായി ഷാഫി പറമ്പില്‍. കോണ്‍ഗ്രസ് തീരുമാനത്തെ മാറ്റാനുള്ള വലുപ്പം ഒന്നും തനിക്കില്ലെന്നും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആരുടേയും ഭീഷണിക്ക് വഴങ്ങുന്ന ഒരു പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. അത് ഷാഫിയുടേത് ആയാലും സരിന്റെയായാലും ഭീഷണിക്ക് അടിപ്പെടില്ലെന്നും പാലക്കാട്ടെ ജനങ്ങളുടെ തീരുമാനത്തെയാണ് മാനിച്ചതെന്നും ഷാഫി പറഞ്ഞു. ഇതുവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ താന്‍ പിന്തുണക്കാതിരുന്നിട്ടുണ്ടോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ( shafi parambil replay to p sarin’s allegations)

ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റെന്ന ആരോപണത്തിനും ഷാഫി പറമ്പില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറുപടി പറഞ്ഞു. ആ ഒരൊറ്റ ആരോപണത്തില്‍ തന്നെ എല്ലാ ഗ്യാസും തീര്‍ന്നില്ലേ എന്നും ശക്തനായ യുവജന നേതാവിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിര്‍ത്തുന്നത് ജയിക്കാന്‍ വേണ്ടിയല്ലെങ്കില്‍ പിന്നെയെന്തിനാണെന്നും ഷാഫി ചോദിച്ചു. വടകരയിലെ അതേ ഡീല്‍ തന്നെ പാലക്കാടുമുണ്ട്. സിപിഐഎമ്മിനേയും ബിജെപിയേയും തോല്‍പ്പിക്കുകയാണ് ആ ഡീലെന്നും ഷാഫി പറഞ്ഞു. താന്‍ അവസാനം വിജയിച്ചതിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ തന്നെ അഞ്ചക്ക ഭൂരിപക്ഷത്തില്‍ തന്നെ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Read Also: നാടാകെ വിതുമ്പി മലയാലപ്പുഴയില്‍ നവീന് യാത്രയയപ്പ്; നവീന്‍ ബാബു ഇനി കണ്ണീരോര്‍മ

പാലക്കാട് രാഹുലിനെ വിജയിപ്പിക്കാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി എല്ലാവരും വന്നില്ലേയെന്നും പരിപാടികളിലെ ജനപിന്തുണ കാണുന്നില്ലേയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ജനങ്ങള്‍ക്ക് വേണ്ട സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഊഹാപോഹത്തിന് മറുപടി പറയാനില്ലെന്നായിരുന്നു ഷാഫി പറമ്പിലിന്റെ മറുപടി.

Story Highlights : shafi parambil replay to p sarin’s allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top