Advertisement

മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ല

October 30, 2024
1 minute Read
mayor

മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കക്കേസില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ല. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു.

പ്രതികളായ മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ദേവ് എംഎല്‍എ എന്നിവരില്‍ നിന്നും സ്വാധീനം ഉണ്ടാകാന്‍ പാടില്ല. ശാസ്തീയമായ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കണം, അത് കോടതിയില്‍ ഹാജരാക്കണം. അന്വേഷണം വസ്തുനിഷ്ഠവും സത്യസന്ധവുമാകണം. അന്വേഷണത്തില്‍ കാലതാമസവും പാടില്ല – തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ട് വച്ചത്. തുടര്‍ന്ന് കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയല്ലേയെന്ന് യദുവിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. യദുവിന്റെ അഭിഭാഷകര്‍ ഇക്കാര്യം അംഗീകരിച്ചതോടെ ഹര്‍ജി തീര്‍പ്പാക്കി.

പൊലീസിന്റെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയെന്ന് ഡ്രൈവര്‍ യദു പ്രതികരിച്ചു. മെമ്മറി കാര്‍ഡ് എടുത്തു കൊണ്ടുപോയത് ആരാണെന്ന് വ്യക്തമാണെന്നും യദു പറഞ്ഞു. ബസിന്റെ വാതില്‍ തുറന്നു കൊടുത്തത് കണ്ടക്ടറാണെന്നും താന്‍ തുറന്നു കൊടുത്തിട്ടില്ല എന്നാണ് ഓര്‍മയെന്നും യദു വ്യക്തമാക്കി.

ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പൊലീസ് റിപ്പോര്‍ട്ടിന്മേലുള്ള വാദങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. മേയറും എം.എല്‍.എയും അസഭ്യം പറഞ്ഞിട്ടില്ലെന്നും സച്ചിന്‍ ബസില്‍ അതിക്രമിച്ച് കയറിയെന്നതിന് സാക്ഷിമൊഴികളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 14 രേഖകളാണ് റിപ്പോര്‍ട്ടിനൊപ്പം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയോ അടുത്ത അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സമയം നല്‍കുകയോ വേണമെന്നാണ് യദുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഇന്നലെ വാദിച്ചത്.

Story Highlights : Driver Yadu’s petition against mayor dismissed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top